ADVERTISEMENT

മലപ്പുറം: കേരളത്തിലെ കൃഷി, മൃഗസംരക്ഷണ, മത്സ്യ മേഖലകളിലെ വളർച്ചയുടെ നേർച്ചിത്രം അവതരിപ്പിക്കുന്ന കർഷകശ്രീ കാർഷിക മേള 31ന് മലപ്പുറം എംഎസ്‌പി മൈതാനത്ത് ആരംഭിക്കും. കേരളത്തിലെ ഏറ്റവും മികച്ച കർഷക പ്രതിഭയ്ക്ക് മലയാള മനോരമയുടെ കർഷകശ്രീ പുരസ്കാരം സമര്‍പ്പിക്കുന്നതിനോടനുബന്ധിച്ചാണ് അഞ്ചു ദിവസത്തെ കാർഷികമേള. പുതിയ വിത്തിനങ്ങൾ, കൃഷിരീതികൾ,  യന്ത്രോപകരണങ്ങൾ, സാങ്കേതികവിദ്യകൾ തുടങ്ങി കേരളത്തിലെ കാർഷികരംഗത്തുണ്ടാകുന്ന സമഗ്ര മാറ്റങ്ങൾ വിളംബരം ചെയ്യുന്ന നൂറില്‍പരം സ്റ്റാളുകള്‍ കാർഷികമേളാനഗരിയില്‍ അണി നിരക്കും.  

കര്‍ഷകരും കൃഷിയെ സ്നഹിക്കുന്നവരും ഏറെക്കാലമായി കാത്തിരുന്ന ഒരു ഷോപ്പിങ് മാമാങ്കം തന്നെയാണ് മാമാങ്കത്തിന്റെ നാട്ടില്‍ 31 മുതലുള്ള അഞ്ചു നാളുകളില്‍ അരങ്ങേറുന്നത്. തെങ്ങ്, കമുക്, ജാതി, കൊക്കോ തുടങ്ങിയ പ്രധാന വിളകൾ, വിദേശ ഇനങ്ങളടക്കമുള്ള പഴം–പച്ചക്കറികൾ, അലങ്കാര സസ്യങ്ങൾ, ഔഷധ സസ്യങ്ങൾ തുടങ്ങിയവയുമായി നടീല്‍വസ്തുക്കളുമായി ഇരുപതോളം നഴ്സറികൾ മേളയിലുണ്ട്. പുതിയ ഇനങ്ങളെക്കുറിച്ച് അറിയാനും കർഷകർക്കും ഉദ്യാനപ്രേമികൾക്കും തങ്ങൾക്കിണങ്ങിയ വിളകളും ചെടികളും തിരഞ്ഞെടുക്കാനും വാങ്ങാനും ഇതു സുവര്‍ണാവസരം. 

കൃഷിയറിവുകളുടെ വിശാലമായ കലവറയാണ് കൃഷി, മൃഗസംരക്ഷണ, ക്ഷീരവികസന, ഫിഷറീസ് വകു പ്പുകളും കാർഷിക, വെറ്ററിനറി, ഫിഷറീസ് സർവകലാശാലകളും ചേര്‍ന്നു മേളയില്‍ തുറക്കുന്നത്. ഫാം ഇൻഫർമേഷൻ ബ്യൂറോയും മലപ്പുറം ലൈവ്സ്റ്റോക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററും മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രം, തിരുവാഴംകുന്ന് ഏവിയൻ റിസർച്ച് സ്റ്റേഷൻ എന്നിവയുടെ സ്റ്റാളുകള്‍ കർഷകർക്ക് അറിവുകൾ പകർന്നു നൽകും. വെറ്ററിനറി സർവകലാശാലയുടെ അക്കാദമിക് വിവരങ്ങൾ അറിയാനും ഉൽപന്നങ്ങൾ (കോഴി, താറാവ്, കാടക്കുഞ്ഞുങ്ങൾ, തീറ്റ തുടങ്ങിയവ) ബുക്ക് ചെയ്യാനും ഒപ്പം പക്ഷി– മൃഗപരിപാലനത്തിലെ സംശയങ്ങള്‍ക്ക് ഉത്തരം തേടാനും അവസരം ലഭിക്കും. 

ഉന്നത നിലവാരമുള്ള പച്ചക്കറിവിത്തുകൾ കുറഞ്ഞ നിരക്കിൽ വാങ്ങാൻ അവസരമൊരുക്കുന്നതാണ് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളയുടെ സ്റ്റാൾ. സുഗന്ധവിളകളുടെ പുതിയ ഇനങ്ങളെയും പുതിയ കൃഷിരീതികളെയും കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് സ്പൈസസ് റിസർ ച്ചിന്റെ സ്റ്റാളിലൂടെ അറിയാം. ഐഐഎസ്ആർ തേവം ഉൾപ്പെടെയുള്ള അത്യുൽപാദനശേഷിയുള്ള കുരു മുളകിനങ്ങളുടെ തൈകൾ വാങ്ങുകയും ചെയ്യാം. ഐഐഎസ്ആർ ഈയിടെ വികസിപ്പിച്ചെടുത്ത ബയോക്യാപ്സൂളുകളും സൂക്ഷ്മ പോഷകമിശ്രിതവും സ്റ്റാളില്‍നിന്നു വാങ്ങാം.

farmfair-5

കേരളത്തിലെ പ്രമുഖ കാലിത്തീറ്റ നിർമാതാക്കളായ കേരളാ ഫീഡ്സിന്റെ സ്റ്റാളിൽ കമ്പനി വിപണിയിലിറക്കുന്ന തീറ്റകളെക്കുറിച്ച് അറിവു ലഭിക്കുന്നതിനൊപ്പം കന്നുകാലികൾക്ക് ഇൻഷുറൻസ് പരിരക്ഷയൊരുക്കാനുമുള്ള സൗകര്യവും ഉണ്ടായിരിക്കും.  സ്വാശ്രയസംഘങ്ങളുടെ മൂല്യവർധിത ഉൽപന്നങ്ങൾ ലഭ്യമാകുന്ന നബാർഡ് സ്റ്റാളില്‍ സംരംഭകര്‍ക്കുള്ള വായ്പ, ധനസഹായ, പരിശീലനപദ്ധതികളുടെ വിവരങ്ങള്‍ അറിയാം. റബർ ബോർഡ്, കോക്കനട്ട് ബോർഡ്, സ്പെസസ് ബോർഡ്, കെഎല്‍ഡി ബോര്‍ഡ്  എന്നിവയുടെയും സ്റ്റാളുകളുണ്ടാവും.

farmfair-3

അധ്വാനഭാരവും സമയനഷ്ടവും കുറച്ച് കൃഷി ലാഭകരമാക്കാൻ സഹായിക്കുന്ന ഒട്ടേറെ കാർഷികോപകരണങ്ങളും യന്ത്രങ്ങളും കാണാനും വാങ്ങാനും മേളയില്‍ അവസരമുണ്ട്. അടയ്ക്ക പൊളിക്കൽ, തെങ്ങുകയറ്റയന്ത്രങ്ങള്‍ മുതൽ ടില്ലറും ട്രാക്ടറും വരെ മേളയില്‍. ബുക്ക് ചെയ്യാം. നാനോ വളങ്ങളെക്കുറിച്ച് അറിയാനും വാങ്ങാനും ഇഫ്കോയുടെ സ്റ്റാള്‍ അവസരമൊരുക്കുന്നു. 

കൃഷിയിലെ ഹൈടെക് , ഓട്ടോമേഷൻ സങ്കേതങ്ങളും കൃഷിയിടങ്ങളില്‍ അവ ഒരുക്കിനല്‍കുന്ന സ്ഥാപനങ്ങളും  പരിചയപ്പെടാമെന്നതു മറ്റൊരു നേട്ടം.  നെല്ലിനും കൈതയ്ക്കും വാഴയ്ക്കുമെല്ലാം വളപ്രയോഗം നടത്തുന്ന  ഡ്രോണിന്റെ പ്രകടനം ഒരു നവ്യാനുഭവമായിരിക്കും. കൃഷിയിടത്തിലെ നിർമിതബുദ്ധിപ്രയോഗസാധ്യതയെക്കുറിച്ച് അറിയാനും അവസരമുണ്ട്. 

farmfair-4

കേരളത്തിലെ വിവിധ ഔഷധസസ്യങ്ങള്‍, കൃഷിരീതി, അവയുടെ ഉപയോഗം എന്നിവ കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ പ്രദര്‍ശനശാലയില്‍നിന്നു മനസ്സിലാക്കാം. തേൻ മുതൽ ഔഷധങ്ങൾ വരെയുള്ള വനവിഭവങ്ങള്‍, മുളയുൽപന്നങ്ങള്‍,  മുളയരി വിഭവങ്ങള്‍ എന്നിവയുടെ പ്രത്യേക സ്റ്റാള്‍ മേളയുടെ വലിയ ആകര്‍ഷണമാവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com