ഇത് മികച്ച ബൈക്കുകളിൽ ഒന്ന്; മകന്റെ ഇഷ്ടപ്പെട്ട വാഹനം തിരഞ്ഞ് അച്ഛൻ

Mail This Article
മാതാപിതാക്കൾക്ക് പുതിയ വാഹനം വാങ്ങി നൽകുന്ന മക്കളുടെ നിരവധി വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ കാഴ്ചയാകാറുണ്ട്. എന്നാൽ മകനൊരു ബൈക്ക് വാങ്ങി നൽകുന്നതിന് മുൻപേ അത്തരമൊരു ബൈക്ക് കണ്ടപ്പോൾ അതിനെ പിന്തുടർന്ന് ആ വാഹനം എങ്ങനെയുണ്ടെന്നു ചോദിക്കുന്ന പിതാവിന്റെ വിഡിയോ ആണ് സോഷ്യൽ ലോകത്ത് ഇപ്പോൾ തരംഗമായിരിക്കുന്നത്. പിതാവിന്റെ ആ സ്നേഹത്തിനു നിറഞ്ഞ കയ്യടി നൽകുകയാണ് സമൂഹമാധ്യമങ്ങൾ.
മകന് ഇഷ്ടപ്പെട്ട മോഡൽ ബൈക്ക് ഓടിച്ചു കൊണ്ടുപോകുന്ന വ്യക്തിയെ ആ പിതാവ് തന്റെ സ്‌പ്ലെൻഡറിൽ പിന്തുടരുകയും തുടർച്ചയായി ഹോൺ മുഴക്കുകയും ചെയ്യുന്നു. ആദ്യമൊന്നും ആ ബൈക്കർ ശ്രദ്ധിക്കുന്നില്ലെങ്കിലും പിന്നെ സ്‌പ്ലെൻഡറിൽ എത്തിയ വ്യക്തി വലതു വശത്തുകൂടി ഓവർ ടേക്ക് ചെയ്തു വന്നു എന്തോ ചോദിക്കുന്നതും വിഡിയോയിൽ കാണാം. ചോദ്യം കേൾക്കാതിരുന്നത് കൊണ്ടുതന്നെ ഇരു ബൈക്കുകളും കുറച്ചു കൂടി അടുപ്പിക്കുന്നു. താങ്കൾ ഓടിക്കുന്ന ബൈക്ക് എങ്ങനെയുണ്ടെന്നു ആ വ്യക്തി യുവാവിനോട് ചോദിക്കുകയും മികച്ച ബൈക്കുകളിൽ ഒന്നാണെന്ന മറുപടി ലഭിക്കുകയും ചെയ്യുന്നു. ഈ മോഡൽ ബൈക്ക് മകന് വാങ്ങാൻ വേണ്ടിയാണ് അഭിപ്രായം ആരാഞ്ഞതെന്നും അയാൾ കൂട്ടിച്ചേർക്കുമ്പോൾ മികച്ച തീരുമാനം എന്നാണ് ബൈക്കറുടെ പ്രതികരണം. ബൈക്കിന്റെ വിലയെക്കുറിച്ചും സംസാരിച്ചതിന് ശേഷം രണ്ടുപേരും പിരിയുന്നതും ദൃശ്യങ്ങളിൽ കാണാം.
ആരോ ഒരാൾ സന്തോഷിക്കാൻ പോകുന്നു എന്ന ക്യാപ്ഷനോടെയാണ് സമൂഹ മാധ്യമങ്ങളിൽ വിഡിയോ പങ്കുവച്ചിരിക്കുന്നത്. സ്വന്തം മകനെ സന്തോഷിപ്പിക്കാനായി ഒരു പിതാവ് ഏതറ്റം വരെയും പോകും എന്നൊരു കുറിപ്പും ദൃശ്യങ്ങൾക്കൊപ്പം കാണാം. മകന്റെ ആഗ്രഹം നിറവേറ്റാനായി ശ്രമിക്കുന്ന ആ പിതാവിനെ നെറ്റിസൺസും ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു എന്നാണ് വിഡിയോയ്ക്ക് താഴെയുള്ള കമെന്റുകൾ സൂചിപ്പിക്കുന്നത്