‘ഏറ്റവും മികച്ചത് ഇനിയും ഞാൻ ചെയ്തിട്ടില്ല, ഇപ്പോഴും നടക്കാതെ ആ വലിയ സ്വപ്നം; കമൽഹാസനെക്കൊണ്ട് പാടിക്കാനും മോഹം’

Mail This Article
മലയാള സിനിമയുടെ സംഗീത നടവഴികളിൽ 30 വർഷം തികയ്ക്കുമ്പോൾ എം.ജയചന്ദ്രൻ സംഗീതസംവിധാനം നിർവഹിച്ച ഗാനങ്ങളുടെയും സിനിമകളുടെയും കൃത്യമായ കണക്ക് ആരെങ്കിലും എടുത്തിട്ടുണ്ടോ എന്നറിയില്ല. നൂറ്റിനാൽപതോളം സിനിമകൾ, എണ്ണൂറോളം ഗാനങ്ങൾ എന്നൊരു കണക്ക് വേണമെങ്കിൽ പറയാം. എംജെ സംഗീതം നൽകിയ ആദ്യത്തെ സിനിമ 'ചന്ത' റിലീസ് ചെയ്യപ്പെടുന്നത് 1995 ഓഗസ്റ്റിൽ ആണെങ്കിലും എംജെ അതിലെ ഗാനങ്ങൾ കംപോസ് ചെയ്തത് ജനുവരിയിലാണ്. ആ അർഥത്തിൽ 2025 ജനുവരിയിൽ തന്റെ ചലച്ചിത്ര ഗാന സപര്യയുടെ 30 വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം അദ്ദേഹം പങ്കുവയ്ക്കുകയാണ്. മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിന്റെ ആദ്യഭാഗം.
∙ പണ്ട് ഏറ്റവും വലിയൊരു സ്വപ്നം പങ്കുവച്ചിരുന്നു. ഡൽഹി പോലുള്ളൊരിടത്ത് നൂറു കണക്കിന് കലാകാരൻമാരെ ഉൾപ്പെടുത്തി ബീഥോവന്റെ പോലെ ഒരു സിംഫണി. ആ മോഹം ഇപ്പോഴുമുണ്ടോ? അതിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടോ?
തീർച്ചയായും. അതൊരു വലിയ സ്വപ്നം തന്നെയാണ്. അതിനുള്ള ശ്രമങ്ങൾ പല വഴിക്കും ഇപ്പോഴും തുടരുന്നു. അതിന്റെ സാമ്പത്തികം, അതിനു വേണ്ടിവരുന്ന വിപുലമായ റിഹേഴ്സൽ, സമയം എന്നിവയൊക്കെ പ്രധാനമാണ്. ഇൻഡോ -അറബിക് സംഗീത ശൈലികളുടെ സംഗമം, ഒരു സിംഫോണിക് പരിണാമം ആയിരിക്കുമത്. തീർച്ചയായും നടക്കും.
∙ 2025 എത്തിയപ്പോൾ മലയാള സിനിമയിൽ സംഗീതത്തിൽ വന്ന മാറ്റം പൂർണമായും പോസിറ്റീവ് ആണ് എന്ന് കരുതാമോ? പുതിയ ട്രെൻഡ് എന്നൊന്നുണ്ടെങ്കിൽ അതിനോടൊപ്പം ചുവടുവയ്ക്കാൻ താൽപര്യമുണ്ടോ?
സിനിമാപ്പാട്ടുകളെ കുറിച്ച് നമ്മൾ ജഡ്ജ്മെന്റൽ ആകുന്നതിൽ കാര്യമുണ്ടെന്നു തോന്നുന്നില്ല. സിനിമയ്ക്കു വേണ്ടിയാണ് പാട്ട് എങ്കിൽ സിനിമയുടെ പ്രമേയം, സിനിമാറ്റിക് ഗ്രാമർ എന്നിവയ്ക്കനുസരിച്ചു തന്നെയാവണം പാട്ടുകൾ. 'ആവേശം' പോലൊരു സിനിമയിൽ 'ഇലുമിനാറ്റി' ശരിക്കും യോജിച്ച പാട്ട് തന്നെയാണ്. സിനിമ ഒരു കമ്മോഡിറ്റി കൂടി ആയതിനാൽ അത് വിറ്റു പോകുമ്പോൾ അതിലെ പാട്ടുകളും ടെയ്ലർ മെയ്ഡ് ആകേണ്ടതുണ്ട്. മാറുന്ന കാലത്തിനനുസരിച്ച്, സംവിധായകരുടെ അഭിരുചിക്കനുസരിച്ച് പാട്ടുകൾ ചെയ്തുകൊടുക്കാൻ ഞാനും ബാധ്യസ്ഥനാണ്.
∙ പല മികച്ച ഗാനങ്ങളും ഇപ്പോഴും ഇറങ്ങുന്നുവെങ്കിലും എന്തുകൊണ്ടാണ് റിയാലിറ്റി ഷോകളിലും മറ്റും ഇന്നും പഴയ ഗാനങ്ങൾക്കു കൂടുതൽ പ്രാധാന്യം ലഭിക്കുന്നത്?
മലയാളത്തിൽ റിയാലിറ്റി ഷോകളുടെ പ്രേക്ഷകർ എന്ന് പറയുന്നത് 40- 70 പ്രായത്തിലുള്ളവരാണ് 'അവർക്ക് വേണ്ടിയുള്ള പാട്ടുകളാണ് അവിടെ കൂടുതലും അവതരിപ്പിക്കപ്പെടുന്നത്. അതിലുള്ള ഒരു പോസിറ്റീവ് എന്ന് പറയുന്നത് അത് പഠിച്ചു പാടുന്ന കുട്ടികൾ നമ്മുടെ പൈതൃകം മനസ്സിലാക്കുന്നു എന്നുള്ളതാണ്.ദേവരാജൻ മാഷും ബാബുക്കയും ദക്ഷിണാമൂർത്തി സ്വാമികളും അർജുനൻ മാഷും രവീന്ദ്രൻ മാഷും ജോൺസൺ ചേട്ടനും ഔസേപ്പച്ചൻ ചേട്ടനും തുടങ്ങി നമ്മുടെ പ്രതിഭകളിലൂടെ എങ്ങനെയാണ് മലയാള ചലച്ചിത്ര ഗാന സംഗീതം ഉരുത്തിരിഞ്ഞു വന്നത് എന്നു മനസ്സിലാക്കാൻ, അതിനനുസരിച്ച് പഠിക്കാൻ അതവരെ പ്രാപ്തരാക്കുന്നു.
∙ യുവ സംഗീതസംവിധായകരുടെ പാട്ടുകൾ ഒരു സംഗീതസംവിധായകൻ, ഗായകൻ എന്ന നിലയിൽ മനസ്സിനു സംതൃപ്തി തരുന്നുണ്ടോ?
വരാനുള്ള കാലത്തും പ്രകാശം തരാൻ നിലാവ് ധാരാളമുണ്ട്. സുഷിന്റെ ബാഗ്രൗണ്ട് സ്കോർ എനിക്ക് വലിയ ഇഷ്ടമാണ്. ഗോപി സുന്ദർ എനിക്കിഷ്ടപ്പെട്ട സംഗീതസംവിധായകനാണ്. ജസ്റ്റിൻ വർഗീസ് വളരെയധികം കഴിവുള്ള എന്റെ അനുജനാണ്. എടുത്തു പറയേണ്ട പേരാണ് ഹിഷാമിന്റേത്. എന്റെ മകനെ പോലെയാണ് എനിക്ക് ഹിഷാം. അങ്ങനെ ഒരുപാട് പേരിൽ നമ്മുടെ സംഗീതം ഭദ്രമാണ്.
∙ ഒരു കലാകാരന് തന്റെ എല്ലാ സൃഷ്ടികളും ഒരുപോലെ ഇഷ്ടപ്പെട്ടവയാണെങ്കിലും ജയചന്ദ്രൻ സൃഷ്ടിച്ച ഗാനങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് എന്നു പറയാവുന്ന ഒന്നുണ്ടോ?
ഇഷ്ടപ്പെട്ടിട്ടാണ് എല്ലാ ഗാനങ്ങളും ചെയ്യുന്നത്. പക്ഷേ ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ. ക്രിയേറ്റിവിറ്റിയുടെ കുപ്പി ഇനിയും നിറയ്ക്കാനായി ഞാൻ ഒഴിച്ചിട്ടിരിക്കുകയാണ്. ഏറ്റവും മികച്ചത് ഞാൻ ചെയ്തുവെങ്കിൽ അവിടെ ഞാൻ അവസാനിച്ചു എന്നാണ് അതിന്റെ അർഥം.
∙ യേശുദാസിന്റെ ലഗസി നിലനിർത്താൻ കഴിയുന്ന ഒരു ഗായകനല്ലേ വിജയ് യേശുദാസ്? അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ നമ്മുടെ സിനിമാരംഗം കൊടുത്തിട്ടില്ല, അല്ലെങ്കിൽ അദ്ദേഹം അതിന് വേണ്ട പരിശ്രമം നടത്തിയിട്ടില്ല എന്ന് തോന്നിയിട്ടുണ്ടോ?
യേശുദാസിനെ പോലെ ഒരു ഗന്ധർവ ഗായകൻ ഇന്നലെയും ഇന്നും വേറെ ഇല്ല. നാളെ ഉണ്ടാവുകയും ഇല്ല. ഒരു മേൽവിലാസവും ഇല്ലാതെ സ്വന്തമായ രീതിയിൽ തന്നെ വളരാൻ സാധിച്ച ഗായകനാണ് വിജയ്. അതിലൊരു പങ്ക് വഹിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. വിജയ് വളർന്നുവന്ന പാതകളിൽ എനിക്ക് പ്രകാശം കാണിക്കാൻ കഴിഞ്ഞിട്ടുണ്ട്. വിജയ് ഏറ്റവും നന്നായി മുന്നോട്ടുപോകുമെന്നും അത്തരം അവസരങ്ങൾ വിജയ്ക്ക് കൈവരുമെന്നും തന്നെയാണ് എന്റെ വിശ്വാസം.
∙ ഏറ്റവും ഇഷ്ടപ്പെട്ട രാഗം എന്ന് പറയാൻ കഴിയുന്നത് ഏതാണ്?
ഏറ്റവും കൂടുതൽ പ്രണയഗാനങ്ങൾ ചെയ്തതുകൊണ്ട് അതിന്റെ ഉത്തരം ചിലപ്പോൾ 'അനുരാഗം' എന്നായിരിക്കും. അച്ഛനേറ്റവുമിഷ്ടപ്പെട്ട ചില രാഗങ്ങളുണ്ട്. മനസ്സിൽ കയറിപ്പറ്റിയാൽ ഇറങ്ങിപ്പോകാത്ത രാഗങ്ങൾ.ആനന്ദഭൈരവി, നീലാംബരി, ദ്വിജാവന്തി പോലെ. ശഹാന ആയിരുന്നു അച്ഛന് ഏറ്റവും ഇഷ്ടപ്പെട്ട രാഗം. അച്ഛനിൽ നിന്നാണ് ഞാൻ രാഗങ്ങൾ മനസ്സിലാക്കിയത്. അച്ഛനിഷ്ടപ്പെട്ട രാഗങ്ങൾ തന്നെയാണ് എന്റെയും ഇഷ്ട രാഗങ്ങൾ. അച്ഛൻ എപ്പോഴും പാടുന്ന വരികൾ ആണ് "ഇന്ദുമുഖീ ഇന്നുരാവിൽ എന്തു ചെയ് വൂ നീ" എന്നത്. ഞാൻ കരുതിയത് അങ്ങനെയാണ് ആ പാട്ട് തുടങ്ങുന്നത് എന്നായിരുന്നു. പിന്നീടാണ് 'ഹർഷബാഷ്പം തൂകി' എന്നാണ് അതിന്റെ തുടക്കമെന്ന് മനസ്സിലായത്. അച്ഛനെ ആകർഷിച്ചത് 'എന്തു ചെയ് വൂ നീ' എന്നതിലെ 'നീലാംബരി'യുടെ ശീതളച്ഛായയാണ്.
∙ ജയചന്ദ്രൻ ചിട്ടപ്പെടുത്തിയ ഗാനങ്ങളിൽ ഹിന്ദുസ്ഥാനി അടിസ്ഥാനമാക്കിയുള്ളവ അധികമില്ലാത്തത് എന്തുകൊണ്ടാവാം?
ഹിന്ദുസ്ഥാനി എന്റെ ശക്തിയാണ്. എന്നാൽ അതിനെ അടിസ്ഥാനപ്പെടുത്തി ഗാനങ്ങൾ ചെയ്യാൻ എനിക്ക് അധികം അവസരങ്ങൾ കിട്ടിയില്ല എന്നതാണ് വാസ്തവം. കിട്ടിയാൽ അത് മറ്റൊരു തലത്തിലേക്കു കൊണ്ടുപോകാൻ എനിക്കു കഴിയും എന്ന വിശ്വാസമുണ്ട്. 'പെരുമഴക്കാല'ത്തിലെ 'രാക്കിളിതൻ' എന്ന ഗാനത്തിന് 'ആഹിർ ഭൈരവി'ന്റെ strains ഉണ്ട്.' കരയിലേക്കൊരു കടൽ ദൂരം' എന്ന സിനിമയിലെ 'നീയില്ലെങ്കിൽ' എന്ന സച്ചിദാനന്ദൻ സാറിന്റെ കവിത 'മിയാൻ കീ മൽഹാറി'ൽ ചെയ്തതാണ്. തീർച്ചയായും ഞാൻ കാത്തിരിക്കുകയാണ് ഹിന്ദുസ്ഥാനിയിൽ നല്ല ഗാനങ്ങൾ ചെയ്യാൻ .
∙ ഇന്ത്യൻ സിനിമ സംഗീതരംഗത്തെ ഏതെങ്കിലും ഗായകനെ കൊണ്ട് പാടിക്കാൻ ഒരാഗ്രഹം അവശേഷിക്കുന്നുണ്ടോ?
തീർച്ചയായിട്ടും. ഞാൻ കമൽഹാസൻ സാറിന്റെ വലിയൊരു ഫാൻ ആണ്.അദ്ദേഹത്തിൻറെ മ്യൂസിക് സെൻസ് എന്നെ വളരെയധികം അദ്ഭുതപ്പെടുത്തിയിട്ടുള്ള ഒന്നാണ്. ഇളയരാജ സാറിനോടൊപ്പം അദ്ദേഹം പാടിയ 'നിനൈവോ ഒരു പറവയ്' എന്ന പാട്ടൊക്കെ കേൾക്കുമ്പോൾ എനിക്കെപ്പോഴും തോന്നിയിട്ടുണ്ട് കമൽഹാസൻ സാറിനെ കൊണ്ട് ഒരു പാട്ട് പാടിക്കണമെന്ന്. എന്നെങ്കിലും അത് സാധിക്കുമായിരിക്കും. അതിനു വേണ്ടി പ്രാർഥിക്കുന്നു.
(തുടരും)