ADVERTISEMENT

ഏതാണ്ടൊരു നാല് വർഷം മുൻപാണ് ഒരു വൈകുന്നേരം ദുബായിലുള്ള സുഹൃത്ത് എന്നെ വിളിച്ച് നാട്ടിൽ ഉള്ള ഒരു വീടിനെപ്പറ്റി പറയുന്നത്. എറണാകുളം ജില്ലയിൽ ഒരു വീട് വിൽപനയ്ക്കുണ്ട്, കക്ഷിക്ക് അത് വാങ്ങിച്ചാൽ കൊള്ളാമെന്നുണ്ട്. വിലയും തരക്കേടില്ല. എങ്കിലും നാട്ടിൽ പോകുമ്പോൾ ഞാൻ അതൊന്നു പോയി കാണണം, ഒരഭിപ്രായം പറയണം. അതിനുശേഷം മാത്രമേ അദ്ദേഹം അന്തിമ തീരുമാനം എടുക്കൂ. അങ്ങനെയാണ് ഞാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഏറെ അകലെയല്ലാതെ ആ വീട്ടിൽ എത്തുന്നത്. സാമാന്യം തരക്കേടില്ലാത്ത വലിയ ഒരു വീട്, പണി കഴിഞ്ഞിട്ട് ഇപ്പോൾ അഞ്ചാറു വർഷം കഴിഞ്ഞുകാണും. 

കുറഞ്ഞ കാലയളവിനുള്ളിൽ നിർമിക്കപ്പെട്ട ഒരു വീട് വിൽപനയ്ക്ക് ഉണ്ട് എന്ന് കേൾക്കുമ്പോൾ അത് വാങ്ങിക്കാൻ ഉദ്ദേശിക്കുന്ന ആൾ ആദ്യം അന്വേഷിക്കേണ്ട കാര്യങ്ങളിലൊന്ന്, എന്തുകൊണ്ട് ആദ്യത്തെ ഉടമ അത് വിൽക്കുന്നു എന്നതാണ്. കാരണം, കുറഞ്ഞത് പത്തു കൊല്ലത്തെ ആവശ്യം മുൻനിർത്തിയാണ് ഒരാൾ വീട് പണിയുക, അതിനുള്ളിൽ അത് പെട്ടെന്ന് വിൽക്കുന്നു എങ്കിൽ അയാളുടെ കണക്കു കൂട്ടലുകൾ തെറ്റിക്കുന്ന എന്തോ ഒന്ന് ഈ കാലഘട്ടത്തിനിടയ്ക്ക് സംഭവിച്ചിട്ടുണ്ട് എന്ന് അനുമാനിക്കാം. അത് വിശ്വാസപരമായ കാരണങ്ങളാകാം. കുടുംബപ്രശ്നങ്ങളാകാം. പ്രസ്തുത കെട്ടിടത്തിന് സംഭവിച്ച എളുപ്പം കണ്ടുപിടിക്കാൻ പറ്റാത്ത സാങ്കേതിക പ്രശ്നങ്ങൾ മൂലമാകാം. നിയമപരമായ കാരണങ്ങളാകാം, അങ്ങനെ പലതുമാകാം. എന്നാൽ ഇത് കണ്ടുപിടിക്കേണ്ടത് അത്യാവശ്യമാണ്, അല്ലെങ്കിൽ നിലവിൽ അവർ നേരിടുന്ന പ്രശ്നം പുതിയതായി വാങ്ങുന്ന ആളുടെ തലയിലാകും.

 ഇക്കാര്യങ്ങളൊക്കെ ആലോചിച്ചുകൊണ്ടു സിബിഐയിലെ സേതുരാമയ്യരെപ്പോലെ വീടിന്റെ മുക്കും മൂലയും പരിശോധിച്ച് ഞാൻ നടക്കുമ്പോഴാണ് അവിടുത്തെ വീട്ടമ്മ ഒരു ഗ്ളാസ് ചായയുമായി എന്റെ അടുത്തേക്ക് വരുന്നത്.

" എന്തുകൊണ്ടാണ് ഇപ്പോൾ വീട് വിൽക്കുന്നത് ..?" ചായ വാങ്ങിച്ചുകൊണ്ടു ഞാൻ ചോദിച്ചു.

" വലിയ വീട് നോക്കി നടത്താനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് "

ആ ഉത്തരം അത്ര വിശ്വാസയോഗ്യമായി തോന്നിയില്ല. കാരണം അവർ ചെറുപ്പമാണ്, കൂടാതെ ഏതാണ്ട് ആ വീടിനു വേണ്ടുന്ന ഒരു അംഗസംഖ്യയും അവിടെയുണ്ട്. അതുകൊണ്ടുതന്നെ ഞാൻ ഒന്ന് ഇരുത്തി ചിരിച്ചു.

കൂടുതൽ ചോദിക്കേണ്ടിവന്നില്ല, ഉത്തരം മുന്നിലെത്തി.

പ്രവാസി ആയിരുന്ന ഗൃഹനാഥൻ അൽപം ലോണും പിന്നെ കയ്യിൽ ഉണ്ടായിരുന്ന പണവും എടുത്താണ് വീട് വച്ചത്, അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ടു, ഇപ്പോൾ പുതിയ അവസരങ്ങൾ ലഭിക്കുന്നില്ല. തിരിച്ചടവുകൾ മുടങ്ങി. വീട് ജപ്തി ഭീഷണിയിലാണ്, വീട് വിറ്റു ജില്ലയുടെ ഉൾഭാഗങ്ങളിൽ എവിടേക്കെങ്കിലും പോകണം. സാമ്പത്തിക ക്രയവിക്രയങ്ങൾ ഏജൻസികളുടെ നിരീക്ഷണത്തിൽ ആയതിനാൽ മുന്നത്തെപ്പോലെ വാങ്ങാനും ആളില്ല.

" ഈ വീട് കൊള്ളാം എന്ന് നിങ്ങൾ ദയവു ചെയ്തു പറയണം, വാങ്ങാൻ വേറെ പറ്റിയ ആളില്ല"

അത് പറയുമ്പോൾ അവരുടെ കണ്ണ് നിറഞ്ഞിരുന്നു. ഏതാണ്ടൊരു അഞ്ചു വർഷം മുൻപ് ഒരു പാലുകാച്ചൽ ദിവസത്തിൽ മറ്റുള്ളവരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുമ്പോൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നതും അതെ കണ്ണുകളാണ് എന്നോർത്തുകൊണ്ടു ഞാൻ ചായ കുടിച്ച ഗ്ളാസ് അവരെ തിരികെ ഏൽപിച്ചു.

എന്താണ് മലയാളിക്ക് സംഭവിക്കുന്നത് ..?

ഒഎൽഎക്സ് അടക്കമുള്ള സെക്കൻഡ് ഹാൻഡ് ഓൺലൈൻ വിപണികളിൽ ഇന്ന് വളരെ ചെറിയ വിലയ്ക്ക്  ഒട്ടേറെ വീടുകൾ വിൽപനക്ക് വച്ചിട്ടുണ്ടെങ്കിൽ, കുടുംബം അടക്കം അജ്ഞാത കാരണങ്ങളാൽ ആത്മഹത്യ ചെയ്യുന്നുണ്ടെങ്കിൽ അതിനുപിന്നിലുള്ള നിരവധി കാരണങ്ങളിലൊന്ന് മലയാളിയുടെ തെറ്റായ വീട് പ്ലാനിങ്ങാണ്.

സ്വപ്നലോകത്തെ സങ്കൽപങ്ങളിൽ നിന്നുകൊണ്ടുള്ള പ്ലാനിങ്. അത് പൂർത്തീകരിച്ചുകൊണ്ടു യാഥാർഥ്യങ്ങളിലേക്ക് വരുമ്പോഴാണ് കഴുത്തിൽ മുറുകുന്ന കുരുക്കിനെക്കുറിച്ചു വലിയൊരു വിഭാഗത്തിനും തിരിച്ചറിവുണ്ടാവുന്നത്. അതേക്കുറിച്ചു ചർച്ച ചെയ്യും മുൻപേ എന്താണ് വീട് പ്ലാനിങ് എന്ന് നാം മനസ്സിലാക്കണം.

ഉത്തരം നിസ്സാരമാണ്.

നമുക്ക് താമസിക്കാനായി ഒരു വീട് വേണം, ആളുകൾ വന്നാൽ ഇരിക്കാനും, ഭക്ഷണം കഴിക്കാനും, കിടന്നുറങ്ങാനും ഒക്കെയുള്ള സ്ഥലങ്ങൾ ആസൂത്രണം ചെയ്തുകൊണ്ടുള്ള ഒരു ഡ്രോയിങ് വേണം, അതിൽ വിശ്വാസപരമായ കാര്യങ്ങൾ ഉൾപ്പെടുത്തണം, കണ്ടാൽ കാണുന്നവന്റെ കണ്ണ് തള്ളണം. ഈ ആവശ്യങ്ങളൊക്കെ ഉൾക്കൊള്ളിച്ചുകൊണ്ടു ഒരു ഡ്രോയിങ് വരക്കുന്നതാണ് പ്ലാനിങ് എന്നാണ് പൊതുബോധം.

എന്നാൽ ഇതല്ല പ്ലാനിങ്. വരുന്ന അനേകം വർഷത്തേക്കോ, നിങ്ങളുടെ ആയുഷ്ക്കാലം മുഴുവനുമോ ഉള്ള സമാധാനപരമായ ജീവിതത്തിനു വേണ്ടുന്ന അനേകം കാര്യങ്ങൾ കോർത്തിണക്കുന്ന ഒരു നിർമിതിയുടെ രൂപരേഖ നിർമ്മിക്കുന്ന സങ്കീർണ്ണമായ ഒരു പ്രക്രിയയാണ് പ്ലാനിങ്. അതിൽ സാമ്പത്തികം എന്ന ഘടകം പ്രഥമമാണ്. നാട്ടുകാരുടെ വാക്കും കേട്ട് കയ്യിൽ ഇല്ലാത്ത പണം ചെലവാക്കി വീട് വച്ചാൽ ഏതാനും വർഷങ്ങൾക്കപ്പുറം മേൽപറഞ്ഞ അവസ്ഥകളിലൂടെ നിങ്ങളും കടന്നുപോകാം. അതിനാൽ ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ നകുലൻ ശ്രദ്ധയോടെ, ക്ഷമയോടെ കേൾക്കണം.

നമ്മൾ ഒരു വീട് വയ്ക്കാൻ പോകുമ്പോൾ ഒരു പ്ലാൻ വരപ്പിച്ചു അതിനു വേണ്ടുന്ന പണം സമാഹരിക്കുകയല്ല വേണ്ടത്. നമുക്ക് സമാധാനപരമായും, സുരക്ഷിതമായും സമാഹരിക്കാൻ കഴിയുന്ന ബജറ്റിൽ നിന്നുകൊണ്ടുള്ള ഒരു വീട് പ്ലാൻ ചെയ്യുകയാണ്. ഒന്നുകൂടി വിശദമാക്കിയാൽ ഡിസൈനർ തയാറാക്കുന്ന പ്ലാനിന്‌ വേണ്ടുന്ന പണം നിങ്ങൾ ഉണ്ടാക്കുകയല്ല, നിങ്ങളുടെ കയ്യിലുള്ള പണത്തിനു അനുസരിച്ചുള്ള പ്ലാൻ ഡിസൈനർ ഉണ്ടാക്കുകയാണ് വേണ്ടത്. നിങ്ങളാണ് രാജാവ്.

എന്നാൽ ഇത് സാധ്യമാണോ എന്ന സംശയം നിങ്ങളിൽ പലർക്കും ഉണ്ടാവും. സാധ്യമാണ്. അതിനായി ഒരു കെട്ടിടത്തിന്റെ ജീവാത്മാവും പരമാത്മാവും ആയ മൂന്നു കാര്യങ്ങളെപ്പറ്റി മിനിമം ലെവലിൽ ഇപ്പോഴും, വിശദമായി പിന്നീടും പറയാം.

ഒന്ന് - സ്ട്രെങ്ത് അഥവാ ബലം.

മറ്റെന്തുണ്ടെങ്കിലും കെട്ടിടത്തിന് ഈടും ഉറപ്പും ഇല്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല.

രണ്ട് - ഫങ്ഷൻ - അഥവാ ഉപയോഗ്യത.

നമ്മുടെ വ്യക്തിഗതമായ, ചെറുതും വലുതുമായ ആവശ്യങ്ങൾ വിശദമായി അറിഞ്ഞു, അവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്ലാനിങ് ആയിരിക്കണം അത്. ഒരാളുടെ ആവശ്യമോ പരിമിതിയോ അല്ല മറ്റൊരാൾക്ക് എന്നതിനാൽ അല്ലറചില്ലറ അഭിപ്രായങ്ങൾ ആവാം എന്നല്ലാതെ ഇത് പൊതുസമൂഹം തീരുമാനിക്കേണ്ട ഒന്നല്ല.

മൂന്ന് - ബ്യൂട്ടി അഥവാ ഭംഗി.

ഉറപ്പും ഉപയോഗ്യതയും ഉണ്ടെങ്കിലും കാണാൻ ഒരു ചേലില്ലെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല, അതിനാൽ അതും വേണം. ഈ മൂന്നും അനുയോജ്യമായ അനുപാതത്തിൽ വെട്ടിയും തിരുത്തിയും പ്രകൃതിക്കും, പ്ലോട്ടിനും, സർവ്വോപരി മേൽപ്പറഞ്ഞ ബജറ്റിനും, പിന്നെ അനുരക്ഷണ സൗഹൃദവും അനുസൃതമായി തയാറാക്കുന്ന പ്രക്രിയയാണ് പ്ലാനിങ്.

നിലവിലെ സാഹചര്യത്തിൽ ആദ്യത്തെ രണ്ട് സുപ്രധാന ഘടകങ്ങളെയും, ബജറ്റിനെയും, അനുരക്ഷണത്തെയും, കാലാവസ്ഥയെയും പൂർണ്ണമായും തിരസ്കരിച്ചുകൊണ്ടുള്ള നിർമാണമാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.

ഈ പറഞ്ഞതിലെ ബജറ്റ് എന്ന വസ്തുതയെ വിസ്മരിച്ചതാണ് നെടുമ്പാശ്ശേരിയിലെ വീട്ടുടമയെ തന്റെ സ്വപ്‌നവീട്‌ ഏതാനും വർഷങ്ങൾക്ക് ശേഷം വിൽപനയ്‌ക്ക് വയ്ക്കാൻ നിർബന്ധിതമാക്കിയത്. അതിനാൽ തന്നെ വരും വർഷങ്ങളിൽ ഈ പ്രവണത കൂടും.

പത്തു കൊല്ലത്തിനപ്പുറം കേരളം ജീർണ്ണിച്ചു വീഴാറായ ഒരുകൂട്ടം കോൺക്രീറ്റ് വീടുകളുടെ ശവപ്പറമ്പായി മാറും. ആദ്യ പ്രവണതകൾ ആരംഭിച്ചു കഴിഞ്ഞു. അപ്പോഴും അതിൽ പലതിന്റെയും മേലുള്ള ബാങ്ക് വായ്പകൾ നിലനിൽക്കുന്നുണ്ടായിരിക്കും. അതിനുള്ളിൽ ആരോഗ്യവും, വരുമാനവും ക്ഷയിച്ച ഒരു ജനത ചെയ്തുപോയ മണ്ടത്തരത്തെ ഓർത്ത് പശ്ചാത്തപിച്ചു ജീവിക്കുന്നുണ്ടാവും.

"വീട് നിൽക്കുന്ന പ്ലോട്ടിന്റെ ഒരു ഭാഗം മുറിച്ചു വിൽക്കാം എന്ന് വച്ചാൽ ഏതാണ്ട് നടുവിലായാണ് കുറ്റി തറയ്ക്കാൻ വന്ന ആശാരി സ്ഥാനം കണ്ടത് "

നെടുമ്പാശ്ശേരിയിലെ വീട്ടമ്മയുടെ മുന്നിലെ അവസാന വഴിയും അടയുകയാണ്. വിൽക്കുന്ന വ്യക്തിക്ക് അനേകം പ്രശ്നങ്ങൾ ഉണ്ടെങ്കിലും ആ വീട് വാങ്ങാനുള്ള പ്രവാസി സുഹൃത്തിന്റെ പദ്ധതിയെ ഞാൻ അനുകൂലിച്ചില്ല. മാത്രമല്ല പരിപാലനത്തിൽ സംഭവിച്ചുപോയ ചില പ്രശ്നങ്ങൾ ആ വീടിനുണ്ടായിരുന്നു. മാത്രമല്ല, ഒരു സാങ്കേതിക ഉപദേശം എന്നത് വികാരങ്ങൾക്ക് വഴിപ്പെടേണ്ട ഒന്നല്ല.

വീട് നിർമാണ രംഗത്തെ മലയാളിലുടെ അബദ്ധങ്ങളെപ്പറ്റി പറഞ്ഞുതുടങ്ങിയാൽ അതൊരു സീരീസായി എഴുതേണ്ടിവരും. പലതിനെയും മുഖം നോക്കാതെ വിമർശിക്കേണ്ടിവരും. എങ്കിലും അത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ആവശ്യം സൃഷ്ടിയുടെ മാതാവുമാണ്...

***

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ, വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.‌ email- naalukettu123@gmail.com

English Summary:

House for sale trend in Kerala- Reasons Introspection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com