ഓണം ആഘോഷിക്കാൻ റെഡിയായോ? ഈ അവസാനവട്ട ഒരുക്കങ്ങൾ മറക്കല്ലേ
Mail This Article
ഓണക്കോടിയും ഓണസദ്യയും കളികളും കൊണ്ട് തീരുന്നതല്ല മലയാളികൾക്ക് ഓണാഘോഷം. ഓണം സ്‌പെഷൽ വൃത്തിയാക്കലും ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു. നീണ്ട മഴക്കാലത്തിനുശേഷം മുറ്റവും തൊടിയും വീട്ടകങ്ങളും വൃത്തിയാക്കാനുള്ള അവസരം കൂടിയാണ് ഇത്.
വീട് എങ്ങനെ അലങ്കരിക്കാം
ഓണത്തിന്റെ അലങ്കാരങ്ങളിൽ ഒന്നാമത്തേതാണ് മുറ്റത്തെ പൂക്കളം. ഇതിനുപുറമേ കുടുംബവും കൂട്ടുകാരും വീട്ടിലേയ്ക്ക് എത്തിച്ചേരുമ്പോൾ ഏറ്റവും മനോഹരമായ വിധത്തിൽ വീട് അലങ്കരിച്ചിടാം. കേരളത്തനിമ നിറഞ്ഞുനിൽക്കുന്ന അലങ്കാര വസ്തുക്കളാണ് ഓണക്കാലത്തിന് ഏറ്റവും അനുയോജ്യം.
നിറങ്ങൾ
നിറങ്ങൾകൊണ്ട് സമ്പന്നമാണ് ഓണാഘോഷം. അതുകൊണ്ടുതന്നെ മഞ്ഞ, പച്ച, ചുവപ്പ്, നീല എന്നീ നിറങ്ങൾക്ക് പ്രാധാന്യം നൽകി അലങ്കാരവസ്തുക്കൾ തിരഞ്ഞെടുക്കാം. സമൃദ്ധി, സന്തോഷം എന്നിവയുമായെല്ലാം ബന്ധപ്പെട്ട് കിടക്കുന്നവയാണ് ഈ നിറങ്ങൾ. വീടിനുള്ളിൽ ഉത്സവത്തിന്റെ ഊർജ്ജം നിറയ്ക്കാൻ ഈ നിറങ്ങളുടെ സാന്നിധ്യത്തിലൂടെ സാധിക്കും.
പൂക്കൾ
ഓണക്കാലത്ത് പൂക്കളം ഒരുക്കാൻ മാത്രമല്ല വീട് അലങ്കരിക്കാനും പൂക്കൾ ഉപയോഗിക്കാം. ജമന്തി പൂക്കൾ കൊണ്ടുണ്ടാക്കിയ മാലകൾ വീടിനുമുന്നിൽ തൂക്കിയിടുന്നത് പെട്ടെന്ന് തന്നെ ഉത്സവാന്തരീക്ഷം സൃഷ്ടിക്കും. പ്രധാന വാതിലിന്റെ ഭാഗത്ത് മുല്ലപ്പൂമാലകളും ഉപയോഗിക്കാം. വീടിനകം സുഗന്ധപൂരിതമാകാനും ഇത് സഹായിക്കും.
ഓട്ടുപാത്രങ്ങൾ
കേരളത്തനിമ നിറഞ്ഞുനിൽക്കുന്ന ഓട്ടുപാത്രങ്ങൾ വീട്ടിലുണ്ടെങ്കിൽ അവ പുറത്തെടുത്ത് പ്രൗഢമായ രീതിയിൽ വീട് അലങ്കരിക്കാം. ലിവിങ് റൂമിലും ഡൈനിങ്ങ് റൂമിലും ശ്രദ്ധ കിട്ടുന്ന ഇടങ്ങളിൽ അലങ്കാര വസ്തുക്കൾ എന്നപോലെ ഇവ പ്രദർശിപ്പിക്കാവുന്നതാണ്. ഓട്ടുരുളികൾ ഉണ്ടെങ്കിൽ അവയിൽ പൂക്കളും ദീപവും കത്തിച്ചു വയ്ക്കുന്നത് അകത്തളം കൂടുതൽ മനോഹരമാക്കും.
ഫർണിച്ചർ അലങ്കാരങ്ങൾ
പതിവായി ഉപയോഗിച്ചുവരുന്ന സോഫ കവറുകളും കുഷ്യൻ കവറുകളും മാറ്റി മനോഹരമായ പ്രിന്റുകളോടുകൂടിയവ ഉപയോഗിക്കാം. ബ്രൈറ്റ് നിറങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. കേരളത്തിലെ ഉത്സവങ്ങളുടെയോ കലാരൂപങ്ങളുടെയോ ചിത്രങ്ങൾ ഉൾപ്പെടുത്തിയ വാൾ ഹാങ്ങിങ്ങുകളും ക്രാഫ്റ്റ് വർക്കുകളും ഭിത്തികളിൽ ഉൾപ്പെടുത്തുകയും ചെയ്യാം.
***
തിരക്കിട്ട ജീവിതത്തിനിടയിൽ ഈ വൃത്തിയാക്കൽ എവിടെ തുടങ്ങി എവിടെ അവസാനിപ്പിക്കണമെന്ന് അറിയാത്തവരുമുണ്ട്. ഓണത്തിനായി വീട് എങ്ങനെ വൃത്തിയാക്കി ഒരുക്കി എടുക്കണമെന്ന് നോക്കാം.
ഒന്നിലധികം ദിവസത്തെ പ്ലാനിങ്
ആകെ അലങ്കോലമായി കിടക്കുന്ന വീടാണെങ്കിൽ രണ്ടോ മൂന്നോ ദിവസം അടുക്കിപ്പെറുക്കാൻ വേണ്ടിവന്നേക്കാം. വൃത്തിയാക്കലും അടുക്കി പെറുക്കലും ഒരേപോലെ കൈകാര്യം ചെയ്യാതെ ഓരോന്നിനും ഷെഡ്യൂളുകൾ ഉണ്ടാക്കി പ്രത്യേക സമയം നീക്കി വയ്ക്കുക. ഓരോ മുറിയിലും ആവശ്യമില്ലാതെ തുടരുന്ന സാധനങ്ങൾ കളയുകയോ വീടിന് പുറത്ത് മറ്റെവിടെയെങ്കിലും മാറ്റിവയ്ക്കുകയോ ചെയ്തതിനുശേഷം ഡീപ് ക്ലീനിങ്ങിന് ഇറങ്ങിത്തിരിക്കുക.
ഫാൻ വൃത്തിയാക്കൽ
പലപ്പോഴും മുറികൾ വൃത്തിയാക്കി ഏറ്റവും ഒടുവിലായിരിക്കും ഫാനിന്റെ കാര്യം ഓർമിക്കുന്നത്. എന്നാൽ ഏതൊരു മുറിയിലെയും ഫാനുകൾ ആവണം ആദ്യം വൃത്തിയാക്കേണ്ടത്. കാരണം ഫാനിലെ അഴുക്കും പൊടിയും വൃത്തിയാക്കിയ മുറിക്കുള്ളിൽ വീണ്ടും പരക്കുന്നത് ജോലിഭാരം ഇരട്ടിയാക്കും. ഇതിനൊപ്പം ലൈറ്റുകളും വൃത്തിയാക്കാൻ ശ്രദ്ധിക്കാം. ലൈറ്റുകൾ തുടയ്ക്കാൻ മൈക്രോ ഫൈബർ തുണി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
ക്ലീനിങ് വസ്തുക്കൾ
വൃത്തിയാക്കലിനായി വീട്ടിൽ തന്നെ ലഭ്യമായ വസ്തുക്കൾ ഉപയോഗിക്കുന്നതാണ് ഉചിതം. രാസവസ്തുക്കളുടെ അമിത ഉപയോഗം വീട് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകൾക്ക് കേടുപാടുകൾ ഉണ്ടാക്കും എന്നതിനാലാണിത്. സിങ്കുകളും ടോയ്‌ലറ്റുകളും കൗണ്ടർ ടോപ്പുകളും വൃത്തിയാക്കാൻ ബേക്കിങ് സോഡ, വിനാഗിരി, നാരങ്ങ എന്നിവയൊക്കെ ഉപയോഗിക്കാവുന്നതാണ്.
ബാത്റൂമുകൾ
ബാത്റൂം വൃത്തിയാക്കാനായി ഡിസിൻഫെക്ടൻ്റുകളും മൈക്രോ ഫൈബർ തുണികങ്ങളും ഉപയോഗിക്കുന്നത് വൃത്തിയാക്കൽ എളുപ്പമാക്കും. കണ്ണാടികൾ, സോപ് സ്റ്റാൻഡുകൾ, ക്ലോത് സ്റ്റാൻഡ് തുടങ്ങി എല്ലാ ഭാഗവും വൃത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
അവസാന പടിയായി തറ തുടയ്ക്കൽ
പൊടിയും മാറാലയും നീക്കം ചെയ്ത് കിടക്ക വിരികളും മാറ്റിയശേഷം വൃത്തിയാക്കലിന്റെ ഏറ്റവും അവസാനത്തെ പടിയായി മാത്രം തറ തുടയ്ക്കണം. കിടക്ക വിരികളും മറ്റും മാറ്റി വിരിക്കുമ്പോൾ തറയിൽ വീണ്ടും പൊടി വീഴാനുള്ള സാധ്യത കണക്കിലെടുത്താണിത്. പിന്നീട് ബെഡുകളിൽ പുതിയ ഷീറ്റുകൾ വിരിച്ച് വൃത്തിയാക്കൽ അവസാനിപ്പിക്കാം.