ADVERTISEMENT

എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാവുന്ന ഒന്നാണ് ജീവിതമെന്ന തിരിച്ചറിവിൽ ഓരോ നിമിഷവും ആസ്വദിച്ച് ജീവിക്കണമെന്ന് പറയാറുണ്ട്. ആഗ്രഹങ്ങളൊക്കെ മാറ്റിവയ്ക്കാതെ എത്രയും പെട്ടെന്ന് സഫലമാക്കുകയും വേണം. ഇതെല്ലാം അറിയാമെങ്കിലും ഏതുനിമിഷവും നശിച്ചുപോകുമെന്ന് ഉറപ്പുള്ള ഒന്നിനുവേണ്ടി കോടികൾ നഷ്ടപ്പെടുത്താൻ ആരെങ്കിലും തയ്യാറാകുമോ? അത്തരമൊരു സാഹസം നടത്തിയിരിക്കുകയാണ് ഒരു അമേരിക്കക്കാരൻ. ഡേവിഡ് മൂട്ട് എന്ന 59 കാരൻ മൂന്നു കോടി രൂപ വില നൽകി സ്വന്തമാക്കിയത് കടലിലേക്ക് പതിക്കുമെന്ന് ഉറപ്പുള്ള ഒരു വീടാണ്.

ocean-home
Representative Image: Photo credit:Spiritartist/istock.com

മസാച്യുസിറ്റ്സിന്റെ തീരപ്രദേശത്താണ് ഡേവിഡിന്റെ ഈ പേടി'സ്വപ്നം' സ്ഥിതി ചെയ്യുന്നത്. ബീച്ചിനോട് ചേർന്ന് ഒരു വീട് സ്വന്തമാക്കുക കാലങ്ങളായുള്ള ആഗ്രഹമായിരുന്നു. എന്നാൽ മനസ്സിണങ്ങിയ ഒരെണ്ണം കണ്ടെത്താൻ സാധിച്ചിരുന്നില്ല. മറ്റു ചിലതിനാവട്ടെ ബജറ്റിനേക്കാൾ വലിയ തുകയും നൽകണം. അപ്പോഴാണ്  കടൽ തീരത്തുള്ള ഒരു വീട് താരതമ്യേന കുറഞ്ഞ വിലയ്ക്ക് പരസ്യപ്പെടുത്തിയിരിക്കുന്നത് ഡേവിഡിന്റെ ശ്രദ്ധയിൽപ്പെട്ടത്.

മൂന്ന് കിടപ്പുമുറികൾ ഉള്ള വീടിന് 3,95,000 ഡോളറാണ് (3.31 കോടി രൂപ) വിലയായി ആവശ്യപ്പെട്ടിരുന്നത്. ഈ വിലക്കുറവിനുള്ള കാരണവും വ്യക്തമായിരുന്നു. സാവധാനം ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്ന, ഉയരമുള്ള ഒരു മണൽത്തിട്ടയിൽ നിന്നും 25 അടി മാത്രം അകലത്തിലാണ് വീട് സ്ഥിതി ചെയ്യുന്നത്. അതായത് വീട് എത്രകാലം നിലനിൽക്കും എന്നതിനെ സംബന്ധിച്ച് ഒരു ഗ്യാരൻ്റിയും വിൽപനക്കാർക്ക് പോലും ഉണ്ടായിരുന്നില്ല. ഇതിനുപുറമേ വേലിയേറ്റ സമയത്ത് കടൽ, വീടിന്റെ മൂന്നടി അകലത്തിൽ വരെ എത്താനുള്ള സാധ്യതയുമുണ്ട്. 2022ൽ 1.19 മില്യൻ ഡോളറിന്  (9.99 കോടി രൂപ) വീട് പരസ്യപ്പെടുത്തിയിരുന്നെങ്കിലും വാങ്ങാനാരുമെത്തിയില്ല.

പരസ്യം കണ്ടതോടെ ഡേവിഡ് അതിൽ ആകൃഷ്ടനായി. അറിഞ്ഞുകൊണ്ട് ഇങ്ങനെയൊരു അപകടം വിലയ്ക്ക് വാങ്ങണോ എന്ന് പലരും ചോദിച്ചെങ്കിലും ഭയപ്പെട്ട് ജീവിക്കുന്നതിൽ അർഥമില്ല എന്നതായിരുന്നു ഡേവിഡിന്റെ മറുപടി. പത്തു വർഷത്തിനുള്ളിൽ വീട് കടലെടുക്കും എന്നാണ് പ്രവചനം. എന്നാൽ അത്രയും കാലം താൻ ജീവിച്ചിരിക്കും എന്നതിന് എന്താണ് ഉറപ്പ് എന്നതാണ് ഡേവിഡിന്റെ പക്ഷം. യഥാർഥ  വിലമതിപ്പിനേക്കാൾ 67 ശതമാനം വിലക്കുറവിൽ വീട് സ്വന്തമാക്കാൻ സാധിച്ചു എന്നത് നേട്ടമായാണ് അദ്ദേഹം കണക്കാക്കുന്നത്. 

കാലാവസ്ഥാ വ്യതിയാനം രൂക്ഷമായതിനെ തുടർന്ന് തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന പല വൻകിട പ്രോപ്പർട്ടികളുടെയും വില ഇടിയുന്ന സാഹചര്യമുണ്ട്.. രണ്ടു വർഷമായി റിയൽ എസ്റ്റേറ്റ് മേഖലയിൽ ഈ ട്രെൻഡ് തുടരുകയാണ്. ഡേവിഡ് വീട് സ്വന്തമാക്കിയതിൻ്റെ സമീപപ്രദേശത്തുതന്നെ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ രണ്ടു വീടുകളാണ് തകർന്നുപോയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com