ഹോട്ടൽ മുറിക്കുള്ളിൽ ഒളിക്യാമറ ഭയം: രക്ഷപെടാൻ വേറിട്ട വിദ്യ പരീക്ഷിച്ച് യുവതി

Mail This Article
ഹോട്ടൽ മുറികളിൽ തനിച്ചു താമസിക്കേണ്ടി വരുമ്പോൾ സ്ത്രീകൾക്ക് ഏറ്റവുമധികം ആശങ്ക തോന്നുന്നത് സ്വകാര്യതയെക്കുറിച്ചോർത്താണ്. ഒളിക്യാമറ അടക്കമുള്ള ഭീഷണികൾ ഉണ്ടാവുമോ എന്ന സംശയം നിരന്തരം അലട്ടിക്കൊണ്ടിരിക്കും. എന്നാൽ ഇങ്ങനെ സംശയങ്ങളും ആശങ്കകളും ഇല്ലാതെ സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് ഹോട്ടൽ മുറിയിൽ സുരക്ഷിതമായി താമസിക്കാൻ താൻ കണ്ടെത്തിയ മാർഗം പങ്കുവച്ചിരിക്കുകയാണ് ചൈനക്കാരിയായ ഡാങ്ങ് എന്ന യുവതി. മുറിക്കുള്ളിൽ തന്നെ താൽക്കാലിക ടെന്റൊരുക്കിയാണ് ഇവർ സുരക്ഷിതത്വം ഉറപ്പാക്കുന്നത്.
ഹെനാൻ പ്രവിശ്യയിലെ ലുവോയാങ് സ്വദേശിനിയാണ് ഡാങ്ങ്. ഹോട്ടൽ മുറിയിലെ കിടക്കയ്ക്കു മുകളിലായി താൻ നിർമിച്ച ടെന്റിന്റെ ദൃശ്യങ്ങൾ ഡാങ്ങ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ഹോട്ടൽ മുറികളിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതിലെ തന്റെ ആശങ്കയും വിഡിയോയിൽ ഇവർ പങ്കുവയ്ക്കുന്നുണ്ട്. എത്രയൊക്കെ ശ്രദ്ധിച്ചാലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാനുള്ള സാധ്യത ഏറെയാണെന്ന് ഡാങ്ങ് പറയുന്നു. ഇത് എങ്ങനെ ഒഴിവാക്കാനാവുമെന്ന ചിന്തയ്ക്ക് ഒടുവിലാണ് ടെന്റ് എന്ന ആശയം കിട്ടിയത്.

ഹോട്ടൽ മുറിക്കുള്ളിൽ ഉപയോഗിക്കുന്നതിനായി ഒരു സാധാരണ ടെന്റ് വാങ്ങാനായിരുന്നു ആദ്യ പദ്ധതി. എന്നാൽ സ്ഥലപരിമിതിയും ഉയർന്ന വിലയും കണക്കിലെടുത്തപ്പോൾ ആ തീരുമാനം വേണ്ടെന്നുവച്ചു. പകരം ഫർണിച്ചറുകൾ മൂടിയിടാനായി ഉപയോഗിക്കുന്ന ഡസ്റ്റ് ഷീറ്റും നീളമുള്ള കയറും ഉപയോഗിച്ച് സ്വയം ഒരു ടെന്റ് ഉണ്ടാക്കിയെടുക്കാം എന്ന തീരുമാനത്തിലെത്തി. മുറിക്കുള്ളിലെ കർട്ടൻ ട്രാക്ക്, ഹുക്കുകൾ അല്ലെങ്കിൽ ക്യാബിനറ്റ് ഹാന്റിലുകൾ എന്നിവയിൽ കയർ ബന്ധിച്ച ശേഷം ഡസ്റ്റ് ഷീറ്റ് കൂടാരത്തിൻ്റെ ആകൃതി തോന്നിപ്പിക്കുന്നത് പോലെ അതിന് മുകളിലൂടെ വിരിച്ചിട്ടു.
ഷീറ്റിന്റെ വശങ്ങൾ കിടക്കയ്ക്ക് അടിയിലേക്ക് തിരുകിവച്ചതോടെ 1.7 മീറ്റർ ഉയരവും രണ്ട് മീറ്റർ നീളവും രണ്ടു മീറ്റർ വീതിയുമുള്ള ടെന്റ് റെഡി. ലളിതമായ രീതിയിൽ വളരെ കുറഞ്ഞ ചെലവിൽ സ്വയരക്ഷ ഉറപ്പാക്കാൻ ഇതിലും മികച്ച ഒരു മാർഗ്ഗമില്ലെന്ന് ഡാങ്ങ് പറയുന്നു. ഡാങ്ങിൻ്റെ പോസ്റ്റ് കണ്ട ജനങ്ങളിൽ ഏറിയ പങ്കും ഇതേ അഭിപ്രായക്കാരാണ്. യുവതിയുടെ ബുദ്ധിശക്തിയെ പ്രകീർത്തിച്ചുകൊണ്ടാണ് ആളുകൾ കമന്റ് ബോക്സിൽ പ്രതികരണങ്ങൾ അറിയിക്കുന്നത്.
അതേസമയം മുറിക്കുള്ളിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ ടെന്റ് സഹായിക്കുമെങ്കിലും ഹോട്ടലുകളിലെ ബാത്റൂമുകളിൽ സുരക്ഷ ഉറപ്പാക്കുന്നതാണ് ഏറ്റവും പ്രധാനം എന്ന് ചൂണ്ടിക്കാട്ടുന്നവരും കുറവല്ല. എയർ ബിഎൻബി വഴി ബുക്ക് ചെയ്ത റൂമുകളിൽ അടക്കം ഒളിക്യാമറകൾ കണ്ടെത്തിയ സംഭവങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സ്വയം സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ ഇത്തരത്തിൽ അസാധാരണമായ മാർഗങ്ങൾ ജനങ്ങൾ കണ്ടെത്തുന്നതിൽ അദ്‌ഭുതപ്പെടാനില്ലെന്നും കമന്റുകളുണ്ട്.