ചുറ്റുമതിലും ഗേറ്റും പിന്നെ വാസ്തുവും!
Mail This Article
വീട്, സുരക്ഷയ്ക്കായി അതിനൊരു ചുറ്റുമതിലും പ്ലോട്ടിലേക്ക് കയറി ഇറങ്ങാൻ ഒരു ഗേറ്റും. മലയാളികളുടെ ഭവനസങ്കൽപം സുരക്ഷിതമായി തീരുന്നത് ഇത്തരത്തിലാണ്. സ്വന്തം വീടിന് ചുറ്റുമതിൽ വേണമെന്നാണ് ഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. അതുകൊണ്ട് പാർപ്പിടത്തിന് ഗേറ്റ് ഒഴിവാക്കാൻ കഴിയില്ല. പക്ഷേ ഗേറ്റ് സ്ഥാപിക്കുമ്പോൾ വാസ്തു കൂടി പരിഗണിക്കുന്നത് ഉചിതമാണ്. ഒരു വീട് വാങ്ങുമ്പോൾ പലപ്പോഴും ആളുകളെ വെട്ടിലാക്കുന്ന ഒന്നാണ് വീടിന്റെ വാസ്തു ശരിയാണോ എന്ന ചോദ്യം. വാസ്തു നോക്കുന്നത് പൊതുവെ പോസിറ്റിവ് എനർജിയുടെ ഭാഗമായാണ്. ശാസ്ത്രവും വിശ്വാസവും ഒരു പോലെ സംഗമിക്കുന്നതാണ് വാസ്തുശാസ്ത്രം.
മുൻവാതിൽ അകത്തളവും എക്സ്റ്റീരിയറും വേർതിരിക്കുന്നു ഒപ്പം അകത്തേക്കും പുറത്തേക്കുമുള്ള ഊർജ്ജപ്രവാഹം സുഗമമാക്കുന്നു. സമാനമായ കാര്യങ്ങളാണ് ഗേറ്റും ചെയ്യുന്നത്. അതിരിടുന്നു, ഒപ്പം ആവശ്യമില്ലാത്തതിനെ വിലക്കുന്നു. അതുകൊണ്ടുകൂടിയാണ് ഗേറ്റ് സ്ഥാപിക്കുമ്പോൾ വാസ്തുകൂടി പരിഗണിക്കാൻ മുതിർന്നവർ ആവശ്യപ്പെടുന്നത്. വിവിധ ഡിസൈൻ, പലവിധ ശൈലിയിലുള്ള ഗേറ്റുകൾ വിപണിയിൽ ലഭ്യമാണ്. ചുറ്റുമതിലിനോടും തൂണിനോടും യോജിച്ചതാവണം ഗേറ്റ്. ഓട്ടോമാറ്റിക്ക്, ഇലക്ട്രോണിക്ക് ഗേറ്റുകളാണ് ഇപ്പോൾ ആളുകൾ കൂടുതൽ ഉപയോഗിക്കുന്നത്. ഗേറ്റും കോംപൗണ്ട് വാളും നിർമ്മിക്കുന്നതിന് പ്രത്യേകം തത്വങ്ങളാണ് വാസ്തുശാസ്ത്രം അനുശാസിക്കുന്നത്.
ഓരോ ഭൂമിയുടെയും ഘടനയനുസരിച്ചാണ് അവിടെ നിർമിക്കുന്ന ഭവനങ്ങളുടെ വാസ്തു നിർണയിക്കപ്പെടുന്നത്. വാസ്തുശാസ്ത്രപ്രകാരം ഓരോ വീടിനും ആ വീട് നില്‍ക്കുന്ന ഭൂമിക്കും ആത്മാവും ജീവനുമുണ്ടെന്നും വിധിപ്രകാരം വസ്തുവില്‍ നിര്‍മ്മാണം നടത്തിയാല്‍ ആ ഭവനത്തിലും അവിടുത്തെ അന്തേവാസികള്‍ക്കും ഐശ്വര്യപൂര്‍ണവും സമാധാനം നിറഞ്ഞതുമായ ജീവിതം ലഭ്യമാകുമെന്നും പറയപ്പെടുന്നു.
ഗേറ്റും കോംപൗണ്ട് വാളും നിർമ്മിക്കുമ്പോൾ ഇവ ശ്രദ്ധിക്കാം
ചുറ്റുമതിൽ തെക്ക് പടിഞ്ഞാറ് വശങ്ങളിൽ ഉയരം കൂട്ടിയും കനം കൂട്ടിയും വേണം പണിയാൻ. കിഴക്ക് -വടക്ക് വശങ്ങളിൽ ഇവ പരിഗണിച്ചില്ലെങ്കിലും കുഴപ്പമില്ല. തെക്ക് - പടിഞ്ഞാറ് വശങ്ങളിൽ നിന്ന് വരുന്ന വെയലിനേയും ചൂടിനേയും പ്രതിരോധിക്കാനാണ് ഇത്. ചുറ്റുമതിൽ പണിത് തുടങ്ങുന്നത് തെക്ക് - പടിഞ്ഞാറ് വശങ്ങളിൽ നിന്നാകുന്നതാണ് ഉചിതം. തെക്ക് വശത്തും തീർത്തും മൂലയ്ക്കും ഗേറ്റിന് സ്ഥാനം നൽകരുത്. ഗേറ്റ് ഉള്ളിലേക്ക് തുറക്കുന്ന രീതിയിൽ വേണം ഉറപ്പിക്കാൻ. തുറക്കുമ്പോൾ ക്ലോക്ക് വൈസ് ഡയറക്ഷനിൽ വേണം ഗേറ്റ് തിരിയാൻ.
ഗേറ്റ് തുറക്കുകയും അടക്കുകയും ചെയ്യുമ്പോൾ ശബ്ദമുണ്ടാകരുത്. അത് അശുഭ ലക്ഷണമാണ്. ചുറ്റുമതിൽ, ഗേറ്റ് എന്നിവയ്ക്ക് മുന്നിൽ മറ്റുമതിൽ, മരം, തൂണ്, ഓട എന്നിങ്ങനെയുള്ള പ്രതിബന്ധങ്ങൾ ഉണ്ടാകരുത്. അത് അശുഭമാണ്. വീടിൻ്റെ ഉയരത്തിനേക്കാൾ രണ്ട് മടങ്ങ് അകലെയാണ് ഇത്തരം തടസ്സം നിൽക്കുന്നതെങ്കിൽ അവ കുഴപ്പമില്ല. അല്ലാത്തപക്ഷം അവ ഒഴിവാക്കണം. വീടിനെ മറയ്ക്കുന്നവിധം ചുറ്റുമതിൽ പണിയരുത്. അത് പോസിറ്റിവ് എനർജി തടുക്കുന്നതാണ്.