ADVERTISEMENT

ഇനി പറയാൻ പോകുന്ന കാര്യങ്ങൾ  ചെലവാക്കാൻ ഒരുപാട് കാശുള്ള അതിസമ്പന്നരെ കുറിച്ചല്ല. മിഡിൽ ക്‌ളാസ്, അപ്പർ മിഡിൽ ക്‌ളാസ് ആളുകളെ കുറിച്ചാണ്. എത്ര വലിയ വീടായാലും അതിനകത്തെ മനുഷ്യർ ചെറിയവരാണെന്ന ബോധ്യം പലർക്കും നഷ്ടപ്പെട്ടിട്ടുണ്ട്. തങ്ങളുടെ വരുമാനത്തേക്കാൾ, ജീവിത ചെലവിനേക്കാൾ, വീടിന്റെ കടം വീട്ടാൻ പണം കണ്ടത്തേണ്ടി വരുന്നതിൽ പലർക്കും പരിഭവമേയില്ലെന്നായി. ഒടുവിൽ സംഭവിക്കുന്നതോ?...

വീടിനെ മറന്ന് മര്യാദക്കൊന്ന് ഉറങ്ങാനാവാത്ത അവസ്ഥ. ഏത് സമയത്തും കണക്കുകൂട്ടലുകൾ. പണി കഴിയുന്ന ഓരോ വീടിനകത്തും മനുഷ്യർക്ക് അങ്കലാപ്പുകൾ. ജീവിതത്തിലെ നല്ലപ്രായം മുഴുവൻ കടം തിരിച്ചടച്ച് ജീവിക്കേണ്ടിവരുന്ന കഷ്ടകാലം. ശരാശരി മലയാളിയുടെ ജീവിതത്തിലെ ഏറ്റവും വലിയ മൂന്ന് ചെലവുകൾ- വീട്, വിദ്യാഭ്യാസം, വിവാഹം. വിവാഹവും വിദ്യാഭ്യാസവും മറ്റൊരു വിഷയമായതിനാൽ ഇവിടെ പരാമർശിക്കേണ്ടതില്ല. പണമില്ലാത്തവരുടെ വീടുനിർമാണത്തെപ്പറ്റിയാണല്ലോ നമ്മളെപ്പോഴും വ്യാകുലരാവുന്നത്. ഇതിനൊരു പോംവഴിയുണ്ട്.

ചില റിബൽ തീരുമാനങ്ങളെടുക്കാനുള്ള കഴിവാണ് വേണ്ടത്. റിബൽ ചിന്തകൾ വീടിന്റെ വലുപ്പത്തെ ചെറുതാക്കും. വീടിനെ വ്യത്യസ്തമാക്കും. അതനുസരിച്ച് ചെലവും കുറയും. അതിനാദ്യം വേണ്ടത് നമ്മുടെ വരുമാനത്തെപ്പറ്റിയുള്ള ബോധ്യമുണ്ടാവുകയാണ്. ഭാവിയിൽ വന്നുചേരാൻ സാധ്യതയുള്ള ധനത്തെ മുൻനിർത്തി വീട് പ്ലാൻ ചെയ്യാതിരിക്കലാണ് ബുദ്ധി. നിലവിൽ നമ്മുടെ കയ്യിലുള്ള സ്വത്ത്, ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന വരുമാനം, സ്ഥിര ജോലിയാണെങ്കിൽ മാത്രം ഭാവിയിൽ ലഭിക്കാൻ സാധ്യതയുള്ള വരുമാനം...

ഇവ മൂന്നും കണക്കാക്കിയുള്ള പ്ലാനിങ്ങായിരിക്കണം  വീടുപണിക്കിറങ്ങുന്ന ഉടമസ്ഥർക്കുണ്ടാവേണ്ടത്. നിങ്ങൾ എത്ര വലിയ വീട് പണിയാൻ തീരുമാനിച്ചാലും അതിൽ ഏറ്റവും സന്തോഷിക്കുന്നത് കോൺട്രാക്ടർ മാത്രമായിരിക്കും എന്നുമോർക്കുക.

ഒരു റിബൽ ചിന്തയാണ് ഇവിടെ പങ്കുവയ്ക്കുന്നത്. പലവട്ടം പലരും പറഞ്ഞതാണെങ്കിലും ഇപ്പോഴും പ്രസക്തിയുണ്ട്.

വിഷയം ഡൈനിങ് റൂമിനോടുള്ള വിയോജിപ്പുതന്നെ. വല്ലാത്തൊരു റിബൽ ചിന്തയാണ് എന്നൊന്നും വിചാരിക്കരുത്. ഇക്കാലത്ത് നമ്മുടെ വീടുകളിൽ അച്ഛനും മക്കളും ഒരുമിച്ചിരുന്നാണോ ഭക്ഷണം കഴിക്കുന്നത്? അല്ലല്ലോ. പലരും പല സമയത്ത് പലയിടത്തിരുന്നാണ് ഭക്ഷണം കഴിക്കുന്നത്.

എന്നിട്ടും കൂറ്റനൊരു ഡൈനിങ് ടേബിളും അതിന് ചുറ്റും കസേരകളും അതിനായൊരു ഡൈനിങ് റൂമും പണിതുവയ്‌ക്കേണ്ട കാര്യമുണ്ടോ? ഗസ്റ്റ് ബെഡ്റൂം പണിയുന്നതുപോലെതന്നെയല്ലേ വീട്ടിലൊരു ഡൈനിങ് റൂമിന്റേയും അവസ്ഥ? അവിടൊന്നും ആളില്ലല്ലോ! ഒരുതരം ആചാരം. എല്ലാവരും പണിയുന്നു. എല്ലാ വീട്ടിലും പണിതിട്ടുണ്ട്. അതുകൊണ്ട് ഞാനും പണിയുന്നു.

പല വീട്ടിലും ഗോവണി ഡൈനിങ് റൂമിന്റെ ഏതേലും വശത്തായതുകൊണ്ടുമാത്രം അവിടെ ആൾപെരുമാറ്റമുണ്ടെന്ന് പറയാം. പലയിടത്തും ഗോവണിക്കുമാത്രമായി ഡൈനിങ് റൂം മാറിക്കഴിഞ്ഞിട്ട് കാലം കുറേയായി. ഗോവണിറൂമിനെ ഡൈനിങ് റൂം എന്ന് വിളിക്കേണ്ടി വരുന്നു. അത്രമാത്രം. ഗോവണിക്കെന്തിനാ ഇത്രയും വലുപ്പത്തിൽ ഒരു റൂം ? ആവശ്യമില്ലല്ലോ.

പാചകവും ഭക്ഷണവും ഒരിടത്തായാൽ എന്തെങ്കിലും കുഴപ്പമുണ്ടോ? ഓപ്പൺ കിച്ചൺ + ഡൈനിങ് ടേബിൾ എന്ന സങ്കൽപം തന്നെയല്ലേ ഇനിയുള്ള കാലത്ത് ഉചിതം. അതാണ് സമയലാഭം. വിളമ്പുന്നതിനുള്ള സൗകര്യം. 

ചെലവെന്തിന് കുറയ്ക്കണം? ചെലവെത്രയായാലും കൂറ്റനൊരു വീട്, അതിനകത്ത് കഷ്ടിച്ച് രണ്ടോ മൂന്നോ പേർ. 500 സ്ക്വയർ ഫീറ്റിനുള്ളിൽ അവരുടെ എല്ലാ ആക്ടിവിറ്റീസും തീരും. ബാക്കിവരുന്ന ഓരോ ചതുരശ്ര അടിയും ആൾ പെരുമാറ്റമില്ലാതെ പൊടിപിടിച്ച് ശൂന്യം. 

ജീവിതത്തിൽ ഒരിക്കൽ മാത്രം പണിയുന്ന വീടിന് ചെലവും വലുപ്പവും കുറഞ്ഞുപോയാൽ അതൊരു ക്ഷീണമാണെന്ന് കരുതുന്നവർ ഒട്ടേറെ പേരുണ്ട്. സ്റ്റാറ്റസാണവർക്ക് മുഖ്യം. അവരങ്ങനെ കരുതി ജീവിച്ചോട്ടെ. പക്ഷേ വീടിന് വലുപ്പം വേണ്ടെന്നും ചെലവ് കുറയ്ക്കണമെന്നും തീരുമാനിക്കാൻ കഴിവുള്ള റിബലുകൾക്ക് സമയം ഇനിയും വൈകിയിട്ടില്ല. വീടിന്റെ ഡിസൈനിങ്ങിൽ റിബലാവുക എന്നതിനർഥം ജീവിതത്തെ ലളിതമാക്കുക സമാധാനപരമാക്കുക എന്നതാണ്.ജീവിതത്തെ സമാധാനപരമാക്കാൻ വീടിന്റെ കാര്യത്തിൽ ഗുണപരമായി റിബലാവാൻ ഇപ്പോൾ തന്നെ ശ്രമിക്കൂ.

English Summary:

Need to downscale spaces in house- Expert Talk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com