ലിഫ്റ്റിനുള്ളിൽ കണ്ണാടി വയ്ക്കുന്നത് വെറുതെയല്ല : പിന്നിലൊരു കാരണമുണ്ട്
Mail This Article
കെട്ടിട നിർമാണ രീതികളെ മാറ്റിമറിച്ചു കൊണ്ട് 1850കളിലാണ് ലിഫ്റ്റ് സംവിധാനം എത്തിയത്. ആകാശം തൊട്ടുനിൽക്കുന്ന കെട്ടിടങ്ങൾ നിർമിക്കാനുള്ള വഴിയൊരുങ്ങിയതും ഈ കണ്ടെത്തലിലൂടെയാണ്. ഇന്ന് വീടുകളിൽ അടക്കം ലിഫ്റ്റുകൾ സാധാരണമാണെങ്കിലും അവയുടെ ഡിസൈനിങ്ങിന് പിന്നിലെ ചില കാരണങ്ങൾ പലർക്കുംപരിചിതമല്ല. ലിഫ്റ്റുകളുടെ ഭിത്തികളിൽ സ്ഥാപിച്ചിരിക്കുന്ന കണ്ണാടികളാണ് അവയിലൊന്ന്. കാഴ്ചയിലെ ഭംഗിക്ക് പുറമേ ഈ കണ്ണാടികൾക്ക് ഒന്നിലധികം ഉപയോഗങ്ങളുണ്ട്.
സുരക്ഷ
ലിഫ്റ്റിൽ കയറുന്ന ആളുകളുടെ സുരക്ഷ ഉറപ്പാക്കുക എന്നതുതന്നെയാണ് കണ്ണാടികളുടെ പ്രധാന ഉദ്ദേശ്യം. ചെറിയ ഒരു ഇടത്തിൽ ഉൾക്കൊള്ളാവുന്ന പരമാവധി ആളുകളെയും വഹിച്ചുകൊണ്ടാണ് ലിഫ്റ്റിന്റെ സഞ്ചാരം. ഇത്തരം സാഹചര്യത്തിൽ മോഷണവും മോശമായ പെരുമാറ്റവുമൊക്കെ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ലിഫ്റ്റിന്റെ ഭിത്തികളിലും മുകൾഭാഗത്തും കണ്ണാടി ഉൾപ്പെടുത്തിയാൽ ഒപ്പമുള്ളവർ എന്തൊക്കെ ചെയ്യുന്നുവെന്ന് എല്ലാവർക്കും കൃത്യമായി കാണാൻ സാധിക്കും.
വീൽചെയർ സ്വന്തമായി നിയന്ത്രിച്ചു ഉപയോഗിക്കുന്നവരുടെ സുരക്ഷയാണ് മറ്റൊരു പ്രധാന കാര്യം. സ്ഥലപരിമിതി ഉള്ളതിനാൽ വീൽചെയർ ഉപയോഗിക്കുന്നവർക്ക് ലിഫ്റ്റിനുള്ളിൽ സൗകര്യാർഥം തിരിയാനാവില്ല. വീൽചെയർ മുന്നോട്ടോ പിന്നോട്ടോ കൃത്യമായി ചലിപ്പിക്കാനും എത്രത്തോളം സ്ഥലം ഉണ്ടെന്നത് വശങ്ങളിലേക്കോ പിന്നിലേക്കോ തിരിഞ്ഞു നോക്കാതെ കണക്കുകൂട്ടാനും സുരക്ഷിതമായി അകത്തേക്ക് കയറാനും പുറത്തിറങ്ങാനും ഈ കണ്ണാടികൾ സഹായിക്കും. അതേപോലെ ഭാരമേറിയ വസ്തുക്കൾ ലിഫ്റ്റിനുള്ളിൽ കൊണ്ടുപോകുന്ന സമയത്ത് അപകടങ്ങൾ ഒഴിവാക്കാനും കണ്ണാടികൾ സഹായിക്കുന്നുണ്ട്.
ക്ലോസ്ട്രോഫോബിയയിൽ നിന്നും ആശ്വാസം
അടച്ചു മൂടപ്പെട്ട നിലയിലുള്ള ഇടുങ്ങിയ ഇടങ്ങളെ ഭയമുള്ളവർ ഏറെയാണ്. സ്ഥലപരിമിതി, തിരക്ക്, വായുവിന്റെ അഭാവം, മെക്കാനിസത്തെ കുറിച്ചുള്ള ഭയം എന്നിങ്ങനെ പല ഘടകങ്ങൾ മൂലം ലിഫ്റ്റിനുള്ളിൽ കയറുമ്പോൾ പലർക്കും ഉൽകണ്ഠ അനുഭവപ്പെടുന്നു. ഇത്തരം സാഹചര്യങ്ങൾ ഒരുപരിധിവരെ ഒഴിവാക്കാൻ കണ്ണാടികൾ സഹായിക്കും. ലിഫ്റ്റിനുള്ളിൽ ഉള്ളതിലും അധികം വിസ്തൃതി തോന്നിപ്പിക്കാൻ കണ്ണാടികൾ സ്ഥാപിക്കുന്നതിലൂടെ സാധിക്കുന്നുണ്ട്. എത്രയധികം ആളുകൾ ഉണ്ടെങ്കിലും തിങ്ങി ഞെരുങ്ങിയ തോന്നൽ ഉണ്ടാവില്ല. ക്ലോസ്ട്രോഫോബിയ ഉള്ളവർക്കും എലവേറ്ററുകൾ സുഗമമായി ഉപയോഗിക്കാൻ ഇതിലൂടെ സാധിക്കും.