ഇന്ത്യ പാക്കിസ്ഥാനിൽ കളിക്കുന്നില്ല, പിന്നെങ്ങനെ ദേശീയ ഗാനം വന്നു? ഇടഞ്ഞ് പാക്ക് ക്രിക്കറ്റ് ബോര്‍ഡ്

Mail This Article
ലഹോർ∙ ചാംപ്യൻസ് ട്രോഫിയിലെ ഇംഗ്ലണ്ട്– ഓസ്ട്രേലിയ പോരാട്ടത്തിനിടെ ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ഉയർന്നത് ഇന്ത്യയുടെ ദേശീയ ഗാനം. മത്സരത്തിനു മുൻപ് ഇംഗ്ലണ്ടിന്റെ ദേശീയ ഗാനത്തിനു ശേഷം ഓസ്ട്രേലിയയുടെ ദേശീയ ഗാനമായിരുന്നു വരേണ്ടിയിരുന്നത്. എന്നാൽ ഗദ്ദാഫി സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ദേശീയ ഗാനമാണു കേട്ടത്. അബദ്ധം മനസ്സിലായ സംഘാടകർ ഉടൻ ഓസ്ട്രേലിയയുടെ ദേശീയ ഗാനവും ‘പ്ലേ’ ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അബദ്ധത്തിൽ സംഭവിച്ചതാണെങ്കിലും രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം. വിശദീകരണമാവശ്യപ്പെട്ട് പിസിബി ഐസിസിക്ക് കത്തു കൈമാറിയതായും വിവരമുണ്ട്.
‘‘ഇന്ത്യയുടെ ദേശീയ ഗാനം തെറ്റായ സാഹചര്യത്തിൽ മുഴങ്ങിയതിലെ മുഴുവൻ ഉത്തരവാദിത്തവും ഐസിസിക്കാണ്. ഇന്ത്യ പാക്കിസ്ഥാനിൽ കളിക്കുന്നില്ല. പിന്നെങ്ങനെയാണ് അബദ്ധത്തിൽ ആ ദേശീയ ഗാനം തന്നെ പ്ലേ ചെയ്യുന്നത്. ഇതു മനസ്സിലാക്കാൻ കുറച്ചു പ്രയാസമുണ്ട്. ഐസിസി വിശദീകരണം നല്‍കണം.’’– പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വക്താവ് രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു.
സുരക്ഷാ കാരണങ്ങളാൽ ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണു നടക്കുന്നത്. ടൂർണമെന്റിലെ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് തുടങ്ങും. ഫഖർ സമാൻ ഇല്ലാതെയാണ് പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ ഇറങ്ങുന്നത്.