കേന്ദ്രത്തിന് അദാനി ഗ്രൂപ്പിന്റെ നികുതിയായി 58,104 കോടി രൂപ; രാജ്യത്ത് ഏറ്റവും മുൻനിരയിൽ

Mail This Article
ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിനു കീഴിലെ കമ്പനികൾ സംയോജിതമായി 2023-24 സാമ്പത്തിക വർഷം കേന്ദ്രസർക്കാരിന് നികുതിയായി അടച്ചത് 58,104.4 കോടി രൂപ. തൊട്ടുമുൻവർഷത്തെ 46,610.2 കോടി രൂപയേക്കാൾ 25% അധികമാണിത്. രാജ്യത്ത് ഏറ്റവുമധികം നികുതിയടയ്ക്കുന്ന ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നുമാണ് അദാനിയുടേത്.
കമ്പനികളുടെ മികച്ച നിലവാരമുള്ള ഭരണനിർവഹണവും ഓഹരി ഉടമകളോടുള്ള സമർപ്പണവുമാണ് അടിസ്ഥാന സൗകര്യ വികസന മേഖലയിലടക്കം മുൻനിരയിലെത്താൻ കമ്പനിക്ക് കരുത്താവുന്നതെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

ഗ്രൂപ്പിന് കീഴിലെ ലിസ്റ്റഡ് കമ്പനികളായ അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, അദാനി ഗ്രീൻ എനർജി, അദാനി എനർജി സൊല്യൂഷൻസ്, അദാനി പവർ, അദാനി ടോട്ടൽ ഗ്യാസ്, അംബുജ സിമന്റ്സ് എന്നിവയും ഇവയ്ക്ക് മുഖ്യ ഓഹരി പങ്കാളിത്തമുള്ള മറ്റു 3 ലിസ്റ്റഡ് കമ്പനികളായ എൻഡിടിവി, എസിസി, സാംഘി ഇൻഡസ്ട്രീസ് എന്നിവയും ചേർന്ന് അടച്ച നികുതിയുടെ കണക്കുകളാണ് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയത്.
സുതാര്യതയാണ് വിശ്വാസത്തിന്റെ അടിത്തറയെന്നും വിജയത്തിലേക്ക് മുന്നേറാൻ വിശ്വാസ്യതയാണ് കരുത്തെന്നും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു. രാജ്യത്തിനായി സംഭാവന ചെയ്യുന്ന ഓരോ രൂപയും ഗ്രൂപ്പിന്റെ സമർപ്പണമനോഭാവവും പ്രവർത്തനമികവുമാണ് എടുത്തുകാട്ടുന്നത്. ഓഹരി ഉടമകളുടെ ആത്മവിശ്വാസം ഉയർത്തുകയും കോർപ്പറേറ്റ് പ്രവർത്തന ഉത്തരവാദിത്തം മുറുകെപ്പിടിക്കുകയുമാണ് നികുതിക്കണക്കുകൾ പുറത്തുവിടുന്നതിലൂടെ ഗ്രൂപ്പ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിൽ നടന്ന ദ്വിദിന ഇൻവെസ്റ്റ് കേരള ഉച്ചകോടിയിൽ കേരളത്തിൽ 30,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. ഉച്ചകോടിയിൽ ഏറ്റവും വലിയ നിക്ഷേപ വാഗ്ദാനം നടത്തിയതും അദാനി ഗ്രൂപ്പാണ്. ഏതൊക്കെ മേഖലകളിലാണ് അദാനിയുടെ കൂടുതൽ നിക്ഷേപമെത്തുകയെന്നത് സംബന്ധിച്ച് ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business