ഒടുവിൽ 32 കോടി രൂപയ്ക്ക് ബംഗ്ലാവ് വിറ്റത് സ്ഥിരീകരിച്ചു; കാരണം വെളിപ്പെടുത്തി കങ്കണ
Mail This Article
ബോളിവുഡ് താരവും രാഷ്ട്രീയ നേതാവുമായ കങ്കണ റണൗത് മുംബൈയിലെ പാലി ഹില്ലിൽ സ്ഥിതി ചെയ്യുന്ന തന്റെ ബംഗ്ലാവ് വിറ്റത് അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ വീട് വിൽക്കാനുള്ള കാരണം താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. അടിയന്തരമായി പണം കണ്ടെത്തേണ്ട സാഹചര്യം വന്നത് മൂലമാണ് വീട് വിൽക്കാൻ തീരുമാനമെടുത്തത് എന്ന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കങ്കണ വ്യക്തമാക്കി.
കങ്കണ സംവിധാനം ചെയ്യുന്ന എമർജൻസി എന്ന സിനിമയുടെ റിലീസ് തടസ്സപ്പെട്ടതാണ് സാമ്പത്തിക പ്രതിസന്ധിക്ക് പിന്നിലെ കാരണം. ചിത്രത്തിൻ്റെ സഹനിർമാതാവ് കൂടിയാണ് കങ്കണ. സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം ചലച്ചിത്ര നിർമാണത്തിനായി ചെലവഴിച്ചിരുന്നു. എന്നാൽ റിലീസ് വൈകിയതോടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നികത്താൻ പ്രോപ്പർട്ടി വിൽക്കുകയായിരുന്നു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാനാണ് പ്രോപ്പർട്ടികൾ വേണ്ടതെന്നും താരം പറയുന്നു. 2017ൽ 20.7 കോടി രൂപയ്ക്ക് സ്വന്തമാക്കിയ വീട് 32 കോടി രൂപയ്ക്കാണ് ഇപ്പോൾ താരം കൈമാറിയിരിക്കുന്നത്.
കങ്കണയുടെ നിർമാണ കമ്പനിയായ മണികർണിക ഫിലിംസിന്റെ ഓഫിസായാണ് ഈ ബംഗ്ലാവ് ഉപയോഗിച്ചിരുന്നത്. 2022ൽ ഇതേ പ്രോപ്പർട്ടി ഉപയോഗിച്ച് 27 കോടി രൂപ കങ്കണ വായ്പ എടുക്കുകയും ചെയ്തിരുന്നു. ഇതാദ്യമായല്ല കങ്കണയുടെ പാലി ഹില്ലിലെ വീട് വാർത്തകളിൽ ഇടം നേടുന്നത്. 2020ൽ വീടിന്റെ നിർമാണ പ്രവർത്തനങ്ങൾ അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ വീടിന്റെ ഒരു ഭാഗം പൊളിച്ചു നീക്കിയിരുന്നു. ഇതിനെതിരെ കങ്കണ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയും കോടതി മുൻസിപ്പാലിറ്റിയുടെ നടപടികൾ സ്റ്റേ ചെയ്യുകയും ചെയ്തു. രണ്ടു കോടി രൂപ നഷ്ടപരിഹാര തുകയായി താരം ആവശ്യപ്പെട്ടെങ്കിലും പിന്നീട് ഈ ആവശ്യം പിൻവലിക്കുകയായിരുന്നു.
285 സ്ക്വയർ മീറ്റർ പ്ലോട്ടിലാണ് വീട് സ്ഥിതിചെയ്യുന്നത്. വീടിനു മാത്രം 3042 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. ഇതിനുപുറമെ 500 ചതുരശ്ര അടി വിസ്തീർണത്തിൽ പാർക്കിങ്ങുമുണ്ട്. റിപ്പോർട്ടുകൾ പ്രകാരം എഡിറ്റിങ് സ്റ്റുഡിയോ, ചർച്ചകൾ നടത്തുന്നതിനായി പ്രത്യേകമായി ഒരുക്കിയിരിക്കുന്ന ഇടം, കോൺഫറൻസ് റൂം എന്നിവയെല്ലാം കങ്കണ ഇവിടെ സജ്ജീകരിച്ചിരുന്നു. അതേസമയം അന്ധേരിയിൽ 1.56 കോടി രൂപ മുടക്കി പുതിയ ഓഫിസ് സ്പേസും കങ്കണ സ്വന്തമാക്കിയിട്ടുണ്ട്.