അറ്റം പിളർന്ന് മുടി പൊട്ടിപോകുന്നതിൽ അസ്വസ്ഥരാണോ?വെട്ടിയാൽ മാത്രം പോരാ, ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം

Mail This Article
ഇന്നത്തെ കാലത്ത് മുടി കൊഴിച്ചിൽ തന്നെ വലിയൊരു തലവേദനയാണ്. അതിനിടയിൽ മുടിയുടെ അറ്റം പിളരുക കൂടി ചെയ്യുന്നത് പലരിലും അസ്വസ്ഥതയുണ്ടാക്കും. മുടിയുടെ പുറം പാളിയായ ക്യൂട്ടിക്കിള്‍ തകരാറിലാകുമ്പോഴാണ് അറ്റം പിളരുന്നത്. ഈ കേടുപാട് മുടിയിഴകള്‍ പിളരുന്നതിനും പൊട്ടുന്നതിനും കാരണമാകും. ശരിയായിട്ടുള്ള പരിചരണം നൽകാത്തതും അതുപോലെ മുടിയിലെ പോഷകങ്ങൾ നഷ്ടപ്പെടുന്നതുമെല്ലാം കാരണങ്ങളാണ്. കൂടാതെ പൊടി, മലിനീകരണം, ഡ്രൈ ഷാംപൂ, ഹെയർ കളറിങ് ഉൾപ്പെടെ പല കാരണങ്ങൾ കൊണ്ടും മുടിയുടെ അറ്റം പിളരുകയും പൊട്ടുകയും ചെയ്യുന്നു. ഇതിന് ഏറ്റവും പ്രചാരത്തിലുള്ള പ്രതിവിധി എന്ന് പറയുന്നത് ഇടയ്ക്കിടെ മുടിയുടെ അറ്റം വെട്ടുക എന്നതാണ്. എന്നാൽ അത് മാത്രം മതിയോ? ഇതൊരു ശാശ്വത പരിഹാരമാണോ? അല്ല ഇതിനായി നമ്മൾ ശ്രദ്ധിക്കേണ്ടതും ചെയ്യാവുന്നതുമായ ചില പൊടിക്കൈകൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ശ്രദ്ധിക്കേണ്ടത്
മുടി പൊട്ടുന്നത് തടയാന്‍, മുടിയെ ചൂടാക്കുന്ന സ്റ്റൈലിങ് ടൂളുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക. പ്രത്യേകിച്ച് നനഞ്ഞ മുടി പൊട്ടാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ആ സമയത്ത് അയേർണിങ് ചെയ്യാൻ പാടില്ല. ഇങ്ങനെ ചെയ്യുമ്പോൾ മുടി സംരക്ഷിക്കാന്‍ പ്രതിരോധ ഉല്‍പന്നങ്ങള്‍ പ്രയോഗിക്കുക. ഇനി മുടി ഉണക്കുന്ന സമയത്ത് ശക്തമായി ഉരസാൻ പാടില്ല. മൃദുവായി മാത്രം മുടി ഉണക്കുക. മുടി പൊട്ടുന്നത് തടയാനായുള്ള ചില നുറുങ്ങു വഴികൾ നോക്കാം. മുടിയുടെ അറ്റം പിളരുന്നത് തടയാന്‍ രാത്രികാല കേശ പരിചരണം പ്രധാനമാണ്. സില്‍ക്കിന്റെയോ സാറ്റിന്റെയോ തലയണക്കവറുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
മുട്ടയും വെളിച്ചെണ്ണയും
മുട്ടയിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലെ അവശ്യ ഫാറ്റി ആസിഡുകൾ തലമുടിയുടെ അറ്റം പിളരുന്നത് തടയാൻ സഹായിക്കും. ഇതിനായി മുട്ടയുടെ വെള്ളയ്ക്കൊപ്പം അൽപം വെളിച്ചെണ്ണ ചേർത്ത് തലയിൽ പുരട്ടുന്നത് മുടി പൊട്ടുന്നത് തടയാൻ മികച്ചതാണ്.
കറ്റാർവാഴ
തലമുടിയിലെ എല്ലാ പ്രശ്നങ്ങൾക്കും മികച്ച പ്രതിവിധിയാണ് കറ്റാർവാഴ. കാലങ്ങളായി ഇത് ആളുകൾ ഉപയോഗിക്കുന്നതുമാണ്. കേടുപാടുകൾ സംഭവിച്ച മുടിയിഴകളെ മികവുറ്റതാക്കാനും മുടിയുടെ അറ്റം പിളർന്നു പോകുന്നത് തടയാനും കറ്റാർവാഴ സഹായിക്കും.
തലമുടിക്ക് മോയ്സചറൈസിങ് ചെയ്യാം
മുഖത്ത് മോയ്സചറൈസ് ചെയ്യുന്നത് ഇപ്പോൾ പതിവാണ്. എന്നാൽ ചർമത്തിന് മാത്രം പോരാ മുടിക്കും വേണം മോയ്സചറൈസിങ്. ഇതിനായി തൈര്, തേൻ, വെളിച്ചെണ്ണ എന്നിവ 3:1:2 എന്ന അനുപാതത്തിലെടുത്ത് രണ്ട് വൈറ്റമിൻ ഇ ക്യാപ്സൂളുകൾ കൂടിച്ചേർത്ത് ഹെയർമാസ്ക് തയാറാക്കി തലയിൽ ഇടാം. ഇത് അറ്റം പിളരുന്നതും മുടിയുടെ ബലത്തിനും ഒക്കെ ഏറെ മികച്ചതാണ്.