ADVERTISEMENT

വൃത്തിയായി അയൺ ചെയ്തെടുത്ത വസ്ത്രമിട്ട് പുറത്തുപോകുന്നത്  ആത്മവിശ്വാസം വർധിപ്പിക്കും. എന്നാൽ അയൺ ബോക്സ് അഴുക്ക് പറ്റിപ്പിടിച്ച് വൃത്തികേടായാലോ? ഇളംനിറത്തിലുള്ള വസ്ത്രങ്ങളിൽ അഴുക്കു പറ്റിയെന്നു വരാം. ചില തുണിത്തരങ്ങൾ ഉരുകി പോകാനും ഇത് കാരണമാകും. അയൺ ബോക്സിന്റെ സോൾ പ്ലേറ്റുകൾ വൃത്തിയാക്കുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. അവയിലെ അഴുക്ക് എങ്ങനെ നീക്കം ചെയ്യാമെന്ന് നോക്കാം.

പേപ്പറും ഉപ്പും

വസ്ത്രങ്ങൾ ഉരുകിപ്പിടിച്ചുണ്ടായ പശപശപ്പുള്ള കറകൾ പോലും സോൾ പ്ലേറ്റുകളിൽ നിന്ന് എളുപ്പത്തിൽ നീക്കം ചെയ്യാൻ ഇവ സഹായിക്കും. ആദ്യം ഒരു പേപ്പർ/ബ്രൗൺ പേപ്പർ എടുക്കുക. ഇതിനു മുകളിലേക്ക്  അൽപം ഉപ്പുപൊടി വിതറാം. അയൺ ബോക്സ് ഏറ്റവും ഉയർന്ന താപനിലയിൽ ചൂടാക്കണം. അവ്ൻ പ്രവർത്തിപ്പിക്കുമ്പോൾ ഉപയോഗിക്കുന്ന മിറ്റൺ ധരിച്ച ശേഷം വൃത്തിയാക്കൽ ആരംഭിക്കുന്നതാവും ഉചിതം. അതിനുശേഷം വസ്ത്രങ്ങൾ തേക്കുന്നതുപോലെ വൃത്താകൃതിയിൽ അയൺ ബോക്സ് പേപ്പറിന് മുകളിലൂടെ നീക്കുക. കറകൾ നീങ്ങി സോൾ പ്ലേറ്റ് വൃത്തിയാക്കുന്നതുവരെ ഇത് തുടരാം. പിന്നീട് ബോക്സ് അൺപ്ലഗ് ചെയ്ത് ചൂട് പൂർണമായും നീങ്ങാൻ സമയം നൽകുക. അതിനുശേഷം മൃദുവായ ഉണങ്ങിയ തുണിയെടുത്ത് സോൾ പ്ലൈറ്റ് നന്നായി തുടയ്ക്കണം. 

ബേക്കിങ് സോഡ

വീട്ടിലെ ഏതൊരു പ്രതലവും വൃത്തിയാക്കാൻ ബേക്കിങ് സോഡ ഉപകാരപ്പെടും. അയൺ ബോക്സിന്റെ സോൾ പ്ലേറ്റ് വൃത്തിയാക്കാനും ബേക്കിങ് സോഡയും വെള്ളവും മാത്രം മതി.  ഒരു ബൗളിൽ രണ്ട് ടേബിൾ സ്പൂൺ ബേക്കിങ് സോഡയും ഒരു സ്പൂൺ ഡിസ്റ്റിൽഡ്/ഫിൽറ്റേർഡ് വെള്ളവും എടുത്ത് പേസ്റ്റ് രൂപത്തിൽ മിശ്രിതം തയ്യാറാക്കാം. റബർ സ്പാറ്റുലകൾ പോലെ പരന്ന പ്രതലമുള്ള മൃദുലമായ വസ്തു ഉപയോഗിച്ച് ഈ പേസ്റ്റ് അയൺ ബോക്സിന്റെ സോൾ പ്ലേറ്റിൽ തേച്ചു പിടിപ്പിക്കണം. എന്നാൽ സ്റ്റീം വെന്റുകൾക്കുള്ളിൽ പേസ്റ്റ് കടന്നുപോകാതെ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. അഞ്ചുമിനിറ്റ് നേരം പേസ്റ്റ് സോൾ പ്ലേറ്റിൽ തുടരാൻ അനുവദിക്കുക. പിന്നീട് അൽപം നനവുള്ള മൈക്രോ ഫൈബർ തുണി ഉപയോഗിച്ച് തുടച്ചുനീക്കാം. 

ടൂത്ത്പേസ്റ്റ്

ജെൽ രൂപത്തിൽ അല്ലാത്ത സാധാരണ ടൂത്ത് പേസ്റ്റ് എടുത്ത് അയൺ ബോക്സിന്റെ സോൾ പ്ലേറ്റിൽ തേച്ചുപിടിപ്പിക്കുക. സോൾ പ്ലേറ്റിൽ ചൂട് തീരെ ഇല്ല എന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ഇത് ചെയ്യാവൂ. മൂന്ന് മിനിറ്റ് നേരം ടൂത്ത്പേസ്റ്റ് അതേനിലയിൽ പ്രതലത്തിൽ തുടരാൻ അനുവദിക്കണം. വൃത്തിയുള്ള മൃദുവായ തുണിയെടുത്ത് വൃത്താകൃതിയിൽ പേസ്റ്റ് തുടച്ചുനീക്കാം. പേസ്റ്റ് പൂർണമായി നീക്കം ചെയ്തു എന്ന് ഉറപ്പാക്കിയ ശേഷം അയൺ ബോക്സിലെ സ്റ്റീം മോഡ് ഓൺ ചെയ്ത് ചൂടാക്കുക. ഉപയോഗമില്ലാത്ത ഒരു തുണിയെടുത്ത് മൂന്ന് മുതൽ അഞ്ചു മിനിറ്റ് നേരം വരെ സ്റ്റീം ചെയ്ത് വെന്റുകളിൽ അവശേഷിക്കുന്ന ടൂത്ത്പേസ്റ്റും നീക്കം ചെയ്യാം.

English Summary:

How to Remove Stains from Iron Box- Home Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com