സൂപ്പർഹിറ്റ്! നാട്ടിലെ താരമായി ഡോക്ടർ ദമ്പതികളുടെ വീട്
Mail This Article
കോഴിക്കോട് ചേവായൂരിൽ സഫലമാക്കിയ വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.
ഞങ്ങൾ രണ്ടും ഡോക്ടർമാരാണ്. തിരക്കിട്ട ജീവിതത്തിനിടയിൽ സ്വസ്ഥവും സമാധാനവുമായി ചെലവിടാൻ ഒരിടം എന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം. ട്രഡീഷനൽ+ മോഡേൺ ഘടകങ്ങൾ കൂട്ടിയിണക്കിയാണ് വീടൊരുക്കിയത്. പല തട്ടുകളായുള്ള സ്ലോപ് റൂഫിനൊപ്പം ഫ്ലാറ്റ് റൂഫും ചേരുന്നതാണ് എലിവേഷൻ. ക്ലാഡിങ്, ജാളി, ഗ്ലാസ്, കോൺക്രീറ്റ് ടെക്സ്ചർ എന്നിവയെല്ലാം പുറംകാഴ്ച അലങ്കരിക്കാൻ ഉപയോഗിച്ചു. മുൻവശത്തായി ജിഐ ട്രസ് ചെയ്ത് കാർ പോർച്ച് ഒരുക്കി.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം, കൺസൾട്ടിങ് റൂം, ബാൽക്കണി എന്നിവയാണ് 4700 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
ബ്രിക്ക് ക്ലാഡിങ് സിറ്റൗട്ടിൽ ഭംഗി നിറയ്ക്കുന്നു. ഇൻബിൽറ്റ് ബെഞ്ച് ഇവിടെ ക്രമീകരിച്ചു. സെമി- ഓപൺ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. പൊതുവിടങ്ങൾ ദൃശ്യപരമായി ബന്ധിപ്പിച്ചതിനൊപ്പം ഡൈനിങ്, കിടപ്പുമുറി തുടങ്ങിയ ഇടങ്ങൾക്ക് സ്വകാര്യതയും നൽകിയിട്ടുണ്ട്. വീടിന്റെ പൊതുവിടങ്ങളിലേക്ക് നോട്ടമെത്താത്തവിധം കൺസൾട്ടിങ് റൂമും സജ്ജമാക്കി. ലാൻഡ്സ്കേപ്പിൽ പരിപാലനം കുറഞ്ഞ ചെടികളാണ് തിരഞ്ഞെടുത്തത്. ഫിഷ് പോണ്ടാണ് ഒഴിവ് വേളകളിൽ ഞങ്ങളുടെ പ്രിയയിടങ്ങളിലൊന്ന്.
ഫോർമൽ ലിവിങ്- ഫാമിലി ലിവിങ്- ഡൈനിങ് സ്‌പേസുകൾ നേർരേഖയിലെന്നപോലെ ഒറ്റ ഹാളിന്റെ ഭാഗമാണ്. ഇതിനിടയിൽ ഡബിൾഹൈറ്റ് സ്‌പേസുമുണ്ട്. അതിനാൽ വീട്ടിലേക്ക് പ്രവേശിക്കുമ്പോൾത്തന്നെ വിശാലത അനുഭവപ്പെടുന്നു. ഇടനാഴികളാണ് പലയിടങ്ങളെയും കൂട്ടിയിണക്കുന്നത്. വ്യത്യസ്‌ത ഡിസൈനിലുള്ള ടൈലുകൾ വിരിച്ച് ഇടനാഴികൾ ഹൈലൈറ്റ് ചെയ്തു.
ഡബിൾ ഹൈറ്റിലാണ് ഫാമിലി ലിവിങ്. ഇവിടെ ഭിത്തി കോൺക്രീറ്റ് ഫിനിഷിൽ ടെക്സ്ചർ ചെയ്ത് ടിവി യൂണിറ്റ് വേർതിരിച്ചു. ഇവിടെ സ്ലൈഡിങ്- ഫോൾഡിങ് ഡോർ വഴി പുറത്തേക്കിറങ്ങാം. ഈ വാതിൽ തുറന്നിട്ടാൽ കാറ്റും വെളിച്ചവും സമൃദ്ധമായി ഉള്ളിലെത്തും. ഇത് തുറന്ന് പ്രവേശിക്കുന്നത് ഫിഷ് പോണ്ടിലേക്കാണ്.
വീടിനുള്ളിലെ ഞങ്ങളുടെ പ്രിയയിടം ഡൈനിങ്ങിനോട് ചേർന്നുള്ള പാറ്റിയോയാണ്. ഇവിടെ നാടൻ ഓടും ഗ്ലാസ് ഓടും വിരിച്ച മേൽക്കൂരയാണ് ആകർഷണം. ഫിൽറ്റർ ചെയ്തപോലെ വെളിച്ചം ഇതുവഴി ഉള്ളിലെത്തും. നിലത്ത് ജയ്സാൽമീർ സ്‌റ്റോൺ വിരിച്ചു. ഒരു ഊഞ്ഞാലും ഇവിടെനൽകി. ഒഴിവ് നേരങ്ങളിൽ ഇവിടെയിരുന്ന് പുസ്തകം വായിക്കാനും വെറുതെയിരിക്കാനും പ്രത്യേക രസമാണ്.
ഗ്രീൻ- വൈറ്റ് കോംബിനേഷനിലാണ് കിച്ചൻ. മൾട്ടിവുഡിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.
താഴെ നാലും മുകളിൽ രണ്ടും കിടപ്പുമുറികളുണ്ട്. ഓരോ മുറികളും വ്യത്യസ്‌ത തീമിലാണ് ഒരുക്കിയത്. അറ്റാച്ഡ് ബാത്റൂം, വോക് ഇൻ വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയും മുറികളിലുണ്ട്.
രാത്രിയിൽ ലൈറ്റുകൾ കൺതുറക്കുമ്പോൾ വീടിന്റെ ഭംഗി വീണ്ടും വർധിക്കുന്നു. ചുരുക്കത്തിൽ ഇപ്പോൾ തിരക്കുകളിൽനിന്ന് ഓടിയെത്താനുള്ള ഇടമാണ് ഞങ്ങൾക്ക് വീട്.
Project facts
Location- Chevayoor, Calicut
Plot- 13 cent
Area- 4700 Sq.ft
Owners- Dr.Bhavith, Dr.Remya
Design- Mukhil, Babith, Dijesh, Ragesh
Concern Architectural Consultants, Calicut