വൻ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു; കളമശേരിയിൽ 5,000 കോടിയുടെ ഭക്ഷ്യസംസ്കരണ കേന്ദ്രം, 15000 പേർക്ക് തൊഴിൽ

Mail This Article
പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് കേരളത്തിൽ കൂടുതൽ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചു. 4-5 വർഷത്തിനകം 5,000 കോടി രൂപ നിക്ഷേപമാണ് നടത്തുക. കളമശേരി ഫുഡ് പ്രോസസിങ് സോണിൽ ഭക്ഷ്യസംസ്കരണ കേന്ദ്രം സ്ഥാപിക്കും.

കേരളത്തിൽ നിന്നുൾപ്പെടെയുള്ള കാർഷിക വിഭവങ്ങൾ സംസ്കരിച്ച് ലുലുവിന്റെ ആഗോളതലത്തിലുള്ള ഹൈപ്പർമാർക്കറ്റുകളിലേക്ക് കയറ്റുമതി ചെയ്യുന്ന സംരംഭമാണിത്. പദ്ധതി സജ്ജമാകുമ്പോൾ 15,000 പേർക്ക് തൊഴിൽ ലഭിക്കുമെന്ന് കൊച്ചിയിൽ ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിൽ ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി മാധ്യമങ്ങളോട് പറഞ്ഞു.
കളമശേരിയിൽ 20 ഏക്കറിലാണ് ഫുഡ് പ്രോസസിങ് സോൺ ഒരുക്കുക. കേരളത്തിനു പുറമേ തമിഴ്നാട്ടിൽ നിന്നുള്ള പഴം, പച്ചക്കറികൾ ഇവിടെയെത്തിച്ച് സംസ്കരിച്ചും മൂല്യവർധിത ഉൽപന്നങ്ങളാക്കിയും കയറ്റുമതി ചെയ്യും.

കൊച്ചിയിൽ സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന ഗ്ലോബൽ സിറ്റിയിൽ ഐടി, ഫിൻടെക് മേഖലകളിലും ലുലു ഗ്രൂപ്പ് നിക്ഷേപം നടത്തും. വിശദാംശങ്ങൾ വൈകാതെ പ്രഖ്യാപിക്കും. കൊച്ചി സ്മാർട്സിറ്റിയിൽ ലുലു ഗ്രൂപ്പ് നിർമിക്കുന്ന ഇരട്ട ഐടി ടവർ മൂന്നുമാസത്തിനകം ഉദ്ഘാടനം ചെയ്യും. ഇവിടെ 25,000 പേർക്കാണ് തൊഴിലവസരം.
ഇൻഫോപാർക്കിൽ ലുലുവിന്റെ നിലവിലെ ഐടി പദ്ധതികളിലും കൂടുതൽ നിക്ഷേപം നടത്തും. കേരളത്തിൽ റീട്ടെയ്ൽ മേഖലയിലും വലിയ വിപുലീകരണ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. തിരൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങൾക്ക് പുറമേ കാസർഗോഡ്, കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിലും ലുലുവിന്റെ മിനി മാളുകൾ വരും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business