ADVERTISEMENT

സമൂഹമാധ്യമങ്ങൾ സജീവമായി ഉപയോഗിക്കുന്നവർ അനീഷ് ഭഗത് എന്ന ഇൻഫ്ലുവൻസർ പങ്കുവയ്ക്കുന്ന വിഡിയോസ് ധാരാളം കണ്ടിട്ടുണ്ടാവും.  പല വിഡിയോകളിലും തന്റെ വീട്ടിൽ ജോലിക്കെത്തുന്ന രേഷ്മ എന്ന സ്ത്രീയെയും  അനീഷ്  ഉൾപ്പെടുത്താറുണ്ട്. ഇപ്പോഴിതാ രേഷ്മ പുതിയ വീട് സ്വന്തമാക്കിയ സന്തോഷമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.  കൊണ്ടെന്റ് ക്രിയേഷനിലൂടെ ലഭിച്ച വരുമാനം ഉപയോഗിച്ചാണ് വായ്പ  പോലും എടുക്കാതെ രേഷ്മ പുതിയ വീട് വാങ്ങിയത്.

അനീഷിനെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നവർക്ക് സുപരിചിതയാണ് രേഷ്മ. തുടക്കത്തിൽ ഒരു കൗതുകത്തിന് രേഷ്മയെയും വിഡിയോകളിൽ ഉൾപ്പെടുത്തിയെങ്കിലും പിന്നീട് രേഷ്മ വിഡിയോയിലെ സ്ഥിരംസാന്നിധ്യമായി. ഒരു വർഷമായി വ്യത്യസ്ത ബ്രാൻഡുകൾക്ക് വേണ്ടി അനീഷ് തയാറാക്കുന്ന  വിഡിയോകളുടെ ഭാഗമാണ് രേഷ്മ. അങ്ങനെ കിട്ടുന്ന പണത്തിന്റെ ഒരു വിഹിതം രേഷ്മയ്ക്കും കിട്ടിത്തുടങ്ങി.

വളരെ പരിമിതമായ സ്ഥലത്ത് അസൗകര്യങ്ങൾക്ക് നടുവിലായിരുന്നു രേഷ്മയുടെ പഴയ വീടും അതിലെ ജീവിതവും. സ്വന്തമായി നല്ല ഒരു വീട് ഉണ്ടാവുക എന്നത് രേഷ്മയുടെ എക്കാലത്തെയും സ്വപ്നമായിരുന്നു. പുതിയ വീടിന്റെ ഹോം ടൂറും ഗൃഹപ്രവേശനവും എല്ലാം അനീഷ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.  രേഷ്മയുടെ കുടുംബത്തിൽ നിന്നും ആദ്യമായാണ് ഒരാൾക്ക് ഇങ്ങനെയൊരു നേട്ടം കൈവരിക്കാനാവുന്നത്.  വലിയ രണ്ട് മുറികളാണ് പുതിയ വീട്ടിൽ ഉള്ളത്. ലിവിങ് ഏരിയയും ബെഡ്റൂമും ചേർന്നതാണ് ആദ്യത്തെ മുറി. ഇതിന് തൊട്ടു പിന്നിലായി ഡൈനിങ് ഏരിയയും കിച്ചണും ഉൾപ്പെടുത്തിയിരിക്കുന്നു. 

അതുകൊണ്ടും തീർന്നില്ല, രേഷ്മയ്ക്കായി മറ്റൊരു സർപ്രൈസും അനീഷ് ഒരുക്കി. പ്രമുഖ ബ്രാൻഡുമായി സഹകരിച്ച് പുതിയ വീടിന്റെ ഇന്റീരിയർ ഫർണിഷ് ചെയ്തുമനോഹരമാക്കി. അവിടേക്ക് പ്രവേശിക്കുന്ന രേഷ്മയുടെ സന്തോഷവും റീലിൽ കാണാം.

തന്റെ ജീവിതം ഒരിക്കലും ഇത്രയും ലളിതമായിരുന്നില്ല എന്നും അടക്കാനാവാത്ത സന്തോഷമുണ്ടെന്നും രേഷ്മ പറയുന്നു. സന്തോഷകരമായ മുഹൂർത്തങ്ങളുടെ വിഡിയോ ദിവസങ്ങൾക്കുള്ളിൽ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. വീട്ടുജോലിക്കെത്തുന്നവരെ അവഗണിച്ചും മാറ്റിനിർത്തിയും മനുഷ്യരാണെന്ന പരിഗണന പോലും നൽകാൻ മടിക്കുന്നവർക്കിടയിൽ അനീഷിനെ പോലുള്ളവർ മാതൃകയാണെന്ന് ധാരാളം ആളുകൾ പ്രതികരിക്കുന്നുണ്ട്. 

English Summary:

Influencer help maid to buy her dreamhome- Life story Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com