ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ വീടുകളെക്കുറിച്ച് പറയുമ്പോൾ അവയിൽ ആദ്യ സ്ഥാനത്തുതന്നെ മുകേഷ് അംബാനിയുടെ ആന്റിലിയയുണ്ട്. 15000 കോടിക്ക് മുകളിൽ വിലമതിപ്പുള്ള ആൻ്റിലിയ ലോകപ്രശസ്തവുമാണ്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതി എന്ന സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റൊരു നിർമിതി കൂടി ഇന്ത്യയിലുണ്ട്. സംഗതി ഒരു കൊട്ടാരമാണെന്ന് മാത്രം. ഗുജറാത്തിലെ വഡോദര (ബറോഡ)യിൽ  സ്ഥിതിചെയ്യുന്ന ലക്ഷ്മി വിലാസ് കൊട്ടാരമാണത്.

antilia-ambani-house
മുകേഷ് അംബാനിയുടെ ആന്റിലിയ

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വസതിയായ ബക്കിങ്‌ഹാം കൊട്ടാരത്തെക്കാൾ നാലിരട്ടി വലുപ്പമാണ് ലക്ഷ്മി വിലാസ് കൊട്ടാരത്തിനുള്ളത്. റിയൽ എസ്റ്റേറ്റ് സൈറ്റുകളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം 3,04,92,000 ചതുരശ്ര അടിയാണ് കൊട്ടാരത്തിന്റെ വലുപ്പം. ബക്കിംഗ്ഹാം കൊട്ടാരത്തിനാകട്ടെ 828,821 ചതുരശ്ര അടി വിസ്തീർണ്ണമാണ് ഉള്ളത്. 1890ൽ അന്നത്തെ രാജാവായിരുന്ന സയാജിറാവു ഗെയ്ക്‌വാദ് മൂന്നാമനാണ് ലക്ഷ്മി വിലാസ് കൊട്ടാരം പണികഴിപ്പിച്ചത്. 170 മുറികളാണ് ഇവിടെയുള്ളത്.

അക്കാലത്ത് 1,80,000 ബ്രിട്ടീഷ് പൗണ്ട് ചെലവഴിച്ചാണ്  ലക്ഷ്മി വിലാസ് കൊട്ടാരം നിർമ്മിച്ചത്. ഒന്നിലധികം നിലകളിൽ ധാരാളം കുംഭഗോപുരങ്ങളും ടവറുകളും ഒക്കെയായി പ്രൗഢി വെളിവാക്കുന്ന രീതിയിലാണ് കൊട്ടാരത്തിന്റെ നിർമാണം. ഇവിടുത്തെ താമസക്കാർക്കും അതിഥികൾക്കുമായി ഒട്ടേറെ സൗകര്യങ്ങൾ കൊട്ടാരത്തിൽ ഒരുക്കിയിട്ടുണ്ട്. വിശാലമായ ഗോൾഫ് കോഴ്സും കെട്ടിടത്തിന്റെ ഭാഗമായി നിർമ്മിച്ചിരിക്കുന്നു.

അകത്തളത്തിന്റെ ഓരോ കോണിലും രാജകീയതയും പ്രൗഢിയും നിറഞ്ഞുനിൽക്കുന്നത് കാണാം. വിശാലമായ ദർബാർ ഹാളിൽ വെനീഷ്യൻ മൊസൈക് ഫ്ലോറിങ് നൽകിയിരിക്കുന്നു. കണ്ണഞ്ചിക്കുന്ന വലുപ്പത്തിലുള്ള ഷാൻലിയറുകളും ദർബാർ ഹാളിൽ ഇടം പിടിച്ചിട്ടുണ്ട്. ലോകോത്തര കലാകാരന്മാരുടെ കലാസൃഷ്ടികളും അകത്തളം അലങ്കരിക്കുന്നു. വാട്ടർ ഫൗണ്ടനുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മനോഹരമായ പൂന്തോട്ടവും കൊട്ടാരത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നുണ്ട്. 

ഇവന്റുകൾ നടത്തുന്നതിനായി തയാറാക്കിയിരിക്കുന്ന എൽ വി പി ബാങ്ക്വെറ്റ്സ് ആൻഡ് കൺവെൻഷൻസ് സെൻ്റർ, മോട്ടി ബാഗ് പാലസ്, മഹാരാജാ ഫത്തേ സിംഗ് മ്യൂസിയം എന്നിവയും കൊട്ടാരത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. മോട്ടി ബാഗ് ക്രിക്കറ്റ് ഗ്രൗണ്ട്, തേക്കുമരത്തിൽ ഒരുക്കിയ ഫ്ളോറിങ്ങോടുകൂടിയ ടെന്നീസ് കോർട്ട്, ബാഡ്മിൻ്റൺ കോർട്ട് എന്നിവയും കൊട്ടാരത്തിന്റെ ഭാഗമാണ്. 500 ഏക്കർ വിസ്തൃതിയിലാണ് കൊട്ടാരവും ചുറ്റുമുള്ള എസ്റ്റേറ്റും സ്ഥിതി ചെയ്യുന്നത്.  

ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും വലുതും സമ്പന്നവുമായ നാട്ടുരാജ്യമായിരുന്നു  ബറോഡ. കോട്ടൺ വ്യവസായം, അരി, ഗോതമ്പ്, പഞ്ചസാര എന്നിവയുടെ ഉത്പാദനം തുടങ്ങിയവയിൽ നിന്നുമാണ് ബറോഡ സമൃദ്ധിയിലേയ്ക്ക് ഉയർന്നത്. രാജഭരണകാലം കഴിഞ്ഞെങ്കിലും ഇന്നും പ്രദേശത്തെ ജനങ്ങൾക്കിടയിൽ രാജകുടുംബത്തിന് വലിയ സ്ഥാനമുണ്ട്. സമർജിത് സിംഗ് ഗെയ്ക്‌വാദാണ് നിലവിൽ രാജകുടുംബത്തിന്റെ അവകാശി. അദ്ദേഹവും ഭാര്യ രാധികരാജെ   ഗെയ്ക്‌വാദുമാണ്  ഇപ്പോൾ ലക്ഷ്മി വിലാസ് കൊട്ടാരത്തിലെ താമസക്കാർ.

English Summary:

Laxmi Vilas Palace- One among the Largest Private Residence Gujarat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com