3 നില, 6500 സ്ക്വയർഫീറ്റ്: അടിമുടി ആഡംബരം നിറയുന്ന വീട്
Mail This Article
കോഴിക്കോട് ഫറോക്കിലാണ് ഗൃഹനാഥനായ സിദ്ധിഖിന്റെയും കുടുംബത്തിന്റെയും അറഫ വില്ല എന്ന പുതിയ വീട്. 3 നിലയിൽ എല്ലാ സൗകര്യങ്ങളോടുകൂടിയ വിശാലമായ വീടായിരുന്നു വീട്ടുകാരുടെ ആവശ്യം. വീടുപണിയുടെ കൂടുതൽ സമയത്തും ഗൃഹനാഥനും കുടുംബവും ചെന്നൈയിൽ ആയിരുന്നു. ഇടയ്ക്ക് നേരിൽ വന്നും, അല്ലാത്തപ്പോൾ ഓൺലൈൻ വഴിയുമാണ് നിർദേശങ്ങൾ നൽകിയിരുന്നത്.
11 സെന്റ് സ്ഥലത്ത് 6500 സ്ക്വയർഫീറ്റിലാണ് ഈ വീട് നിർമിച്ചിട്ടുള്ളത്. വീട് മുഴുവനായും ഓട്ടമേഷൻ ചെയ്തിട്ടുണ്ട്. ചുറ്റുപാടുമായി ചേരുന്ന രീതിയിലുള്ള കളര്‍ തീമാണ് വീടിന് നൽകിയത്. ലാൻഡ്സ്കേപ്പ് വീടിനു മികച്ച പിന്തുണ നൽകുന്നു. ബാംഗ്ലൂർ സ്‌റ്റോൺ, കോബിൾ സ്‌റ്റോൺ എന്നിവ ലാൻഡ്സ്കേപ്പിൽ ഉൾപ്പെടുത്തി. ഗേറ്റ് പൂർണമായും ഓട്ടമാറ്റിക് സ്ലൈഡിങ് സംവിധാനത്തിലാണ്.
പോർച്ച്, സിറ്റ്ഔട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പ്രെയർ ഏരിയ, ഡെക്ക് ഏരിയ, കിച്ചൻ, വർക്ഏരിയ, യൂട്ടിലിറ്റി സ്പേസ്, ബെഡ്‌റൂം, ബാൽക്കണി, മജ്‌ലിസ് വിത്ത് പാർട്ടി ഹാൾ, ലിഫ്റ്റ് എന്നിവയാണ് 6500 സ്ക്വയര്‍ഫീറ്റില്‍ ഉൾപ്പെടുത്തിയിട്ടുള്ളത്. വീടിന്റെ ഇടതുവശത്തായി സെക്യൂരിറ്റി റൂമുമുണ്ട്.
മോഡേൺ രീതിയിലുള്ള സിറ്റ്ഔട്ടിലെ സ്റ്റെപ്പ്, ബ്ലാക്ക് ലെതർ മെറ്റീരിയലാണ് ഉപയോഗിച്ചത്. പ്രധാന വാതിൽ തുറക്കുമ്പോൾ നോട്ടം പതിക്കുന്നത് വുഡൻ ഇൻഡസ്ട്രിയൽ സ്റ്റെയറിലേക്കാണ്. പ്രധാന വാതിലിനടുത്തായാണ് ഫോർമൽ ലിവിങ്ങും ഫാമിലി ലിവിങ്ങും വിന്യസിച്ചത്. കസ്റ്റമൈസ്ഡ് ഇംപോർട്ടഡ് ഫർണിച്ചറുകളാണ് ഇവിടെയുള്ളത്.
ഡൈനിങ് ഏരിയ 8 പേർക്ക് ഇരിക്കാവുന്ന രീതിയിലാണ് സെറ്റ് ചെയ്തിട്ടുള്ളത്. രാജസ്ഥാനിൽ നിന്ന് നേരിട്ട് ഇംപോർട്ട് ചെയ്ത ഇറ്റാലിയൻ മാർബിൾ ഉപയോഗിച്ചാണ് ഇവിടെ ഫ്ളോറിങ് ചെയ്തിട്ടുള്ളത്. ഡൈനിങ് ഏരിയയിൽ നിന്ന് പുറത്തേക്ക് ഒരു ഡെക്ക് സ്പേസ് കൂടിയുണ്ട്. ചെറിയ വെള്ളച്ചാട്ടം, സിറ്റിങ് സ്‌പേസ് എല്ലാം ഉൾക്കൊള്ളിച്ചാണ് ഡെക്ക് ഒരുക്കിയത്.
ഇനിയുള്ള കാലത്ത് വീട്ടിൽ അവിഭാജ്യ ഘടകമാകും ലിഫ്റ്റ്. അതിനാൽ 5 പേർ ഉൾക്കൊള്ളുന്ന രീതിയിൽ സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചുള്ള ലിഫ്റ്റ്, താരതമ്യേന കുറഞ്ഞ ചെലവിൽ ഇവിടെ ചിട്ടപ്പെടുത്തി. അകത്തളങ്ങളിൽ ജിപ്സം ഫോൾസ് സീലിങ്, വാം ടോൺ ലൈറ്റുകൾ നൽകി കമനീയമാക്കിയിട്ടുണ്ട്.
5 ബെഡ്റൂമാണ് വീട്ടിലുള്ളത്. താഴെ രണ്ടും മുകളിൽ മൂന്നും. ഇതിൽ 4 ബെഡ്റൂം വ്യത്യസ്ത തീമിൽ മോഡേൺ ഡിസൈനിൽ ചിട്ടപ്പെടുത്തി. ഒരു ബെഡ്റൂം ട്രെഡീഷനൽ ഡിസൈനിലൊരുക്കി.
പുതിയകാല സൗകര്യങ്ങളെല്ലാമുള്ള കിച്ചൻ ഒരുക്കി. പ്ലൈവുഡ്+ പ്ലാനിലാക് ഗ്ലാസ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ കൊറിയൻ ടോപ്പാണ്. അനുബന്ധമായി വർക്കേരിയ, യൂട്ടിലിറ്റി സ്‌പേസുമുണ്ട്.
സ്‌റ്റെയർ കയറിയെത്തുമ്പോൾ അപ്പർ ലിവിങ് സ്‌പേസ് വേർതിരിച്ചു. ഇവിടെ ടിവി യൂണിറ്റുമുണ്ട്.
സെക്കന്റ് ഫ്ലോറിലേക്കുള്ള സ്റ്റെയർ വേയിലാണ് ലോൺട്രി സ്പേസ്. സെക്കന്റ് ഫ്ലോറിൽ മിനിമം 50 പേരെ ഉൾകൊള്ളുന്ന പാർട്ടി സ്പേസും മജ്‌ലിസും കൊടുത്തിട്ടുണ്ട്. അനുബന്ധമായി ടെറസ് ഏരിയയുമുണ്ട്.
Project facts
Location- Feroke, Calicut
Area- 6500 Sq.ft
Owner- Siddique
Design- Riyas Backer
Id Associates, Chungam