ഇത് ഇന്ത്യയിലും വേണം: ഫ്ളാറ്റിൽനിന്ന് ഗൃഹോപകരണങ്ങൾ താഴെയെത്തിക്കാൻ കൊറിയക്കാരുടെ ടെക്നിക്; വൈറൽ
Mail This Article
താമസിക്കാൻ ഒരു പുതിയ വീട് കണ്ടെത്തുന്നതിലും പ്രയാസമാണ് പഴയ വീട്ടിൽനിന്ന് സാധനങ്ങൾ പുതിയ ഇടത്തേക്ക് എത്തിക്കുന്നത്. മുകൾനിലയിലെ ഫ്ളാറ്റാണെങ്കിൽ താഴേക്ക് സാധനം എത്തിച്ച് വണ്ടികളിൽ കയറ്റാനുള്ള പെടാപ്പാട് പറയുകയും വേണ്ട. ഈ ബുദ്ധിമുട്ടോർത്ത് വീട് മാറാൻ മടിക്കുന്നവർ വരെയുണ്ട്. എന്നാൽ ഒട്ടും ബുദ്ധിമുട്ടില്ലാതെ വളരെ എളുപ്പത്തിൽ വീട്ടുസാധനങ്ങൾ എത്ര ഉയരമുള്ള കെട്ടിടങ്ങളിൽ നിന്നും മാറ്റാൻ ദക്ഷിണ കൊറിയക്കാർക്ക് ഒരു ടെക്നിക്കുണ്ട്. കൊറിയയിൽ എങ്ങനെയാണ് വീട്ടുസാധനങ്ങൾ ഷിഫ്റ്റ് ചെയ്യുന്നതെന്നു കാണിക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ഇരുപതിലേറെ നിലകളുള്ള കെട്ടിടത്തിന്റെ മുകൾനിലയിൽനിന്ന് വീട്ടുസാധനങ്ങൾ താഴേക്കെത്തിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. ഒരു ഇന്ത്യക്കാരനാണ് വിഡിയോ പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ലാഡർ ട്രക്ക് മെതേഡ് എന്ന രീതിയാണ് ദക്ഷിണ കൊറിയക്കാർ അവലംബിക്കുന്നത്. ഏറെ ഉയരത്തിലേക്ക് എത്തിക്കാവുന്ന തരത്തിൽ ട്രക്കുമായി ഘടിപ്പിച്ചിരിക്കുന്ന ഏണിയാണ് പ്രധാന ഭാഗം.
എലവേറ്റഡ് ലിഫ്റ്റുകൾ എന്നും ഈ ലാഡർ ട്രക്കുകൾ അറിയപ്പെടുന്നുണ്ട്. താഴെ പാർക്ക് ചെയ്തിരിക്കുന്ന ട്രക്കിൽ നിന്നും ഏറ്റവും ഉയരത്തിലുള്ള നിലകളിൽ ഒന്നിലേക്ക് ബന്ധിപ്പിച്ചിരിക്കുന്ന ലാഡർ വിഡിയോയിൽ കാണാം. വലിയ ബോക്സുകളിലാക്കിയ നിലയിൽ വീട്ടുസാധനങ്ങളും ഫർണിച്ചറുകളുമൊക്കെ ലാഡറിലെ പരന്ന പ്രതലത്തിലേക്ക് കയറ്റിവയ്ക്കും. പിന്നീട് സാധാരണ ലിഫ്റ്റുകളിൽ എന്നതുപോലെ ഇവ താഴേക്ക് എത്തിക്കും. എത്ര ഉയരത്തിൽ നിന്നും മിനിറ്റുകൾക്കുള്ളിൽ സാധനങ്ങൾ താഴെ എത്തിക്കാനാവും എന്നതാണ് എടുത്തുപറയേണ്ടത്.
ദക്ഷിണ കൊറിയയിൽ കെട്ടിടങ്ങൾ നിർമിക്കുമ്പോൾ തന്നെ ലാഡർ ട്രക്കുകളിൽ സാധനങ്ങൾ കയറ്റാനുള്ള സംവിധാനം ഒരുക്കും. എടുത്തു നീക്കാവുന്ന തരത്തിലുള്ള ജനാലകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഉയരമുള്ള കെട്ടിടങ്ങളിൽനിന്ന് വീട്ടുസാധനങ്ങൾ ചെറിയ കോറിഡോറുകളിലൂടെ എടുത്തുകൊണ്ടു പോകുന്നതിനും ലിഫ്റ്റിൽ ഒതുങ്ങാത്തത്ര വലുപ്പമുള്ള വസ്തുക്കൾ സ്റ്റെയർകേസ് മാർഗം താഴെ എത്തിക്കുന്നതിനും ചിലപ്പോൾ ദിവസങ്ങൾ വേണ്ടിവരും. ഒന്നിലധികം ആളുകളുടെ സഹായം വേണ്ടതിനാൽ ചെലവും ഏറെയാണ്. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് മുകൾനിലകളിൽ താമസിക്കുന്നവർ ഫർണിച്ചറുകൾ പരമാവധി ഒഴിവാക്കാറുണ്ട്. എന്നാൽ ലാഡർ ട്രക്കുകൾ ഉപയോഗിച്ച് മണിക്കൂറുകൾക്കുള്ളിൽ സാധനങ്ങൾ നിഷ്പ്രയാസം മാറ്റാനാവും എന്നതിനാൽ ദക്ഷിണ കൊറിയക്കാർ ഫ്ളാറ്റിലെ സൗകര്യങ്ങളിൽ വിട്ടുവീഴ്ച വരുത്താറില്ല.
ദക്ഷിണ കൊറിയ ഇപ്പോഴേ അഞ്ചു വർഷങ്ങൾക്കപ്പുറമാണ് ജീവിക്കുന്നത് എന്ന് ധാരാളം ആളുകൾ പ്രതികരിക്കുന്നു. ഇത്തരത്തിൽ സാധനങ്ങൾ മാറ്റാനുള്ള വിദ്യ എത്രയും വേഗം ഇന്ത്യയിൽ വരട്ടെ എന്ന് ആശിക്കുന്നവരും കുറവല്ല.