"32 വർഷം ഞങ്ങൾ മാറ്റി വച്ച ലഞ്ച് ഒന്നിച്ചു കഴിച്ച്, ചായ വേണ്ടെന്നു വച്ച് അദ്ദേഹം പോയിക്കളഞ്ഞു": കാർഷിക സർവകലാശാല വിസിയുടെ കുറിപ്പ്
Mail This Article
കഴിഞ്ഞ ദിവസം അന്തരിച്ച ഡോ. അനി എസ്. ദാസിനെക്കുറിച്ച് കാർഷിക സർവകലാശാല വൈസ് ചാൻസലറും കാർഷികോൽപാദന കമ്മീഷണറുമായ ഡോ. ബി.അശോകിന്റെ ഓർമക്കുറിപ്പ്.
കഴിഞ്ഞ ദിവസം അന്തരിച്ച കാർഷിക സർവകലാശാല പ്രഫസറും പ്ലാനിങ് ഡയറക്ടറുമായ ഡോ. അനി എസ്. ദാസിനെ 1991 മുതൽ എനിക്ക് പരിചയമുണ്ട്. മണ്ണുത്തിയിൽ ഞാൻ ബിവിഎസ് സിക്കു ചേരുമ്പോൾ അനി പി.ജി. ഹോസ്റ്റലിലെ താരമാണ്. സർവകലാശാലയിലെ കെ.എസ്.യു നേതാവും ഖദർധാരിയും കൂടിയാണ്. സർവകലാശാല ഭരണസമിതി അംഗമൊക്കെയാണന്ന്. സ്വാഭാവികമായും വിപ്ലവക്കുരുന്നുകളായ ഞങ്ങളുടെ കടുത്ത വർഗശത്രുവാണ്. കുട്ടികളെ കെ.എസ്.യുവിൽ ചേർക്കുന്ന പിന്തിരിപ്പനായ അനി എസ്. ദാസിനെ ഒന്നു കൈകാര്യം ചെയ്യാനൊക്കെ ചില കമ്മിറ്റികൾ ആലോചിച്ച് പിന്നെയാകാം എന്നു തീരുമാനിച്ചത് ഓർമയുണ്ട്. 2004ൽ മൃഗസംരക്ഷണ – ക്ഷീരവകുപ്പ് ഡയറക്ടറായിരിക്കുമ്പോൾ അനി കെഎൽഡി ബോർഡിലുണ്ട്. കെ.ആർ. ഗൗരിയമ്മയ്ക്കും പിന്നീട് സി. ദിവാകരനും ഇഷ്ടമുള്ള പ്രഫഷണലായിരുന്നു അദ്ദേഹം.
2011ൽ വെറ്ററിനറി സർവകലാശാല സ്ഥാപിച്ചപ്പോൾ ഡോ. ദാസിന് ഒരു സീനിയർ റോൾ കൊടുക്കാനായില്ല. അതിന്റെ പേരിൽ ചില്ലറ പരിഭവം എന്നോടും ഉണ്ടായി. “നിങ്ങളൊക്കെ ഉണ്ടായിട്ടും....” ചിരിച്ചുകൊണ്ട് പിന്നെ പലപ്പോഴും അനി പരാതി പറയുമായിരുന്നു. വെറ്ററിനറി സർവകലാശാലയിൽ ചേരാതെ കാർഷിക സർവകലാശാലയിൽ തന്നെ അതിനാൽ ഡോ. അനി തുടർന്നു.
സ്ഥാപനം ഏതായാലും കർമ്മകുശലത അനിയുടെ കൈമുതലായിരുന്നു. ഏതു തിക്കിലും അനി സ്വന്തം സാന്നിധ്യം പ്രകടമാക്കും. നിർദ്ദേശങ്ങൾ വയ്ക്കും. ഒരാൾക്കൂട്ടം എന്തു ചെയ്യാൻ ശ്രമിക്കുന്നതായി കണ്ടാലും അതിന്റെ കേന്ദ്രത്തു ചെന്ന് ചിലതു നിർദ്ദേശിക്കാൻ അനിക്ക് ഒരു പ്രാപ്തിയുണ്ടായിരുന്നു. അക്കാദമിക്കായ കാര്യങ്ങൾ മാത്രമല്ല പൊതു വിഷയങ്ങൾ, രാഷ്ട്രീയം. രാഷ്ട്രീയ വ്യക്തിത്വങ്ങൾ എന്നിവയെല്ലാം നന്നായി പഠിക്കും. കേരളത്തിലെ ഏറ്റവും വിപുലമായ ഒരു ടെലിഫോൺ ഡയറക്ടറിയായിരുന്നു അദ്ദേഹത്തിന്റേത്. രണ്ടു മാസം മുൻപ് പ്ലാനിങ് ഡയറക്ടറാകാമോ എന്നു ഞാൻ അനിയോട് ചോദിക്കുകയായിരുന്നു. സർവകലാശാലാ ഫണ്ടിങ്, സർക്കാർ - ഐസിഎആർ ബന്ധങ്ങൾ എന്നിവ മെച്ചപ്പെടണമായിരുന്നു. അതിന് ഒരു ചട്ടപ്പടി സമീപനം പോരാ എന്നു തോന്നി. സസന്തോഷം അനി അത് ഏറ്റെടുത്തു. മുന്നിലുള്ള ഒരു വെല്ലുവിളി അനിയെ ഉത്സാഹിപ്പിക്കുകയേയുള്ളൂ. ‘മീഡിയം ടേം ഫിനാൻഷ്യൽ സ്റ്റബിലിറ്റി’ക്കുവേണ്ട ഒട്ടേറെ നിർദ്ദേശങ്ങൾ രേഖാമൂലവും അല്ലാതെയും അറിയിച്ചു. പുതിയ കോഴ്സുകൾ ആവിഷ്കരിക്കുന്നതിലും പരിപാടികൾ ആസൂത്രണം ചെയ്യുന്നതിലും വലിയ ജിജ്ഞാസയായിരുന്നു. കാർഷിക സർവകലാശാലയുടെ പരിധിയിലും താൽപര്യത്തിലുമുള്ള ഏതു വിഷയത്തിലും ഒരു അക്കാദമിക പരിപാടി ഇന്ത്യയിലെവിടെ ആരംഭിച്ചാലും ‘നമുക്ക് എന്തുകൊണ്ട് ഇവിടെ ഇല്ല’ എന്ന ചോദ്യവുമായി അനിയുടെ വാട്സാപ് സന്ദേശം വരുമായിരുന്നു. അറിവു മാത്രമല്ല എന്തും പ്രവർത്തിയിൽ കൊണ്ടു വരാനുള്ള സ്വാഭാവിക ത്വര അനിയുടെ പ്രകൃതത്തിന്റെ ഭാഗമായിരുന്നു. ചിലപ്പോൾ നമുക്കു തന്നെ ഈർഷ്യ തോന്നും. ‘ഇന്ന് ഇത്ര മതി അനി, ബാക്കി ഇന്നവേഷൻ നാളെ’ എന്നു ചിലപ്പോൾ ഞാൻ പറഞ്ഞ് ഒഴിയും.
അനിയുടെ കർമ്മ വിയോഗം സംഭവിച്ച ജനുവരി 12 എനിക്ക് മറക്കാനാവും എന്നു തോന്നുന്നില്ല. രാവിലെ 9ന് ഓൺലൈനിൽ സർവകലാശാല ജനറൽ കൗൺസിൽ യോഗം. അതവസാനിച്ചപ്പോൾ 12 മണിയായി കാണും. നബാർഡിന്റെ ക്രെഡിറ്റ് പോളിസി യോഗം തിരുവനന്തപുരത്തുണ്ടാകുമെന്നും ലഞ്ച് കഴിക്കാൻ വരുമോയെന്നും അനിയുടെ വാട്സാപ്. എന്നെ ഒരു ഡസൻ തവണയെങ്കിലും തൃശൂരിലും തിരുവനന്തപുരത്തുമൊക്കെ ഭക്ഷണത്തിനു വിളിച്ചിട്ടുണ്ട്. 1991 മുതൽ അറിയാമായിട്ടും ഒരു കപ്പ് ചായപോലും ഒന്നിച്ചു കഴിച്ചിട്ടില്ല. ഉച്ചഭക്ഷണ സമയത്ത് എന്തോ അനിയുടെ സന്ദേശം ഓർത്തു, ദൈവം ഓർമ്മിപ്പിച്ചതാകാം. തലേന്ന് മത്സ്യഫെഡ് വിഴിഞ്ഞത്ത് ഉദ്ഘാടനം ചെയ്ത ഹോട്ടലിൽ പോകാം എന്നു തോന്നി. ഹോട്ടൽ ഒന്നു പരിശോധിക്കാമല്ലോ. സൗകര്യമെങ്കിൽ അനിയെയും വിളിക്കാം, വിളിച്ചപ്പോൾ ആൾ ഫണ്ടുകൾ തേടി സെക്രട്ടേറിയറ്റിൽ സെക്ഷൻ തോറും അലയുന്നു. കാറിൽ കയറ്റി വിഴിഞ്ഞത്ത് ചെന്നു. നല്ല തിരക്ക്. ഊണ് കഴിച്ചു. വെയ്റ്റർ രണ്ടാമത് വിളമ്പിയപ്പോൾ അനി പറഞ്ഞു ‘എനിക്കു മതി’. അൽപ്പം കൂടി കഴിക്കാമെന്ന് ഞാൻ നിർബന്ധിച്ചപ്പോൾ ഒരൽപ്പം കൂടി വിളമ്പി. നിർബന്ധിച്ച് ഞാൻ തന്നെ ബില്ല് കൊടുത്തു. മടങ്ങുമ്പോഴും സർവകലാശാലയുടെയും പ്രോഗ്രാമിന്റെയും ഭാവിയെപ്പറ്റി അനി നിറുത്തില്ലാതെ പറഞ്ഞുകൊണ്ടിരുന്നു. എന്തെങ്കിലും അസ്വസ്ഥത കണ്ടതേയില്ല. കപ്പലിലെ കള്ളൻ ആരായാലും സമർഥമായി മറഞ്ഞിരുന്നു. കൊണ്ടുവന്നിരുന്ന ചില രേഖകൾ എന്റെ ഓഫീസിൽ കൊണ്ടുതന്നശേഷമാണ് മൂന്നു മണിക്കോ മറ്റോ അനി യാത്ര പറഞ്ഞുപോയത്. ഉച്ചഭക്ഷണം കഴിഞ്ഞതേയുള്ളൂ; ചായ തരുന്നില്ല എന്നു ഞാൻ തമാശയായി പറഞ്ഞു. ഇനിയെന്തുചായ! എന്നു പറഞ്ഞ് കുടപ്പനക്കുന്നിൽ പരിപാടിയുണ്ട് എന്നറിയിച്ചു ചിരിച്ചുകൊണ്ട് ഇറങ്ങിപോയ അനിയെ മറക്കാനാവുകയില്ല. വൈകിട്ട് ഞാൻ നേരത്തേ ഓഫീസ് വിട്ടു. തലേന്ന് ഉറക്കം ശരിയായില്ല. ഉറക്കച്ചടവ്; ക്ഷീണം വീടെത്തി ഒന്നു മയങ്ങി. 6.59ന് സർവകലാശാല എക്സ്റ്റൻഷൻ ഡയറക്ടർ ഫോണിൽ തുടരെ വിളിച്ചു.
''നമ്മുടെ അനി പോയി സാറേ...''
''പോയിക്കാണും ഞങ്ങൾ കണ്ടിരുന്നു, കുടപ്പനക്കുന്നിൽപ്പോയി, തൃശൂർക്ക് മടങ്ങിക്കാണും.''
നശ്വരതയുടെ നിഴൽ സദാ ഉണ്ടെങ്കിലും മരണമില്ല എന്ന് സമാശ്വസിച്ചു ജീവിക്കുന്ന ഒരു സാധാരണ മനുഷ്യന്റെ വാക്കുകളാണ് എന്നിൽ നിന്നും വന്നത്. അനി മരിക്കും എന്ന് പ്രതീക്ഷിക്കാൻ ഒരു കാരണവുമില്ലല്ലോ.
''കുടപ്പനക്കുന്നിൽ വച്ച് ലൈവ് പരിപാടിക്കിടെ കുഴഞ്ഞു വീണു. അറ്റാക്കാണെന്നു തോന്നുന്നു. ഞങ്ങളെല്ലാം മെഡിക്കൽ കോളജിലാണ്....'' എന്നു നീണ്ടു ജേക്കബിന്റെ വർത്തമാനം. 1991 മുതലുള്ള 32 വർഷത്തെ പരിചയമാണ് അനിയുടെ കർമപഥത്തിന്. ആ ദിവസം 32 വർഷം നീട്ടി വച്ച എന്റെ എളിയ ലഞ്ചിൽ പങ്കെടുക്കാനും ഒരുപാട് വികസന സാധ്യതകൾ ചർച്ച ചെയ്യാനും കേരളത്തിന്റെ ഭാവിയെക്കുറിച്ചും കാർഷിക സർവകലാശാലയുടെ ഉയർച്ചയെക്കുറിച്ചുമൊക്കെ സ്വപ്നം കണ്ടു കൊണ്ട് സംസാരിച്ചുകൊണ്ട് ഡോ. അനി എസ് ദാസ് പോയി. രാത്രി മോർച്ചറിയിൽ നിന്നും ഭൗതികശരീരം ഏറ്റുവാങ്ങിപ്പോകുമ്പോൾ അനിയുടെ ഒടുവിലത്തെ വാട്സാപ് സന്ദേശം എന്റെ ശ്രദ്ധയിൽ വന്നു. “It was nice talking to you”. ആർക്കും അനിയെക്കുറിച്ച് പറയാനുള്ളതും അതുതന്നെയായിരിക്കും. “It was always nice and energizing to talk to you Ani”. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖം ആശ്വസിപ്പിക്കത്തക്കതല്ല. എന്നാലും ജീവിതത്തിന്റെ ഒടുവിലെ മണിക്കൂറുകളിൽ എന്നെ കാണാൻ വന്നല്ലോ, 32 വർഷം ഞങ്ങൾ മാറ്റി വച്ച ലഞ്ച് ഒന്നിച്ചു കഴിച്ച്; ചായ വേണ്ടെന്നു വച്ച് പോയിക്കളഞ്ഞു എന്ന പരിഭവം എന്നെന്നും എനിക്കു ബാക്കിയാവുന്നു.