തൊഴുത്തിലുള്ള കാലികൾ 21: മാത്യു ബെന്നി ഹാപ്പിയാണ്
Mail This Article
ഇടുക്കി ജില്ലയിലെ വെള്ളിയാമറ്റത്തെ കുട്ടിക്കർഷകൻ മാത്യു ബെന്നിയുടെ തൊഴുത്തിൽ ഇപ്പോൾ എത്ര പശുക്കളുണ്ട്? കേരളം ഏറ്റെടുത്ത ആ തൊഴുത്തിൽ 21 കാലികൾ. മുൻപുണ്ടായിരുന്ന 22നേക്കാൾ ഒന്നുമാത്രം കുറവ്.
പഠനത്തോടൊപ്പം 22 പശുക്കളെ പരിപാലിച്ചിരുന്ന മാത്യുവിന്റെ തൊഴുത്തിൽ ഡിസംബർ 31നു രാത്രി 8നു കഴിക്കാൻ നൽകിയ കപ്പത്തൊണ്ടിൽനിന്നു സയനൈഡ് വിഷബാധയേറ്റ് പശുക്കൾ ചത്തു. ‘മനോരമ’ വാർത്തകണ്ട് മാത്യുവിന്റെ തൊഴുത്തിലേക്ക് കേരളം സ്നേഹം ചുരത്തി. അങ്ങനെ പശുക്കൾ പലനാട്ടിൽനിന്നു മാത്യുവിന്റെ തൊഴുത്തിലേക്ക് എത്തി.
കത്തോലിക്കാ കോൺഗ്രസ് ഒരു പശുവിനെയും ഒരു മൂരിക്കിടാവിനെയും നൽകി. തൊടുപുഴ എംഎൽഎ പി.ജെ.ജോസഫ് തന്റെ തൊഴുത്തിൽനിന്ന് ഒരു ഗർഭിണി കിടാരിയെ എത്തിച്ചു. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയും കർഷകസംഘം ഇടുക്കി ജില്ലാ കമ്മിറ്റിയും മൂലമറ്റം ഏരിയ കമ്മിറ്റിയും ചേർന്ന് 3 പശുക്കളെ നൽകി. ഇതിൽ കർഷക സംഘം നൽകിയ പശു കഴിഞ്ഞ 18നു പ്രസവിച്ചു. മന്ത്രി ചിഞ്ചുറാണി 5 പശുക്കളെ മാട്ടുപ്പെട്ടി ഫാമിൽ നിന്ന് സർക്കാരിന്റെ വകയായി എത്തിച്ചു നൽകി.
ചാകാതെ രക്ഷപ്പെട്ട 9 കാലികളും സഹായമായി ലഭിച്ച 11 എണ്ണവും മാത്യുവിന്റെ തൊഴുത്തിൽ പിറന്ന മണിക്കുട്ടിയെന്ന കിടാവും ഉൾപ്പെടെ 21 കന്നുകാലികളുമായി മാത്യുവും കുടുംബവും ഹാപ്പി!