ഇതൊരു പ്ലാസ്റ്റിക് വീട്! കട്ടയ്ക്ക് പകരം ചിപ്സ് പാക്കറ്റ്, ഷാമ്പൂ കുപ്പികൾ
Mail This Article
മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂരിലെ ബോട്ടാണിക്കൽ ഗാർഡനിൽ ഒരു ഇരുനില വീടുണ്ട്. വലിയ ഹാളും കിടപ്പുമുറിയും സ്റ്റെയർകെയ്സും കുട്ടികൾക്കുള്ള പ്രത്യേക കിടപ്പുമുറിയും വിശാലമായ വരാന്തയും ഒക്കെ ഉൾപ്പെടുന്ന ഈ വീടിന് ആദ്യ കാഴ്ചയിൽ പ്രത്യേകതകൾ ഒന്നും പറയാനില്ല. പക്ഷേ പൂർണ്ണമായും പ്ലാസ്റ്റിക്കിലാണ് ഈ വീടിന്റെ നിർമാണം.
അവിശ്വസനീയമായി തോന്നുമെങ്കിലും ടൈലുകളും ഭിത്തികളും എന്തിനേറെ ഈ വീടിന്റെ സീലിങ് വരെ പ്ലാസ്റ്റിക്കിലാണ്. ഡോ. ബാൽമുകുന്ദ് പാലിവാളാണ് വീടിന്റെ നിർമാതാവ്. 18 അടി ഉയരവും 10 അടി വീതിയും ഉള്ള വീടിൻ്റെ വിസ്തീർണ്ണം 625 ചതുരശ്ര അടിയാണ്. വീടിന്റെ എല്ലാ ഭാഗങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങൾ മാത്രം ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത് എന്ന് ഡോ. ബാൽമുകുന്ദ് പറയുന്നു.
പൊട്ടറ്റോ ചിപ്സ് പാക്കറ്റുകൾ, കുടിവെള്ള ബോട്ടിലുകൾ, മരുന്നിന്റെ റാപ്പറുകൾ, കോസ്മെറ്റിക് ബോട്ടിലുകൾ, പാൽ പാക്കറ്റുകൾ എന്നിവയെല്ലാം ഉപയോഗിച്ചിട്ടുണ്ട്. മണ്ണിൽ ഉപേക്ഷിക്കപ്പെടേണ്ട 13 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് വീടിന്റെ രൂപത്തിൽ കാണാനാവുന്നത്. അതുകൊണ്ടു തീരുന്നില്ല പ്രത്യേകതകൾ. ഒരിടത്തുനിന്നും വീട് പൊളിച്ചടുത്ത് മറ്റൊരിടത്തേക്ക് കൊണ്ടുപോകാനും സാധിക്കും. സ്ക്രൂ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന ഭാഗങ്ങൾ എല്ലാം അഴിച്ചെടുത്ത് വീട് നീക്കം ചെയ്യാൻ രണ്ടു മുതൽ അഞ്ചു മണിക്കൂർ വരെ സമയമേ വേണ്ടിവരൂ. നിലവിൽ ബോട്ടാണിക്കൽ ഗാർഡനിൽ എത്തുന്ന സഞ്ചാരികളാണ് വീട് ഉപയോഗിക്കുന്നത്. കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാർക്ക് മുലയൂട്ടാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിരിക്കുന്നു.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭൂമിയിൽ കുന്നുകൂടി കിടക്കുന്നത് എത്രത്തോളം അപകടകരമാണെന്ന് തിരിച്ചറിവിനെ തുടർന്നാണ് അതിനൊരു പരിഹാരമാർഗ്ഗം കണ്ടെത്താനുള്ള ഉറച്ച തീരുമാനം ഇദ്ദേഹം എടുത്തത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ മറ്റേതു തരത്തിൽ ഉപയോഗപ്പെടുത്താനാകുമെന്ന് അദ്ദേഹം തിരഞ്ഞു. ഒടുവിൽ കോൺക്രീറ്റിന് പകരം വീട് നിർമാണത്തിൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന്റെ സാധ്യതകളിലാണ് അദ്ദേഹം എത്തിയത്. കോൺക്രീറ്റ് നിർമിക്കാനായി അധിക ജലം വേണ്ടിവരുമെന്നതും അതിലൂടെ കാർബൺ ഡയോക്സൈഡ് പുറന്തള്ളപ്പെടുന്നതിന്റെ പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് ബദൽ മാർഗമായി പ്ലാസ്റ്റിക് എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് അന്വേഷിച്ചു തുടങ്ങി.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് അവ പൊടിച്ചെടുത്ത് ചെറിയ ഉരുളകളാക്കുകയാണ് ആദ്യപടി. പിന്നീട് ഇത് ഉരുക്കി അർദ്ധ ഖരാവസ്ഥയിലുള്ള പദാർത്ഥമാക്കും. ഈ പദാർത്ഥം വാതിലുകൾ, ടൈലുകൾ, ബഞ്ചുകൾ തുടങ്ങി വ്യത്യസ്ത ആകൃതികളിലേയ്ക്ക് മാറ്റുകയാണ് ചെയ്യുന്നത്. നിർമ്മിച്ച വസ്തു ചില്ലർ ഉപയോഗിച്ച് ഭൃഢമാക്കിയ ശേഷം പോളിഷ് ചെയ്ത് നിറം നൽകുന്നു.
വീടിൻ്റെ നിർമാണം പൂർത്തിയാക്കാൻ മൂന്നുമാസം സമയമെടുത്തു. ഫർണിച്ചറുകളിലും വാതിലുകളിലും കൊത്തുപണികളുടെ ആകൃതി നൽകിയതോടെ അവ തടിയിൽ നിർമിച്ചതാണെന്ന തോന്നൽ ഉണ്ടാകുന്നു. ഫ്രെയിം വർക്കിനായി രണ്ടര ടൺ സ്റ്റീലും ഉപയോഗിച്ചിട്ടുണ്ട്. ചൂടുകൂടിയ സ്ഥലങ്ങളിലും അതി ശൈത്യമുള്ള സ്ഥലങ്ങളിലും ഒരേപോലെ വീട് ഉപയോഗിക്കാനാവും എന്നതാണ് പ്രത്യേകത. മെയിന്റനൻസ് ഏതും ആവശ്യമില്ലാതെ കാലങ്ങളോളം നിലനിൽക്കുകയും ചെയ്യും. വൈദ്യുതി ആഘാതങ്ങളെയും തീപിടിത്തത്തെയും ചെറുക്കാനുള്ള കഴിവും വീടിനുണ്ട്. 9 ലക്ഷം രൂപയാണ് വീട് നിർമിക്കാനായി വേണ്ടിവന്നത്. 5 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചു നൽകി.