പിസിബി തലവൻ പോലുമെത്തിയ പരിശീലന സെഷനിൽ ബാബർ അസമിനെ ‘കാണാനില്ല’; ഇന്നത്തെ മത്സരത്തിൽ പുറത്ത്?

Mail This Article
ഇസ്‍ലാമാബാദ്∙ ചാംപ്യൻസ് ട്രോഫി ഉദ്ഘാടന മത്സരത്തിലെ മന്ദഗതിയിലുള്ള ബാറ്റിങ്ങിന്റെ പേരിൽ വിമർശനങ്ങൾക്കു നടുവിലായിരുന്ന ബാബർ അസം, ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ കളിക്കുമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം. മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിന് ബാബർ അസം എത്താതിരുന്നതോടെയാണ് താരം കളിക്കുമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉടലെടുത്തത്. ബാബർ അസം കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ പാക്കിസ്ഥാൻ ടീമോ ക്രിക്കറ്റ് ബോർഡോ യാതൊരു സൂചനയും നൽകിയിട്ടില്ല. പരിശീലന വേദിയിലെ അസമിന്റെ അസാന്നിധ്യമാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ അഭ്യൂഹങ്ങൾക്ക് കാരണമായത്.
എന്തു വിലകൊടുത്തും ഇന്ത്യയ്‌ക്കെതിരായ മത്സരം ജയിക്കണമെന്നാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവൻ മൊഹ്സിൻ നഖ്‌വി ടീമിനു നൽകിയിരിക്കുന്ന നിർദ്ദേശം. പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫി ജയിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഇന്ത്യയ്‌ക്കെതിരായ മത്സരം ജയിക്കുന്നതെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രിയും മുൻപ് വ്യക്തമാക്കിയിരുന്നു.
ശനിയാഴ്ച വൈകിട്ട് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന പാക്കിസ്ഥാന്റെ പരിശീലന സെഷനിൽ ബാബർ അസമിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെ, അസമിനെ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ ടീമിലേക്ക് പരിഗണിച്ചേക്കില്ലെന്ന് വ്യാപക അഭ്യൂഹം പ്രചരിക്കുകയും ചെയ്തു. പിസിബി തലവൻ മൊഹ്സിൻ നഖ്‌വി മേൽനോട്ടം വഹിച്ച പരിശീലന സെഷനിൽ പങ്കെടുക്കാതിരുന്ന ഏക താരവും ബാബർ അസമാണ്. ‘അസം പരിശീലനത്തിൽ പങ്കെടുക്കാതെ വിശ്രമിക്കാൻ തീരുമാനിച്ചു’ എന്നു മാത്രമാണ് താൽക്കാലിക പരിശീലകൻ അക്വിബ് ജാവേദ് പ്രതികരിച്ചത്.
ചാംപ്യൻസ് ട്രോഫി ഉദ്ഘാടന മത്സരത്തിൽ ന്യൂസീലൻഡിനെതിരെ 320 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുമ്പോൾ 94 പന്തിൽ 64 റൺസെടുത്ത ‘പ്രകടന’മാണ് ബാബർ അസമിനെ വിമർശനങ്ങൾക്ക് നടുവിലാക്കിയത്. മത്സരം പാക്കിസ്ഥാൻ 60 റൺസിനു തോറ്റിരുന്നു. ഇന്നത്തെ മത്സരത്തിൽ ഇന്ത്യയോടും തോറ്റാൽ പാക്കിസ്ഥാന്റെ സെമി പ്രതീക്ഷകൾ ഏറെക്കുറെ അവസാനിക്കും.