സ്വപ്നം രണ്ടാം ഇന്നിങ്സ് ! കേരളം–വിദർഭ രഞ്ജി ട്രോഫി ഫൈനൽ 26 മുതൽ; കേരള ടീം ഇന്ന് നാഗ്പുരിലെത്തും

Mail This Article
അഹമ്മദാബാദ് ∙ സ്വപ്നസാഫല്യത്തിന്റെ ഒന്നാം ഇന്നിങ്സിൽ നിന്ന് അതിലും വലിയ സ്വപ്നത്തിന്റെ രണ്ടാം ഇന്നിങ്സിലേക്കു സഞ്ചരിക്കുകയാണ് കേരള ക്രിക്കറ്റ് ടീം. ഗുജറാത്തിനെ തോൽപിച്ച് ഇതാദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഫൈനലിലെത്തിയ ടീമിനു മുന്നിൽ ഇനിയുള്ളത് കേരളത്തിന്റെ ചിരകാല സ്വപ്നം– ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ കിരീടം നേടുക.
വിദർഭയ്ക്കെതിരെ 26നു തുടങ്ങുന്ന ഫൈനലിനുള്ള അവസാന ഒരുക്കങ്ങൾക്കു മുൻപായി ഇന്നലെ വിശ്രമത്തിലായിരുന്നു കേരളം. ഇന്ന് ടീം അഹമ്മദാബാദിൽ നിന്ന് ഫൈനൽ വേദിയായ നാഗ്പുരിലേക്കു തിരിക്കും. സെമിയിൽ ഫീൽഡിങ്ങിനിടെ ഹെൽമറ്റിൽ പന്തു കൊണ്ടതിനെത്തുടർന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട സൽമാൻ നിസാർ പൂർണ ആരോഗ്യവാനാണെന്നും ഫൈനലിൽ കളിക്കുമെന്നും ടീം മാനേജ്മെന്റ് അറിയിച്ചു.
കൈവിട്ടു.., പോയില്ല!
സെമിഫൈനലിൽ ജയ്മീത് പട്ടേലിന്റെ ക്യാച്ച് താൻ കൈവിട്ട നിമിഷം കളി കയ്യിൽ നിന്നു പോയി എന്നാണു കരുതിയതെന്ന് കേരള ക്യാപ്റ്റൻ സച്ചിൻ ബേബി. അതേ ഓവറിൽ തന്നെ ജയ്മീതിന്റെ വിക്കറ്റ് വീഴ്ത്താനായതാണ് നിർണായകമായതെന്നും പിന്നീടു സംഭവിച്ചതെല്ലാം സ്വപ്നം പോലെയാണ് തോന്നുന്നതെന്നും സച്ചിൻ പറഞ്ഞു.‘‘കൈവിട്ടു പോയി എന്ന് കരുതിയിടത്തു നിന്നാണ് അവസാന വിക്കറ്റിൽ ഞങ്ങൾ കാത്തിരുന്ന ആ മാജിക് സംഭവിച്ചത്. അർസാൻ നാഗ്‌സ്‌വാലയുടെ ഷോട്ടിൽ പന്ത് സൽമാന്റെ ഹെൽമറ്റിൽ തട്ടി എതിർ വശത്തെ സ്ലിപ്പിൽ എന്റെ തലയ്ക്കു മുകളിലേക്ക് വന്നത് തീർത്തും അപ്രതീക്ഷിതമായിരുന്നു. ദൈവമേ എന്ന് മനസ്സിൽ വിളിച്ചുകൊണ്ടാണ് പന്ത് കൈപ്പിടിയിലൊതുക്കിയത്. എന്നിട്ടും അത് വിക്കറ്റ് തന്നെയാണോ എന്നൊരു സംശയം മനസ്സിലുണ്ടായിരുന്നു. മുൻപ് ഫീൽഡറുടെ ഹെൽമറ്റിൽ പന്ത് തട്ടിയാൽ ഡെഡ് ബോളായിരുന്നു. വിക്കറ്റ് കിട്ടില്ല. ആ നിയമം 2017ൽ മാറിയെന്ന് അറിവുണ്ടായിരുന്നെങ്കിലും ഒരു നിമിഷം സംശയിച്ചു. പക്ഷേ ആ ദിവസവും കളിയും നമ്മുടേത് തന്നെയായിരുന്നു..’’– സച്ചിൻ പറഞ്ഞു.