വീട്ടിനുള്ളില്‍ തുണി ഉണക്കാറുണ്ടോ? നല്ല ശീലമല്ല, നിങ്ങളെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഇതാണ്

Mail This Article
മഴക്കാലത്ത് പലരും നേരിടുന്ന വലിയ വെല്ലുവിളിയാണ് നനഞ്ഞ തുണികള്‍ ഉണക്കിയെടുക്കുകയെന്നത്. വീടിന് പുറത്ത് തുണി ഉണക്കാന്‍ സൗകര്യമില്ലാത്തവര്‍ പലപ്പോഴും വീടിനുള്ളില്‍ തന്നെ നനഞ്ഞ തുണികള്‍ ഉണങ്ങാനായി വിരിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നത് വീടിനുള്ളിലെ ഈര്‍പ്പം വര്‍ധിപ്പിച്ച് പൂപ്പല്‍ വളരാനുള്ള സാഹചര്യമൊരുക്കുമെന്ന് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു.
ഒരു ലോഡ് തുണി ഉണങ്ങുമ്പോള്‍ വീടിനുള്ളിലെ വായുവിലേക്ക് രണ്ട് ലീറ്റര്‍ വെള്ളം പ്രവഹിപ്പിക്കുമെന്നാണ് കണക്ക്. ആവശ്യത്തിന് വായുസഞ്ചാരമില്ലാത്ത വീടുകളില്‍ ഈ ഈര്‍പ്പം ഭിത്തികളിലും മേല്‍ക്കൂരയിലുമെല്ലാം തങ്ങി നിന്ന് അവിടങ്ങളില്‍ പൂപ്പല്‍ വളര്‍ച്ചയ്‌ക്ക് അനുയോജ്യമായ നനഞ്ഞ ഇടങ്ങള്‍ സൃഷ്ടിക്കും. പതിവായി നനഞ്ഞ തുണികള്‍ വീടിനുള്ളില്‍ ഇടുന്നതോട് കൂടി പൂപ്പലുകള്‍ പറ്റം പറ്റമായി ഇത്തരം പ്രതലങ്ങളില്‍ വളരും.
വീടിനുള്ളിലെ ഈര്‍പ്പത്തിന്റെ തോത് 60 ശതമാനത്തിന് മുകളിലാകുന്നത് പൂപ്പൽ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുമെന്ന് പഠനറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. അലര്‍ജികള്‍, ശ്വാസകോശ പ്രശ്‌നങ്ങള്‍, ദുര്‍ബലമായ പ്രതിരോധശേഷി എന്നിയുള്ളവരില്‍ ഈ പൂപ്പല്‍ വളര്‍ച്ച ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ചുമ, തുമ്മല്‍, വലിവ്, ശ്വാസംമുട്ടല്‍ തുടങ്ങിയ ശ്വാസകോശ പ്രശ്‌നങ്ങളിലേക്കും വീടിനുള്ളിലെ പൂപ്പല്‍ വഴി വയ്‌ക്കും. നിരന്തരമായ പൂപ്പല്‍ സമ്പര്‍ക്കം ആസ്‌മതയുള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങളിലേക്കും നയിക്കാം.
പൂപ്പലില്‍ നിന്ന് വീഴുന്ന പൊടി അലര്‍ജി പ്രതികരണങ്ങള്‍, മൂക്കൊലിപ്പ്, കണ്ണിന് ചൊറിച്ചില്‍, ചര്‍മ്മത്തിന് തിണര്‍പ്പ് പോലുള്ള പ്രശ്‌നങ്ങളും ചിലരില്‍ ഉണ്ടാക്കാറുണ്ട്. സ്റ്റാക്കിബോട്രിസ് ചര്‍ട്ടാറം അഥവാ ബ്ലാക്ക് മോള്‍ഡ് പോലുള്ള പൂപ്പലുകള്‍ ആകട്ടെ മൈകോടോക്‌സിനുകളെ ഉത്‌പാദിപ്പിക്കുക വഴി നിരന്തരമായ ക്ഷീണം, തലവേദന, പ്രതിരോധശേഷി അമര്‍ത്തിവയ്‌ക്കല്‍ പോലുള്ള സങ്കീര്‍ണ്ണതകള്‍ക്ക് കാരണമാകാം.
കുട്ടികള്‍, പ്രായമായവര്‍, ദുര്‍ബലമായ പ്രതിരോധശേഷിയുള്ളവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് വീടിനുള്ളിലെ പൂപ്പല്‍മൂലം അണുബാധകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വീട്ടിനുള്ളില്‍ തുണി ഉണങ്ങാന്‍ നിര്‍ബന്ധിതരാകുന്നവര്‍ ഈര്‍പ്പം 60 ശതമാനത്തിന് താഴെ നിര്‍ത്താന്‍ ശ്രദ്ധിക്കണം. ഡീഹ്യുമിഡിഫയര്‍, എക്‌സോസ്‌റ്റ് ഫാനുകള്‍ എന്നിവ ഇക്കാര്യത്തില്‍ സഹായകമാകും. വീടിനുള്ളില്‍ വായുപ്രവാഹമുണ്ടാകാന്‍ ജനലുകളും മറ്റും തുറന്നിടാനും ശ്രദ്ധിക്കണം. ചൂടാക്കാവുന്ന ഡ്രയിങ് റാക്കുകള്‍, വെന്റഡ് ഡ്രയറുകള്‍, കുറഞ്ഞ അളവിലെ നനച്ച തുണികള്‍ എന്നിവയും ഈര്‍പ്പം നിയന്ത്രണത്തില്‍ നിര്‍ത്തി തുണി ഉണങ്ങാന്‍ സഹായിക്കും. സിലിക്കണ്‍ ജെല്‍, ചാര്‍ക്കോള്‍ ഡീഹ്യുമിഡിഫയര്‍ എന്നിവയും സഹായകമാണ്. വീടിനുള്ളില്‍ പൂപ്പല്‍ വരാവുന്ന സ്ഥലങ്ങളൊക്കെ കണ്ടെത്തി അതിനുള്ള സാധ്യതകള്‍ ഇല്ലാതാക്കാനും ശ്രമിക്കേണ്ടതാണ്.