രാഹുൽ ദ്രാവിഡ് എട്ടു പന്തിൽ 10, അൻവയ് ദ്രാവിഡ് 60 പന്തിൽ 58; ക്ലബ്ബ് ക്രിക്കറ്റ് കളിക്കാനിറങ്ങി ഇതിഹാസ താരം

Mail This Article
ബെംഗളൂരു∙ 16 വയസ്സുകാരനായ മകൻ അൻവയ് ദ്രാവിഡിനൊപ്പം ക്ലബ്ബ് ക്രിക്കറ്റ് കളിക്കാനിറങ്ങി മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായ രാഹുൽ ദ്രാവിഡ്. ബെംഗളൂരുവിലെ നാസുർ മെമ്മോറിയല്‍ ഷീൽഡിൽ വിജയ ക്രിക്കറ്റ് ക്ലബ്ബിനു വേണ്ടിയാണ് രാഹുല്‍ ദ്രാവിഡും ജൂനിയർ ദ്രാവിഡും ഒരുമിച്ച് ഇറങ്ങിയത്. അൻവയ് 60 പന്തിൽ 58 റൺസെടുത്തപ്പോൾ ദ്രാവിഡ് എട്ടു പന്തിൽ നേടിയത് 10 റൺസ്.
ആറാമനായാണ് രാഹുൽ ദ്രാവിഡ് ബാറ്റിങ്ങിന് ഇറങ്ങിയത്. 50 പന്തിൽ 107 റൺസെടുത്ത മറ്റൊരു ബാറ്ററായ സ്വപ്നിലാണു ടീമിന്റെ ടോപ് സ്കോറർ. 52 വയസ്സുകാരനായ രാഹുൽ ദ്രാവിഡിന്റെ മൂത്ത മകനായ സമിത് ഇന്ത്യ അണ്ടർ 19 ടീമിൽ ഇടം പിടിച്ചിരുന്നു.
മകനോടൊപ്പം 17 റൺസിന്റെ ബാറ്റിങ് കൂട്ടുകെട്ട് ഉണ്ടാക്കിയ രാഹുൽ ദ്രാവിഡിനെ യങ് ലയൺസ് ബോളറായ എ.ആർ. ഉല്ലാസാണു പുറത്താക്കിയത്. മത്സരത്തിൽ 24 റൺസ് വിജയം നേടിയ വിജയ ക്രിക്കറ്റ് ക്ലബ്ബ്, ടൂർണമെന്റിന്റെ സെമി ഫൈനലിൽ കടന്നു. ഐപിഎല്ലിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ടീമിന്റെ ഹെഡ് കോച്ചാണ് രാഹുൽ ദ്രാവിഡ്.