ഈ ഗസ്റ്റ് മുറികൾ വീടിനെ ‘ഗോസ്റ്റ് ഹൗസാ’ക്കി മാറ്റുകയല്ലേ; അനുഭവങ്ങൾ പാഠമാകണം
Mail This Article
വർഷങ്ങളായിട്ടും ഒരു അതിഥി പോലും താമസിക്കാത്ത എത്രയോ അതിഥിമുറികൾ നമ്മുടെ കേരളത്തിലുണ്ട്. ഒരിക്കലും വന്നു താമസിക്കാത്ത വിരുന്നുകാർക്കായി എന്തിനിങ്ങനെ മുറികൾ? ആൾത്താമസമില്ലാത്ത, ഒരു തലമുറ ജീവിച്ചു തീർന്ന വീടുകൾ ആളൊഴിഞ്ഞ കെട്ടിടമായി മാറുന്നതു നാം കണ്ടു കൊണ്ടിരിക്കുന്നു. പുതിയ തലമുറ പുതിയ ആശയങ്ങളുമായി പുതിയ വീടുകളിലേക്കും ഫ്ലാറ്റുകളിലേക്കും കൂടുകൂട്ടുമ്പോൾ ഇത്തരം കെട്ടിടങ്ങൾ ശൂന്യമാകുന്നു. ഇത്തരം കെട്ടിടങ്ങൾക്കു വാടകക്കെട്ടിടമോ സ്ഥാപനമോ ഇതര സംസ്ഥാന തൊഴിലാളികളുടെ ആവാസകേന്ദ്രമോ ആയി മാറാനാണു വിധി.
ഉന്നത പഠനത്തിനായി പോകുന്ന കുട്ടികളും വിദേശത്തേക്കു വീസയെടുത്തവരും നാടുപേക്ഷിച്ചു പോയിക്കഴിഞ്ഞാൽ ആളെണ്ണി നിർമിച്ച മുറികളെല്ലാം ‘ഡംപിങ് സ്റ്റേഷൻ’ ആയി മാറും. വർഷങ്ങൾ കൂടുമ്പോൾ എന്നെങ്കിലും വരുന്ന അതിഥികൾക്കു വേണ്ടി അൽപം അഡ്ജസ്റ്റ് ചെയ്യാൻ തയാറായാൽ ബജറ്റിനുള്ളിൽ വീടുപണിത് സ്വസ്ഥമായി ഉറങ്ങാം.
പിറക്കാനിരിക്കുന്ന കുഞ്ഞിന്, മരുമക്കൾക്ക്, അവരുടെ കുടുംബാംഗങ്ങൾക്ക് എന്നൊക്കെ വിചാരിച്ചു നിർമിക്കുന്ന മുറികൾ കൊല്ലത്തിൽ എത്രദിവസം ഉപയോഗിക്കപ്പെടുന്നു. എന്നു കണ്ടറിയണം. വൃത്തിയാക്കാൻ പോലും സമയം കിട്ടാതെ പൊടിപിടിച്ചും മലിനമായും തീരുന്ന ഈ ഗസ്റ്റ് മുറികൾ വീടിനെ ‘ഗോസ്റ്റ് ഹൗസാ’ക്കി മാറ്റുകയല്ലേ ചെയ്യുന്നത്?
∙ സ്റ്റഡി റൂം എന്ന തടവറ
ക്ലാസിലെ നാലു ചുമരുകൾക്കുള്ളിൽ അഞ്ചാറു മണിക്കൂറുകൾ തടവിലാക്കപ്പെടുന്ന കുട്ടികൾ വീട്ടിലെത്തുമ്പോൾ സ്റ്റഡി റൂം എന്ന മറ്റൊരു തടവറയിലേക്കു തള്ളപ്പെടുന്നു. ഇഷ്ടമുള്ള സ്ഥലത്തിരുന്നു പഠിക്കുമ്പോഴാണു പഠനം രസകരമാവുന്നത്. ചിലർക്കു വീടിനു വെളിയിൽ പുൽത്തകിടിയിലും മറ്റും പോയിരുന്നു പഠിക്കാനാണിഷ്ടം. നടന്ന് പഠിക്കാനിഷ്ടപ്പെടുന്ന കുട്ടികളുമുണ്ട്. ഇങ്ങനെയൊക്കെ പഠിച്ചവർ നല്ലനിലയിൽ എത്തിയിട്ടുമുണ്ട്.
സ്റ്റഡിറൂമിലിരുന്നു പഠിച്ചാലേ ജീവിതവിജയം നേടാനാവൂ എന്ന് ആരും പറഞ്ഞിട്ടില്ല. പല പ്രശസ്തരുമായുള്ള അഭിമുഖങ്ങൾ ശ്രദ്ധിച്ചാലറിയാം. അവരാരും ഇങ്ങനെയൊരു കാര്യം സൂചിപ്പിച്ചതായി കേട്ടിട്ടുമില്ല. പഠനത്തെ ഒരു പ്രഹസനമാക്കുകയാണ് പഠനമുറികൾ ചെയ്യുന്നത്. അടച്ചിട്ട മുറിയിൽ നിർബന്ധിച്ചിരുത്തുന്നതിനു പകരം അവരെ തുറന്നു വിടുക. പ്രകൃതിയറിഞ്ഞ് അവര്‍ ഉൽസാഹത്തോടെ പഠിക്കട്ടെ. അവരുടെ മനസ്സ് വിശാലമായിത്തീരട്ടെ.
∙ അനാരോഗ്യകരമായ കംപ്യൂട്ടർ റൂമുകൾ
ഒരു കാലത്തു റേഡിയോയ്ക്കും ടെലിവിഷനും വേണ്ടി പ്രത്യേക കൂടുകളും പെട്ടികളും ഷെൽഫുകളുമൊക്കെ ഉണ്ടാക്കി ആഘോഷിച്ചവരാണ് നമ്മൾ. കംപ്യൂട്ടര്‍ വന്നതോടെ അതൊന്നും മതിയാകാതെ വലിയൊരു മുറിതന്നെ ആ ബുദ്ധിയന്ത്രത്തിനു വേണ്ടി നമ്മൾ പണിതുകൊണ്ടിരിക്കുകയാണ്. ഇത്തരം കംപ്യൂട്ടർ റൂമുകൾ പലപ്പോഴും ഇന്റർനെറ്റ് കഫേയിലെ കുടുസ് മുറിയെ ഓര്‍മപ്പെടുത്തും. അനാരോഗ്യകരമായ അന്തരീക്ഷമാണത്.
പ്രായത്തിന്റെ ചാപല്യങ്ങൾക്കും ഇത് അവസരമൊരുക്കുന്നു. നാല് സ്ക്വയർഫീറ്റുള്ള ഒരു മേശപ്പുറത്ത് ഒതുക്കാവുന്നതേയുള്ളൂ നമ്മുടെ കംപ്യൂട്ടർ സിസ്റ്റം മുഴുവൻ. നമ്മുടെ കുട്ടികൾ നമ്മുടെ കൺവെട്ടത്തു തന്നെ കംപ്യൂട്ടർ ഉപയോഗിച്ചു പഠിച്ചാൽ എന്താണു കുഴപ്പം? കുഴപ്പമില്ലെന്നു മാത്രമല്ല, വീട്ടുകാർ തമ്മിലുള്ള ആശയവിനിമയം വർധിക്കും, അനാവശ്യവിസ്താരം കുറച്ചു വീടു നിർമാണ ബജറ്റിൽ നല്ലൊരു തുക ലാഭിക്കുകയും ചെയ്യാം.