പ്രതീക്ഷയിൽ പ്രവാസ ലോകം; അബ്ദുൽ റഹീമിന്റെ മോചന കേസ് ഇന്ന് പരിഗണിക്കും
Mail This Article
റിയാദ് ∙ സൗദി സ്വദേശി ബാലൻ കൊല്ലപ്പെട്ട സംഭവത്തിൽ സൗദി ജയിലിൽ മോചനം പ്രതീക്ഷിച്ചു കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി, മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ കേസ് റിയാദിലെ ക്രിമിനൽ കോടതി ഇന്ന് (വ്യാഴം) സൗദി സമയം ഉച്ചക്ക് 12.30 ന് വീണ്ടും പരിഗണിക്കും.
ഇത്തവണ കോടതി കേസ് പരിഗണിക്കുമ്പോൾ സന്തോഷ വാർത്തകൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അംബറും റിയാദ് നിയമസഹായസമതിയും പ്രകടിപ്പിച്ചു. കഴിഞ്ഞ സിറ്റിങ്ങിൽ ഏറെ പ്രതീക്ഷിച്ച മോചന വിധി ഉണ്ടായിരുന്നില്ല. അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പരിഗണിച്ച ഹർജിയിൽ കോടതി അന്തിമ വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.
റിയാദ് ക്രിമിനല്‍ കോടതിയില്‍ കഴിഞ്ഞ ദിവസത്തെ സിറ്റിങ്ങിൽ വാദം പൂര്‍ത്തിയാക്കിയിരുന്നു. പബ്ലിക് പ്രോസിക്യൂഷൻ സമർപ്പിച്ച വാദങ്ങൾക്ക് ബദലായി റഹീമിന്റെ അഭിഭാഷകൻ സമർപ്പിച്ച വിശദാംശങ്ങൾ കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. തുടർന്നാണ് വിധിപറയാൻ കേസ് ഇന്നത്തേക്ക് മാറ്റിവച്ചത്. ജയിൽ മോചനത്തിനു വേണ്ടിയുള്ള കേസ് സംബന്ധിച്ച് നാലമത്തെ സിറ്റിങ്ങാണ് ഇന്ന് കോടതി നടത്തുന്നത്.
ഒന്നരകോടി സൗദി റിയാൽ ദയാധനം കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം സ്വീകരിച്ചതിനെ തുടർന്ന് വധശിക്ഷ റദ്ദാക്കിയിരുന്നു. എങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ അനുകൂല വിധിയുണ്ടാവാത്തതിനാൽ ജയിൽ മോചനം സാധ്യമായില്ല. ഈ കഴിഞ്ഞ ഒക്ടോബർ 21 ന് ജയിൽ മോചന ഹർജി കോടതി ആദ്യമായി പരിഗണനക്കെടുത്തുവെങ്കിലും വധ ശിക്ഷ ഒഴിവാക്കിയ ബെഞ്ചിലേക്ക് വാദത്തിനായി നൽകി കേസ് മാറ്റി വച്ചിരുന്നു. തുടർന്ന് നവംബർ 17 ന് രണ്ടാമത്തെ സിറ്റിങിൽ കേസ് പരിഗണിക്കുകയും വിഷയം കൂടുതൽ സൂക്ഷ്മമായി പഠിക്കുന്നതിലേക്ക് ഡിസംബർ 8 ലേക്ക് മാറ്റുകയുമായിരുന്നു. വിശദമായി പരിശോധിച്ച കോടതി അന്തിമ ഉത്തരവ് നൽകുന്നതിനായാണ് ഇന്നത്തേക്ക് കേസ് മാറ്റിയിരിക്കുന്നത്.