യുഎഇ സാമ്പത്തിക മന്ത്രി കേരളത്തിൽ; കണ്ണൂർ ബീച്ച് റൺ ഇന്ന്

Mail This Article
കണ്ണൂർ ∙ ഇന്നു നടക്കുന്ന കണ്ണൂർ ബീച്ച് റണ്ണിൽ പങ്കെടുക്കാൻ യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി. ഇയർ ഓഫ് കമ്യൂണിറ്റി റൺ എന്ന പ്രത്യേക വിഭാഗത്തിലാണ് അദ്ദേഹം പങ്കെടുക്കുന്നത്.
കണ്ണൂർ റണ്ണിന്റെ മെന്റർ ഡോ. ഷംഷീർ വയലിലിന്റെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹമെത്തുന്നത്. ഇന്ത്യ-യുഎഇ ബന്ധത്തിലെ ഊഷ്‌മള ചുവടുവയ്പ്പാകും ഈ പങ്കാളിത്തം. ‘ഐക്യവും ശാക്തീകരണവുമുള്ള സമൂഹത്തെ വളർത്തിയെടുക്കുക’ എന്ന ലക്ഷ്യത്തോടെ യുഎഇ ഈ വർഷം ആചരിക്കുന്ന ഇയർ ഓഫ് കമ്യൂണിറ്റിക്ക് ആദരമർപ്പിച്ചുള്ള പ്രത്യേക വിഭാഗത്തിലാണു മന്ത്രി പങ്കെടുക്കുക. ഡോ. ഷംഷീർ വയലിൽ, കണ്ണൂർ ബീച്ച് റൺ സംഘാടകർ എന്നിവരും വിവിധ മേഖലകളിൽ നിന്നുള്ള കായികപ്രേമികളും ഈ വിഭാഗത്തിൽ മന്ത്രിക്കൊപ്പം അണിനിരക്കും.
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിനായി അബ്ദുല്ല ബിൻ തൗഖ് അൽമാരി കേരളത്തിലെത്തിയതാണ്. കണ്ണൂർ റണ്ണിനെപ്പറ്റി അറിഞ്ഞതിനെ തുടർന്ന് പങ്കെടുക്കാൻ തയാറാവുകയായിരുന്നു. ബീച്ച് റൺ പുലർച്ചെ 5നു പയ്യാമ്പലം ഡിടിപിസി പാർക്കിൽനിന്ന് ആരംഭിക്കും. 7 മണിക്കാണ് ഇയർ ഓഫ് കമ്യൂണിറ്റി വിഭാഗത്തിന്റെ ഓട്ടം ആരംഭിക്കുക. ബീച്ച് റണ്ണിൽ ഹാഫ് മാരത്തൺ അടക്കമുള്ള മറ്റു വിഭാഗങ്ങളുമുണ്ട്. ആഗോളതലത്തിൽ ശ്രദ്ധേയരായ ആറ് ഇത്യോപ്യൻ റണ്ണർമാരും ഡോ. ഷംഷീറിന്റെ ക്ഷണപ്രകാരം ബീച്ച് റണ്ണിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയിട്ടുണ്ട്.