‘അവർ എഴുതിയ കത്തിൽ നിർബന്ധിച്ച് ഒപ്പ് വയ്പ്പിച്ചു, 3000 രൂപ നൽകി എന്നെ പിരിച്ചുവിട്ടു; നെഞ്ചുപൊട്ടി കരഞ്ഞ നിമിഷം’!

Mail This Article
മലയാള സിനിമാ സംഗീതരംഗത്ത് 30 വർഷങ്ങൾ പൂർത്തിയാക്കുന്ന സംഗീതസംവിധായകൻ എം.ജയചന്ദ്രൻ പാട്ടുവിശേഷങ്ങൾ പങ്കിട്ട് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം.
∙ ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും മികച്ച സംഗീതസംവിധായകനായി തോന്നിയിട്ടുള്ളത് ആരെയാണ്?
എക്കാലത്തെയും മികച്ച സംഗീതസംവിധായകൻ എന്നൊന്നില്ല. ഓരോ കാലത്തും ഓരോരുത്തർ വരുന്നു, അവരുടെ കയ്യൊപ്പ് വയ്ക്കുന്നു, മറയുന്നു. നമുക്കൊരിക്കലും ദേവരാജൻ മാസ്റ്ററെയും ദക്ഷിണാമൂർത്തിസ്വാമികളെയും ബാബുക്കയെയും രാഘവൻ മാഷിനെയും തമ്മിൽ താരതമ്യം ചെയ്യാൻ കഴിയില്ല. അവർ നാലും മികച്ചത് എന്നേ എനിക്ക് കാണാൻ കഴിയൂ.
ഹിന്ദി സംഗീതത്തിൽ ആണെങ്കിൽ ആർ.ഡി.ബർമൻ, അദ്ദേഹത്തിന്റെ അച്ഛൻ എസ്.ഡി.ബർമൻ, മദൻ മോഹൻ, ശങ്കർ ജയ് കിഷൻ, ലക്ഷ്മി കാന്ത് പ്യാരേലാൽ, റോഷൻ, അദ്ദേഹത്തിന്റെ മകൻ രാജേഷ് റോഷൻ ഇവരെല്ലാം ചെയ്തത് എനിക്കിഷ്ടമാണ്. പക്ഷേ ഇതിലേത് മികച്ചത് എന്ന് പറയാൻ കഴിയില്ല.
എങ്കിലും എന്റെ പേഴ്സണൽ ഫേവറിറ്റ് മദൻമോഹനാണ്. അദ്ദേഹത്തിന്റെ പാട്ടുകളിലെ ഇമോഷനൽ എലിമെന്റ് എനിക്ക് വളരെയധികം റിലേറ്റ് ചെയ്യാൻ പറ്റാറുണ്ട്. എന്റെ ഗുരുനാഥൻ എം.ബി.ശ്രീനിവാസൻ സാറിന്റെ പാട്ടുകളിലും ഈ ഇമോഷനൽ കോഷ്യന്റ് ഉണ്ട്. അത് ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. എന്റെ പാട്ടുകളിൽ അങ്ങനെയൊരു ഇമോഷനൽ ഡപ്ത്ത് ഉണ്ടെങ്കിൽ അത് മദൻ മോഹൻജിയും ശ്രീനിവാസൻ സാറും അപ്ലൈ ചെയ്തത് മനസ്സിലാക്കി അതിലൂടെ ഞാൻ കണ്ടെത്തിയ എന്റെ വഴിയാണ്.
∙ മൺമറഞ്ഞുപോയ മലയാള സിനിമാഗായകരിൽ എനിക്കൊന്നു പാടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച ആരെങ്കിലും ഉണ്ടോ?
ഉദയഭാനു സർ പണ്ട് പാടിയ പാട്ടുകളും അദ്ദേഹത്തിന്റെ ശബ്ദവും ഒക്കെ എനിക്ക് വലിയ ഇഷ്ടമാണ്. അതുകൊണ്ട് അദ്ദേഹത്തെക്കൊണ്ട് ഒരു പാട്ടു പാടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ പലപ്പോഴും ഓർത്തിട്ടുണ്ട്. ഈ സന്ദർഭത്തിൽ ഞാൻ മറ്റൊരാളെ ഓർത്തുപോയി. 95ൽ എന്റെ ആദ്യത്തെ പാട്ട് 'ചന്ത' സിനിമയ്ക്കു വേണ്ടി എം.ജി.ശ്രീകുമാർ പാടി, പ്രസാദ് 70 എംഎംൽ ലൈവ് റെക്കോർഡ് ചെയ്യുന്ന സമയത്ത് കോറസ് പാടുന്ന കൂട്ടത്തിൽ പ്രായംചെന്ന ഒരാളിനെ ഞാൻ ശ്രദ്ധിച്ചു. കുറച്ചുകഴിഞ്ഞ് ഡയറക്ടർ സുനിൽ എന്നോട് നരേന്ദ്രപ്രസാദ് സാറഭിനയിക്കുന്ന ഒരു സീനിനു വേണ്ടി ഒരു വിരുത്തം ഫ്രെയ്സ് വേണമെന്നും അത് മറ്റാരെക്കൊണ്ടെങ്കിലും പാടിക്കണമെന്നും ആവശ്യപ്പെട്ടു. ഞാൻ നേരത്തേ കണ്ട ആ മനുഷ്യനോട് പാടാമോ എന്ന് ചോദിച്ചു.അദ്ദേഹം സമ്മതിക്കുകയും ഭംഗിയായി പാടുകയും ചെയ്തു. പിന്നെയാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. സി.ഒ.ആന്റോ ആയിരുന്നു അത്. അദ്ദേഹം കോറസുകൾക്കു പോലും പാടേണ്ടി വന്നിരുന്ന ഒരു കാലഘട്ടം. അത്ര ബുദ്ധിമുട്ടായിരുന്നു അക്കാലത്ത് അദ്ദേഹത്തിന് .
∙ സിനിമാ സംഗീതം അല്ലാതെ ഗസൽ, സൂഫി സംഗീതം, നാടൻ പാട്ട്, മാപ്പിളപ്പാട്ട് തുടങ്ങിയവ പോലുള്ള സംഗീത മേഖലകളിൽ ഏറ്റവും അധികം ആകർഷിച്ചിട്ടുള്ളത് ഏതാണ് ?
ഹിന്ദുസ്ഥാനി, സൂഫി, മാപ്പിളപ്പാട്ട് ഇത് മൂന്നുമാണ് ഏറ്റവും അധികം ആകർഷിച്ചിട്ടുള്ളത്.ഈ ധാരകളിൽ ഞാൻ ചെയ്ത പാട്ടുകൾ ഏറ്റവും സൗന്ദര്യമാർന്നതാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നെ ശരിക്കും invade ചെയ്തിട്ടുള്ളതാണ് ഈ മൂന്നു ധാരകളും. പക്ഷേ ഞാൻ ഏറ്റവും അധികം കേൾക്കുന്നത് ഹിന്ദുസ്ഥാനി ക്ലാസിക്കൽ മ്യൂസിക്കും വെസ്റ്റേൺ ക്ലാസിക്കലുമാണ്.
∙ 'സ്വാതിയുടെ മണിപ്രവാളം' ഏതുവരെ എത്തി?
കുട്ടിക്കാലം മുതൽ സ്വാതി പദങ്ങളുടെ ആരാധകനാണ് ഞാൻ. അങ്ങനെയാണ് 'കുളിർമതി വദനേ' എന്ന പദം ആദ്യം ഓർക്കസ്ട്രേറ്റ് ചെയ്തത്. അതിന്റെ ബാക്കിയുള്ള പദങ്ങൾ സമയമെടുത്ത് ചെയ്യേണ്ടവയാണ്. രാഗങ്ങൾ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടെങ്കിലും ഒറിജിനൽ ഈണങ്ങൾ ആർക്കും അറിയില്ല. സ്വാതിയുടെ ചിന്തകളിൽ കൂടി മാത്രമേ അതിന്റെ ഈണത്തിലേക്ക് എത്തിച്ചേരാൻ കഴിയുകയുള്ളൂ. ഒരു പാർക്കിൽ കൂടി നടന്നു പോകുന്നതുപോലെ എളുപ്പമുള്ള ഒരു കാര്യമല്ല അത്. അതു വരേണ്ട സമയങ്ങളിൽ, എത്തേണ്ട സമയങ്ങളിൽ എത്തുക തന്നെ ചെയ്യും.
∙ സംഗീതസംവിധാനത്തിൽ വേദന നിറഞ്ഞ എന്തെങ്കിലും അനുഭവമുണ്ടോ?
Pain ഇല്ലാതെ gain ഇല്ല. പെയിനിൽ നിന്നാണ് നമ്മുടെ ഏറ്റവും മികച്ച സൃഷ്ടികൾ വരുന്നത്. ആർക്ക് കിട്ടും 'ലൈം ലൈറ്റ്' എന്ന ഒരു മത്സര രംഗമാണ് സിനിമ. വാണവരും വീണവരും ഉള്ള ഒരിടമാണ് സിനിമ. തനിക്ക് ശേഷം പ്രളയം എന്ന് വിചാരിക്കുന്ന ഒരാൾക്കും സിനിമയിൽ സ്ഥാനമുണ്ടാവില്ല. എനിക്ക് സിനിമയെയാണ് ആവശ്യം. സിനിമയ്ക്ക് എന്നെയല്ല.
ഒറ്റയ്ക്കിരുന്ന് കരഞ്ഞ സന്ദർഭം ഞാൻ ഓർക്കുന്നുണ്ട്. കവി രമേശൻ നായർ സർ വഴി ഒരു സിനിമയ്ക്ക് ബാഗ്രൗണ്ട് സ്കോർ ചെയ്യാൻ അവസരം കിട്ടി. എറണാകുളം കാക്കനാട് ആണ് സ്റ്റുഡിയോ. ഞാനവിടെ പോയി. രണ്ടുദിവസം വർക്ക് ചെയ്തു. ഒരു റീലിന്റെ മ്യൂസിക് ഞാൻ ഏകദേശം പൂർത്തിയാക്കി. ഡയറക്ടർ വരും വരും എന്നു പറഞ്ഞെങ്കിലും രണ്ടുദിവസം കഴിഞ്ഞാണ് അദ്ദേഹം എത്തിയത്. ഒരു റീലായി എന്ന് പറഞ്ഞെങ്കിലും "അത് ഞാൻ കേൾക്കാം' എന്ന് പറഞ്ഞ് അദ്ദേഹം പോയി. പക്ഷേ കേട്ടില്ല. അടുത്ത ദിവസം രാവിലെ പ്രൊഡ്യൂസർ ഒരു കടലാസുമായി എന്റെ അടുത്തുവന്നു. അതിൽ ഇങ്ങനെ എഴുതിയിരുന്നു. "....... എന്ന പേരുള്ള ഈ സിനിമയിൽ ഞാൻ സംഗീതം ചെയ്യാൻ എത്തുകയും എന്നാൽ വേണ്ട രീതിയിൽ അത് ചെയ്യാൻ എനിക്ക് സാധിക്കാത്തത് കൊണ്ട് 3000 രൂപ വാങ്ങി ഞാൻ ഈ വർക്കിൽ നിന്നും സ്വമേധയാ പിരിഞ്ഞു പോവുകയുമാണ്."
അതു കണ്ട് ഞാൻ ചോദിച്ചു, "സാറോ സംവിധായകനോ ഈ സംഗീതം കേട്ടില്ല. പിന്നെ എന്തുകൊണ്ടാണ് എന്നെ പിരിച്ചു വിടുന്നത്? ഇത് എനിക്ക് വലിയൊരു വർക്കാണ്. ഒരുപാട് സ്വപ്നങ്ങൾ കണ്ടിട്ടാണ് ഞാൻ ഇവിടെ വന്നത്."
പ്രൊഡ്യൂസറുടെ മറുപടി ഇങ്ങനെയായിരുന്നു, "ഡയറക്ടർക്ക് നിങ്ങളുമായി വർക്ക് ചെയ്യാൻ വലിയ താല്പര്യമില്ല. ഇത് നടക്കില്ല."
സകല ദൈവങ്ങളെയും വിളിച്ചു ഞാൻ കരഞ്ഞു. എനിക്കന്നുണ്ടായിരുന്ന ഏക വർക്ക് അതായിരുന്നു. ബാക്ക്ഗ്രൗണ്ട് സ്കോറിൽ എനിക്ക് വളരെ ഭംഗിയായി പലതും ചെയ്യാൻ കഴിയും എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നതിനാൽ അതൊരു വലിയ അവസരമായാണ് ഞാൻ കരുതിയത്. അതൊപ്പിട്ടു കൊടുത്ത് 3000 രൂപയും വാങ്ങി ഞാൻ പുറത്തിറങ്ങി. ആ ഡയറക്ടറുമായി പരിചയമുള്ള പല പ്രൊഡ്യൂസേഴ്സിനെയും വിളിച്ച് സഹായം അഭ്യർഥിച്ചുവെങ്കിലും അവരെല്ലാം നിസ്സഹായരായിരുന്നു. കരഞ്ഞു കൊണ്ടാണ് കാറിൽ ഞാൻ തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. എന്റെ സംഗീത ജീവിതത്തിൽ എന്നെ ഏറ്റവും അധികം വേദനിപ്പിച്ച സംഭവമായിരുന്നു അത്. കാലാന്തരത്തിൽ ഈശ്വരാനുഗ്രഹം കൊണ്ട് ആ സംവിധായകൻ തന്നെ എന്നെ തേടിയെത്തുകയും അദ്ദേഹത്തിന്റെ സിനിമകളിൽ ഞാൻ സംഗീതം നൽകുകയും ചെയ്തു. അദ്ദേഹത്തിനും എനിക്കും അത് മികച്ച സൃഷ്ടികളായി മാറുകയും ചെയ്തു. ഇതൊന്നും ആരുടെയും തെറ്റല്ല. സിനിമയിൽ സംഭവിക്കുന്നതാണ്. പാഠങ്ങൾ പഠിച്ച് മുന്നോട്ടു പോവുക എന്നതാണ് ഒരു കലാകാരൻ ചെയ്യേണ്ടത്.
∙ സിനിമ സംഗീതം ചിട്ടപ്പെടുത്തുമ്പോൾ ഏത് ഇൻസ്ട്രമെന്റിനോടാണ് കൂടുതൽ താൽപര്യം? ഇനിയും ഉപയോഗിക്കാത്ത ഏതെങ്കിലും ഇൻസ്ട്രമെന്റ് ഉണ്ട് എന്ന് തോന്നിയിട്ടുണ്ടോ? അഥവാ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഒരു ഇൻസ്ട്രമെന്റ് ഉണ്ടോ?
ഡുഡുക്ക് (Duduk) എന്നു പറയുന്ന ഒരു മിഡിൽ ഈസ്റ്റ് ഇൻസ്ട്രമെന്റ് ഉപയോഗിക്കാൻ ഞാൻ വളരെയധികം ആഗ്രഹിച്ചിരുന്നു. 'ആയിഷ' എന്ന സിനിമയിൽ ഇസ്താംബൂളിൽത്തന്നെ അതുപയോഗിച്ച് റെക്കോർഡ് ചെയ്യാൻ എനിക്കവസരം കിട്ടി.
ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന വെസ്റ്റേൺ ക്ലാസിക്കൽ സിംഫണി ഓർക്കസ്ട്രയിലെ ഘടകമാണ് സ്ട്രിങ് ഓർക്കസ്ട്ര. വയലിനും വിയോളയും (viola) ചെല്ലോയും (cello) ഡബിൾ ബേസും കൂടുന്ന ഈ സ്ട്രിങ് ഓർക്കസ്ട്ര ആണ് ഞാൻ ഏറ്റവും അധികം കേൾക്കാൻ ആഗ്രഹിക്കുന്നതും എന്റെ കോമ്പോസിഷനിൽ കൂടുതൽ ഉപയോഗിച്ചിട്ടുള്ളതും ഉപയോഗിക്കാൻ ആഗ്രഹിക്കുന്നതും. മൂസിക്കൽ ഫ്ലേവറും ലിറിക്കൽ ഫ്ലേവറും ഡിവൈൻ ഫ്ലേവറും ഒക്കെ കൊണ്ടു വരാൻ പറ്റുന്ന ഒരു മേഖലയാണത്. ബാക്ക്ഗ്രൗണ്ട് സ്കോറിലും അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ ഈ എലമെന്റിനു കഴിയും.
∙ 30 വർഷത്തെ അനുഭവസമ്പത്തിൽ നിന്നും പുതിയ ഗായകർക്ക് എന്തെങ്കിലും ഉപദേശം നൽകാൻ ഉണ്ടോ?
ഉപദേശങ്ങളിൽ വിശ്വസിക്കുന്ന ആളല്ല ഞാൻ. അത് എളുപ്പമുള്ളൊരു പണിയാണ്. അവരുടെ ജീവിതത്തിന്റ് സ്ക്രിപ്റ്റ് വേറെയാണ്. അവരെ കൊണ്ടു പോകുന്ന ജീവിതത്തിന്റെ കാറ്റ് വേറെയാണ്. എന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഞാൻ അവരെ ഉപദേശിക്കുന്നതിൽ അർഥമില്ല. അവരുടെ ഷൂസിൽ നിന്നുകൊണ്ട് അവരെ മനസ്സിലാക്കാൻ ശ്രമിച്ചാൽ മാത്രമേ അവരെപ്പറ്റി എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളൂ. നമ്മുടെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുക എന്നതാണ് ഏറ്റവും നല്ല കാര്യമായി എനിക്കു തോന്നുന്നത്.
തീർച്ചയായും യേശുദാസ് സർ നല്ലൊരു മാതൃകയാണ്. അദ്ദേഹം പാടുന്നത് പകർത്തുക എന്നതല്ല ഞാൻ ഉദ്ദേശിച്ചത്. മറിച്ച് അദ്ദേഹത്തിന്റെ ഡെഡിക്കേഷൻ ആണ്. ഇത്രത്തോളം ഡെഡിക്കേഷൻ ഉള്ള ഒരു മ്യുസിഷ്യനെ ഞാൻ വേറെ കണ്ടിട്ടില്ല. സംഗീതത്തിന് മീതെ ഒന്നും സ്ഥാപിക്കാത്ത ആളാണ്. അത്തരമൊരു ഡെഡിക്കേഷൻ നമ്മുടെ പാട്ടുകാർക്കുണ്ടെങ്കിൽ നല്ലതാണ്. പുതിയ കാലത്ത് അത് ആളുകൾ എത്രത്തോളം മനസ്സിലാക്കുമെന്ന് അറിയില്ല. ആ മഹത്തായ സപര്യ കുറച്ചെങ്കിലും ഉൾക്കൊള്ളാൻ കഴിഞ്ഞാൽ നമുക്ക് സംഗീതത്തിൽ ഏറെ മുന്നോട്ടു പോകാൻ കഴിയും.
(അഭിമുഖം അവസാനിച്ചു)