മുറികളിൽ ഉണക്കാനിട്ട തുണികളിലെ മുഷിഞ്ഞ ഗന്ധം നിറയുന്നുണ്ടോ? പരിഹാരമുണ്ട്
Mail This Article
തുണികളുടെ മുഷിഞ്ഞ ഗന്ധം മുറിക്കുള്ളിൽ നിറയുന്നത് പല വീടുകളിലും തലവേദനയാണ്. തുണി ഉണങ്ങാൻ സമയമെടുക്കുന്ന മഴക്കാലത്താണ് ഈ പ്രശ്നം കൂടുതലുള്ളത്. ഓഫിസിലേക്കോ പുറത്തേക്കോ പോകാനായി തിരക്കിട്ട് വസ്ത്രം ധരിക്കുമ്പോഴാകും അലക്കിവച്ച വസ്ത്രങ്ങളിലെ മുഷിഞ്ഞ ഗന്ധം ശ്രദ്ധയിൽപ്പെടുക. പുറമെ ഉണങ്ങിയെന്ന് തോന്നിയാലും നൂലിഴകൾക്കുള്ളിൽ ഈർപ്പം തങ്ങിനിൽക്കുന്നതാണ് ഈ ദുർഗന്ധത്തിനുള്ള പ്രധാനകാരണം.
അധികമായി വിയർപ്പ് പിടിച്ച വസ്ത്രങ്ങളിലും അലക്കിയ ശേഷവും ഇങ്ങനെ ഗന്ധം ഉണ്ടായെന്നു വരാം. വസ്ത്രം സൂക്ഷിക്കുന്ന ഡ്രോയറുകളിലോ അലമാരികളിലോ വായുസഞ്ചാരം തീരെയില്ലാത്തതാകാം മറ്റൊരു കാരണം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അലക്കി ഉണക്കിയ വസ്ത്രങ്ങൾ മുഷിഞ്ഞു നാറാതെ ഫ്രഷായി സൂക്ഷിക്കാൻ കഴിയും.
അലക്കാൻ വൈകരുത്
ക്ഷീണിച്ച് വിയർത്ത് വീട്ടിൽ വന്നുകയറുമ്പോൾ വിയർപ്പ് പിടിച്ച വസ്ത്രങ്ങൾ അലക്കാൻ പിന്നത്തേക്ക് മാറ്റിവയ്ക്കുന്നതാണ് പലരുടെയും പതിവ്. എന്നാൽ വിയർപ്പ് മൂലമോ വെള്ളം വീണോ നനവ് പടർന്ന വസ്ത്രങ്ങൾ എത്രയും വേഗം അലക്കിയിടണം. വസ്ത്രത്തിന്റെ ഇഴകളിൽ വിയർപ്പിന്റെ ഗന്ധം ഇറങ്ങിച്ചെന്ന് തങ്ങിനിൽക്കാതിരിക്കാൻ ഇത് ഉപകരിക്കും.
ഉണങ്ങാൻ ഇടുമ്പോൾ ശ്രദ്ധിക്കേണ്ടത്
അലക്കിയ തുണി ഉണങ്ങുന്നതിനായി വിരിച്ചിടാൻ വൈകരുത്. അലക്കിയ നിലയിൽ നനവോടെ അധികനേരം തുണി സൂക്ഷിക്കുന്നതും ദുർഗന്ധത്തിന് കാരണമാകും. വാഷിങ് മെഷീനിൽ അലക്കിയ തുണികൾ അധികനേരം വച്ചാൽ വായുസഞ്ചാരം ഇല്ലാത്തതു മൂലം കടുത്ത ദുർഗന്ധം അനുഭവപ്പെടും. അതിനാൽ അലക്കിയ ശേഷം ഉടൻതന്നെ തുണികൾ വിരിച്ചിടുക. വസ്ത്രത്തിൽ മടക്കുകൾ ഇല്ലാത്ത വിധത്തിൽ വേണം വിരിച്ചിടാൻ.
ഉണങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം
ഒറ്റനോട്ടത്തിൽ ഉണങ്ങിയിട്ടുണ്ടെന്ന് തോന്നിയാലും വസ്ത്രത്തിന്റെ കട്ടിയേറിയ ഭാഗങ്ങളിൽ നനവ് അവശേഷിക്കാൻ സാധ്യത ഏറെയാണ്. പലപ്പോഴും ഇത് ശ്രദ്ധിക്കാതെ തുണി ഉണങ്ങിയെന്ന് കരുതി മടക്കിയെടുത്ത് അലമാരകളിൽ സൂക്ഷിക്കുകയും ചെയ്യും. അലമാരയ്ക്കുള്ളിൽ വായുസഞ്ചാരം ഇല്ലാതെ നനവോടെ ഇരിക്കുന്ന വസ്ത്രം അലമാരയിലാകെ മുഷിഞ്ഞ ഗന്ധം പരത്തും. അതിനാൽ മടക്കി വയ്ക്കുംമുൻപ് വസ്ത്രത്തിന്റെ എല്ലാ ഭാഗങ്ങളും പൂർണമായും ഉണങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
ദുർഗന്ധം ഉണ്ടാവാതിരിക്കാനുള്ള മാർഗങ്ങൾ
* തുണി അലക്കാനുള്ള വെള്ളത്തിൽ അൽപം വിനാഗിരി നേർപ്പിച്ച് കലർത്തുന്നത് ദുർഗന്ധം അകറ്റാൻ സഹായിക്കും. എന്നാൽ തുണിത്തരം ഏതാണെന്നത് കൃത്യമായി മനസ്സിലാക്കിയശേഷം മാത്രം വിനാഗിരി ഉപയോഗിക്കുക. പതിവായി വിനാഗിരി വാഷിങ് മെഷീനിൽ ഉപയോഗിക്കുന്നത് മെഷീനിന് കേടുവരുത്തും എന്നതും ഓർമിക്കേണ്ടതുണ്ട്.
* വസ്ത്രത്തിൽ പൂപ്പലുണ്ടെന്ന് കണ്ടെത്തിയാൽ അത് എത്രയും വേഗം നീക്കം ചെയ്യണം. വാഷിങ് മെഷീനിൽ ടെംപറേച്ചർ കൂട്ടിവച്ച് ഇത്തരം വസ്ത്രങ്ങൾ അലക്കാം. കൈ കൊണ്ടാണ് കഴുകുന്നതെങ്കിൽ അൽപം ചൂടുവെള്ളവും ഉപയോഗിക്കാം.
* സാധിക്കുമെങ്കിൽ തുറസ്സായ ഇടങ്ങളിലോ വായുസഞ്ചാരം ധാരാളമുള്ള ഇടത്തോ തുണി ഉണങ്ങാൻ വിരിച്ചിടുക. സൂര്യപ്രകാശം നേരിട്ടേറ്റാൽ നിറംമങ്ങാത്ത വസ്ത്രങ്ങൾ വെയിലത്ത് ഉണങ്ങാൻ ഇടുക. വായസഞ്ചാരം കുറഞ്ഞ മുറികൾക്കുള്ളിൽ തുണികൾ വിരിച്ചിട്ടാൽ ഉണങ്ങി കിട്ടുമെങ്കിലും ദുർഗന്ധം തങ്ങിനിൽക്കാൻ സാധ്യതയുണ്ട്.