ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

മനസ്സിൽ എത്രയൊക്കെ കണക്കുകൂട്ടലുകൾ ഉണ്ടെങ്കിലും ഒരു വീടിന്റെ നിർമാണം പൂർത്തിയാകുമ്പോൾ പല പാകപ്പിഴകളും വന്നേക്കാം. അതുമൂലം വീട്ടുടമസ്ഥരും കോൺട്രാക്ടർമാരും തമ്മിൽ ഉണ്ടാവുന്ന വഴക്കുകളും പ്രശ്നങ്ങളും പുതുമയുമല്ല. സ്വപ്നവീട് വിചാരിച്ചപോലെ സഫലമാകുന്നത് നിസ്സാര കാര്യമല്ലെന്ന് ചുരുക്കം. എന്നാൽ തന്റെ സ്വപ്നം അതിമനോഹരമായി പൂർത്തിയാക്കിത്തന്ന കോൺട്രാക്ടർക്ക് ഒരുകോടി രൂപയുടെ വാച്ച് സമ്മാനിച്ചിരിക്കുകയാണ് പഞ്ചാബ് സ്വദേശിയായ ഒരു വ്യവസായി. ഗുർദീപ് ദേവ് ഭട്ടാണ് കോൺട്രാക്ടറായ രജീന്ദർ സിങ്ങിന് റോളക്സ് വാച്ച് സമ്മാനം നൽകിയത്. 

സിറക്പൂരിലെ ഒൻപത് ഏക്കർ വിസ്തൃതമായ എസ്റ്റേറ്റിലാണ് ഗുർദീപിന്റെ മനോഹരമായ ആഡംബര ബംഗ്ലാവിന്റെ നിർമാണം പൂർത്തിയായിരിക്കുന്നത്. വീടിന്റെ ഓരോ കോണും അങ്ങേയറ്റം ശ്രദ്ധയോടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച വരുത്താതെ വേഗതയിൽ രജീന്ദർ നിർമിച്ചു നൽകി. രജീന്ദറിന്റെ ആത്മാർഥതയിൽ സന്തോഷം തോന്നിയതുകൊണ്ടാണ് വിലമതിക്കുന്ന സമ്മാനം അദ്ദേഹത്തിന് നൽകാൻ വീട്ടുടമ തീരുമാനിച്ചത്.

ഒരു പഴയകാല രാജസ്ഥാനി കോട്ടയെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് വീടിന്റെ നിർമാണം. ഗർജിക്കുന്ന സിംഹങ്ങളുടെ ആകൃതിയിലുള്ള രണ്ട് ശിൽപങ്ങളാണ് എസ്റ്റേറ്റിലേക്ക് കയറുമ്പോൾ ആദ്യം കാണാനാവുക. മധ്യഭാഗത്തായി വലിയ ഫൗണ്ടനും ഒരുക്കിയിരിക്കുന്നു. ചുറ്റുപാടും മരങ്ങളും ചെടികളുമൊക്കെ വച്ചുപിടിപ്പിച്ച് ആകർഷകമാക്കിയിട്ടുണ്ട്. തൂവെള്ള നിറമാണ് രാജകീയത നിറഞ്ഞുതുളുമ്പുന്ന വീടിന് നൽകിയിരിക്കുന്നത്. അതിവിശാലമായാണ് അകത്തളങ്ങൾ ഒരുക്കിയത്.

1912583542

വീടിനും എസ്റ്റേറ്റിനും സംരക്ഷണം ഒരുക്കാൻ വലിയ ചുറ്റുമതിലുമുണ്ട്. 200 ജോലിക്കാരാണ് വീടിന്റെ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. സമാനതകളില്ലാത്ത വിധം ആഡംബരവും പ്രൗഢിയും നിറഞ്ഞ ബംഗ്ലാവും എസ്റ്റേറ്റും നിർമിച്ചെടുക്കാൻ രണ്ടുവർഷം മാത്രമേ വേണ്ടി വന്നുള്ളൂ.

വെറുമൊരു വീട് എന്നതിനപ്പുറം ആഡംബരത്തിന്റെ പര്യായം എന്നാണ് നിർമിതിയെ ഗുർദീപ് വിശേഷിപ്പിക്കുന്നത്. കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകുമ്പോൾ മനസ്സിൽ കണ്ട രീതിയിൽ തന്നെ ആകുമോ എന്ന് ചിന്തിച്ചിരുന്നെങ്കിലും കുടുംബത്തിന്റെ പ്രതീക്ഷകൾക്കൊക്കെ അപ്പുറം മനോഹരമായാണ് കോൺട്രാക്ടർ വീട് ഒരുക്കി നൽകിയത്.  

നിർമാണം പൂർത്തിയായപ്പോൾ തനിക്ക് അങ്ങേയറ്റം സംതൃപ്തി തോന്നിയെന്നും ഇത്രയും വലിയ ഒരു പദ്ധതി ഉടമയുടെ മനസ്സിനൊത്ത വിധത്തിൽ പൂർത്തീകരിക്കാനായതിൽ സന്തോഷമുണ്ടെന്നും കോൺട്രാക്ടർ രജീന്ദർ പറയുന്നു. ആർക്കിടെക്ട് രഞ്ജോദ് സിങ്ങാണ് ഈ രാജകീയ ബംഗ്ലാവിന്റെ രൂപകൽപന നിർവഹിച്ചിരിക്കുന്നത്.

English Summary:

Punjabi Business Man Gift 1 Cr Rolex Watch to Contractor- News

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com