ADVERTISEMENT

ഒരായുഷ്കാലത്തെ അധ്വാനവും സ്വപ്നങ്ങളും സ്വരുക്കൂട്ടിയാണ് സാധാരണക്കാർ സ്വന്തമായി ഒരു വീട് സഫലമാക്കുന്നത്. എന്നാൽ അങ്ങനെ സ്വന്തമാക്കിയ വീട് അതുവരെയുണ്ടായിരുന്ന പ്രതീക്ഷകളെയൊക്കെ തകർത്തു കളഞ്ഞാലോ? അതിൽപരം വേദന ജീവിതത്തിൽ മറ്റൊന്നും ഉണ്ടാവില്ല. യുകെ സ്വദേശികളായ വാൾട്ടർ ബ്രൗണിന്റെയും ഭാര്യ ഷാരോൺ കെല്ലിയുടെയും കഥ അങ്ങനെയാണ്. ഏറെ ആഗ്രഹിച്ചു വാങ്ങിയ നാല് കിടപ്പുമുറികളുള്ള വീട് അവർക്ക് നിരാശ മാത്രമാണ് സമ്മാനിക്കുന്നത്.

ന്യൂകാസിലിലെ കാലർട്ടണിൽ സ്ഥിതിചെയ്യുന്ന വീട് 2022 ലാണ് 3,58,000 പൗണ്ട് (3.86 കോടി രൂപ) വിലയ്ക്ക് ഇവർ സ്വന്തമാക്കിയത്. താമസിക്കാനായി ഇവിടേക്ക് എത്തുന്നതുവരെ വാനോളമായിരുന്നു ഇവരുടെ പ്രതീക്ഷകൾ. മനോഹരമായ കാഴ്ചകൾ നിറഞ്ഞ പ്രദേശത്ത് ഇനിയുള്ളകാലം ജീവിക്കാം എന്ന് കരുതി ഇവിടെയെത്തി കിടപ്പുമുറിയിലെ ജനാല തുറന്നതോടെ പക്ഷേ പ്രതീക്ഷകളെല്ലാം അസ്തമിച്ചു. ജനാലയ്ക്കപ്പുറം വലിയ ഒരു മാലിന്യ കൂമ്പാരം മാത്രമാണ് ഇവർക്ക് കാണാനായത്. വീട് വാങ്ങുന്ന സമയത്ത് നേരിട്ടെത്തി എല്ലാം വിശദമായി പരിശോധിക്കാൻ ശ്രമിക്കാഞ്ഞതാണ് ഇവർക്ക് വിനയായത്.

waste-view
Image generated using AI Assist

ഇങ്ങനെയൊരു കാഴ്ചയും കണ്ടു ജീവിക്കാനാവില്ല എന്ന് തോന്നിയെങ്കിലും സമ്പാദ്യമെല്ലാം വീടിനു വേണ്ടി ചെലവഴിച്ചതുമൂലം മറ്റൊന്നും കയ്യിൽ ബാക്കിയുണ്ടായിരുന്നില്ല. പ്രശ്നം എങ്ങനെ പരിഹരിക്കാം എന്നതായി അടുത്ത ചിന്ത. സമീപപ്രദേശം വൃത്തിയാക്കി തരണമെന്ന് ആവശ്യപ്പെട്ട് ഇവർ പ്രോപ്പർട്ടി ഡെവലപ്പറെ സമീപിച്ചു. പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് ലഭിക്കുകയും ചെയ്തു. എന്നാൽ ആഴ്ചകളും മാസങ്ങളും വർഷങ്ങളും കടന്നു പോയിട്ടും പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെന്ന് മാത്രമല്ല പ്രദേശം കൂടുതൽ കൂടുതൽ മോശമാവുകയാണ് ചെയ്തത്. ബന്ധപ്പെട്ട അധികാരികൾക്കെല്ലാം പരാതി നൽകിയിട്ടുണ്ട്.

എന്നാൽ മാലിന്യ കൂമ്പാരം മാത്രമല്ല ഇവരെ വിഷമിപ്പിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ പോലും ചുറ്റുപാടുമില്ല എന്നതും ഇവിടുത്തെ ജീവിതം ബുദ്ധിമുട്ടിലാക്കുന്നു. റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിൽ, സ്ട്രീറ്റ് ലൈറ്റുകൾ നേരാംവണ്ണം പ്രവർത്തിക്കുന്നില്ല. അധികൃതരെ സമീപിക്കുമ്പോൾ പ്രശ്നം പരിഹരിക്കാനുള്ള ചുമതല സബ് കോൺട്രാക്ടർമാരെ ഏൽപിച്ചു  കഴിഞ്ഞു എന്ന് മറുപടി ലഭിക്കുന്നുണ്ട്. എന്നാൽ എപ്പോഴാണ് പ്രശ്നം പരിഹരിക്കുക എന്നതുസംബന്ധിച്ച് വ്യക്തതയില്ല.

ജീവിതകാലത്തെ സമ്പത്തെല്ലാം സ്വരുക്കൂട്ടിവച്ച് പുതിയ വീടിനായി നിക്ഷേപിക്കുന്നവർക്ക് മുന്നിൽ സ്വന്തം അനുഭവങ്ങൾ വെളിപ്പെടുത്തി എത്രത്തോളം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് വിവരിക്കുകയാണ് വാൾട്ടറും ഷാരോണും. നേരിട്ടുകണ്ട് എല്ലാ കാര്യങ്ങളും ബോധ്യപ്പെടാതെ ഒരിക്കലും റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ നടത്തരുതെന്നാണ് ഇവർ ഓർമിപ്പിക്കുന്നത്.

English Summary:

Dream home turned into nightmare after opening window- Real Estate News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com