ADVERTISEMENT

പ്ലസ് ടു പരീക്ഷകൾ കഴിഞ്ഞു വീണ്ടുമൊരു എൻട്രൻസ് കാലം കടന്നുപോവുകയാണല്ലോ. വെറ്ററിനറി ഡോക്ടറാകാൻ ആഗ്രഹിക്കുന്ന ഒട്ടേറെ വിദ്യാർഥികളും അവരുടെ മാതാപിതാക്കളും കോളജുകളെപ്പറ്റിയും അഡ്മിഷൻ മാർഗങ്ങളെപറ്റിയുമൊക്കെ അന്വേഷിക്കാനായി കഴിഞ്ഞ കൊല്ലങ്ങളെ പോലെ ഇക്കൊല്ലവും ഫോണിൽ ബന്ധപ്പെടുന്നുണ്ട്. അഭിരുചിയോടു കൂടി വെറ്ററിനറി ഡോക്ടറാകാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം ഏതാനും വർഷങ്ങളായി വർധിച്ചു വരുന്നുണ്ട്. സന്തോഷവും അതിലുപരി പ്രതീക്ഷയുമായാണ് ഈ മാറ്റം കാണുന്നത്. 

വെറ്ററിനറി ഡോക്ടറാകാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളും, ഒപ്പം കോളജുകൾ, വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ എന്നിവയെക്കുറിച്ചും അറിയാം.

cow-surgery-1

വെറ്ററിനറി സയൻസ്

വെറ്ററിനറി സയൻസ് ബിരുദധാരികളാണ് വെറ്ററിനറി ഡോക്ടർമാരായി സേവനം ചെയ്യുന്നത്. ലോകത്ത് പല സ്ഥലങ്ങളിലും വെറ്ററിനറി ബിരുദം, ഡോക്ടർ ഓഫ് വെറ്ററിനറി മെഡിസിൻ അഥവാ DVM എന്ന ഡോക്ടറൽ ഡിഗ്രിയാണ്. എന്നാൽ ഇന്ത്യയിലും മറ്റു ചില രാജ്യങ്ങളിലും വെറ്ററിനറി ബിരുദം ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസസ് അഥവാ BVSc എന്നും അറിയപ്പെടുന്നു.

ഇന്ത്യയിൽ വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ (VCI) ആണ് രാജ്യത്തെ വെറ്ററിനറി വിദ്യാഭ്യാസം, കോളജുകൾ, വെറ്ററിനറി മെഡിസിൻ പ്രാക്ടീസ്, വെറ്ററിനറി ആശുപത്രികളുടെ ചട്ടങ്ങൾ തുടങ്ങിയവയുടെ എല്ലാം റെഗുലേറ്ററി ഏജൻസി. VCIയുടെ ഏറ്റവും പുതിയ മിനിമം സ്റ്റാൻഡേർഡ്‌സ് ഓഫ് വെറ്ററിനറി എഡ്യൂക്കേഷൻ 2016 (MSVE 2016) മാനദണ്ഡം അനുസരിച്ച് ഇന്ത്യയിലെ വെറ്ററിനറി ബിരുദം ‘ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസസ് & ആനിമൽ ഹസ്ബൻഡറി’ (BVSc & AH) എന്നറിയപ്പെടുന്നു.

എംബിബിഎസ് പഠനം പോലെ നിലവിൽ അഞ്ചര വർഷമാണ് BVSc & AH കോഴ്സ് കാലാവധി. ഇതിൽ ആദ്യ നാലര വർഷം നാലു പ്രഫഷനൽ ഇയറുകളും അതിനുശേഷം ഒരു വർഷം നിർബന്ധിത ഇന്റേൺഷിപ്പും (ഹൗസ് സർജൻസി) ഉൾപ്പെടുന്നു. കുറഞ്ഞത് 210 ദിവസമുള്ള ആദ്യ മൂന്ന് പ്രഫഷനൽ ഇയറുകളും ക്ലിനിക്കൽ ട്രെയിനിങ് ഉൾപ്പെടുന്ന 315 ദിവസങ്ങളിൽ കുറയാത്ത ഫൈനൽ പ്രഫഷനൽ ഇയറിലുമായി ആകെ 18 കോർ വിഷയങ്ങളാണുള്ളത്. ഓരോ പ്രഫഷനൽ ഇയറുകളിലും മൂന്നു ഇന്റേണൽ യൂണിറ്റ് പരീക്ഷകളും, ഓരോ പ്രഫഷനൽ ഇയറിന്റെയും അവസാനം ഒരു വർഷാവസാന യൂണിവേഴ്സിറ്റി പരീക്ഷയുമാണ് മൂല്യ നിർണയ സമ്പ്രദായം. എല്ലാ വിഷയങ്ങളിലും തിയറി പരീക്ഷകളും പ്രാക്ടിക്കൽ പരീക്ഷകളും ഉണ്ടാകും. തിയറിയിലും പ്രാക്റ്റിക്കലിലും 50 ശതമാനത്തിൽ കുറയാതെ മാർക്ക് ലഭിച്ചാൽ മാത്രമേ പാസ്സ് ആവുകയുള്ളൂ. ഒരു പ്രഫഷനൽ ഇയറിലെ എല്ലാ വിഷയങ്ങളിലും പാസ് ആയാൽ മാത്രമാണ് അടുത്ത ഇയറിലേക്കു പ്രമോഷൻ ലഭിക്കൂ.

ഒരു വർഷത്തെ ഇന്റേൺഷിപ്പ് കാലയളവിൽ മൃഗാശുപത്രികൾ, പലതരം ലൈവ്സ്റ്റോക്ക് & പൗൾട്രി ഫാമുകൾ, മോഡേൺ അറവുശാലകൾ, പാൽ സംസ്കരണശാലകൾ (Dairy industry), മൃഗശാല, വന്യജീവി ആശുപത്രിൾ തുടങ്ങിയ പല സ്ഥലങ്ങളിലും സ്റ്റൈഫൻഡോടുകൂടി ഇന്റേൺഷിപ്പ് ട്രെയിനിങ് ഉണ്ടാകും.          

മൃഗചികിത്സ, ശസ്ത്രക്രിയ തുടങ്ങിയ ആധുനിക വൈദ്യമായ വെറ്ററിനറി സയൻസിനോടൊപ്പം അനിമൽ ഹസ്ബൻഡറി ബിരുദം കൂടി ഇന്ത്യയിലെ വെറ്ററിനറി വിദ്യാർഥികൾ പഠിക്കുന്നുണ്ട്. 

അനിമൽ ഹസ്ബൻഡറി പ്രധാനമായും മൃഗങ്ങളുടെ പരിപാലനം (LIVESTOCK MANAGEMENT), അവയുടെ തീറ്റ ക്രമം (ANIMAL NUTRITION), മൃഗങ്ങളിൽ നിന്നും ഭക്ഷ്യവസ്തുക്കളുടെയും മറ്റും  നിർമാണം (LIVESTOCK PRODUCTS TECHNOLOGY) എന്നിവയിൽ ശ്രദ്ധ ചെലുത്തുന്നു.           

അഡ്മിഷൻ

കേരളത്തിലെ വിദ്യാർഥികൾക്ക് പ്രധാനമായും അഞ്ചു രീതിയിൽ വെറ്ററിനറിക്ക് അഡ്മിഷൻ നേടാം. 

1. KEAM 

കേരളത്തിലെ രണ്ടു വെറ്ററിനറി കോളജുകളിലെ സ്റ്റേറ്റ് QUOTAയിലേക്ക് KEAM മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് നടക്കുന്ന പ്രവശനത്തിലൂടെയാണ് അഡ്മിഷൻ. NEET പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് KEAM പ്രവേശനം (cee.kerala.gov.in). വൊക്കേഷണൽ ഹൈയർ സെക്കൻ‍ഡറി സ്കൂളിൽ LIVESTOCK MANAGEMENT പഠിച്ച വിദ്യാർഥികൾക്ക് പ്രത്യേകം QUOTA ഉണ്ട്. 

 2. VCI QUOTA (ALL INDIA QUOTA) 

ഇന്ത്യയിലെ എല്ലാ VCI അംഗീകൃത വെറ്ററിനറി കോളജുകളിലും 15% ശതമാനം സീറ്റുകളിലേക്ക് പ്രവശനം നടക്കുന്നത് VCI ADMISSION പോർട്ടൽ വഴിയാണ് (vci.dahd.gov.in). ഈ പോർട്ടലിൽ റജിസ്റ്റർ ചെയ്ത് NEET പരീക്ഷയുടെ റാങ്കും മറ്റു വിവരണങ്ങളും നൽകി കോളജുകളുടെ ചോയിസ് നൽകാം.  കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും കോളജുകളിൽ VCI വഴി ഒട്ടേറെ മലയാളി വിദ്യാർഥികൾ അഡ്മിഷൻ നേടാറുണ്ട്.    

3. ഗവൺമെന്റ് കോളജുകളിലെ സെൽഫ് ഫിനാൻസിങ് (SELF SUPPORT) OR NRI, NRI SPONSORED സീറ്റുകൾ 

കേരളം ഒഴികെയുള്ള മിക്ക സംസ്ഥാന സർക്കാർ കോളജുകളിലും, SELF SUPPORT, NRI, NRI SPONSORED QUOTA അധവാ ഉയർന്ന ഫീസ് നൽകിയുള്ള സീറ്റുകളുണ്ട്. ഇതിലേക്കുള്ള അഡ്മിഷൻ മാനദണ്ഡങ്ങൾ ഓരോ കോളജുകളിലും വ്യത്യസ്തമാണ്. അതാത് കോളജുകളുടെ വെബ്സൈറ്റ് സന്ദർശിച്ചാൽ വിവരങ്ങൾ ലഭ്യമാണ്. പല ഏജൻസികളും ഇത്തരം അഡ്മിഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. എങ്കിലും കൂടുതലും അവ കബളിപ്പിക്കുന്നവയാണ്. ആയതിനാൽ കോളജുകളുമായി നേരിട്ട് ബന്ധപ്പെടുവാൻ ശ്രദ്ധിക്കുക. പോണ്ടിച്ചേരിയിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെറ്ററിനറി എഡ്യുക്കേഷൻ & റിസർച്ച് (RIVER, PUDUCHERRY), മലയാളി വിദ്യാർഥികൾ ഈ രീതിയിൽ അഡ്മിഷൻ നേടുന്ന ദക്ഷിണേന്ത്യയിലെ ഒരു പ്രധാന കോളജാണ്. ആസ്സാം വെറ്ററിനറി കോളജാണ് മറ്റൊന്ന്.  

4. പ്രൈവറ്റ് വെറ്ററിനറി കോളജുകൾ 

ഉത്തര ഇന്ത്യൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ പത്തു കൊല്ലത്തിൽ നാലോളം പ്രൈവറ്റ് വെറ്ററിനറി കോളജുകൾക്കാണ് VCI അംഗീകാരം ലഭിച്ചത്. ഇവിടെ 7 മുതൽ 8 ലക്ഷം രൂപ വരെ വർഷം ഫീസ് ആകും. ഇത്തരം കോളേജുകളിലെ നല്ലൊരു പങ്കും തെക്കേ ഇന്ത്യയിലെ വിദ്യാർഥികളാണ്.  അതാത് കോളജുകളുടെ വെബ്സൈറ്റ് സന്ദർശിച്ചാൽ വിവരങ്ങൾ ലഭ്യമാണ്. ഇവിടെയും ഏജൻസി (AGENCY) അഡ്മിഷൻ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും കോളജുകളുമായി നേരിട്ട് ബന്ധപ്പെടുന്നതാണ് നല്ലത്. ഈ കോളജുകളിലെയും 15% സീറ്റുകൾ VCI ALL INDIA QUOTA വഴിയാണ് അഡ്മിഷൻ 

5. വിദേശ രാജ്യങ്ങളിലെ വെറ്ററിനറി പഠനം 

ചെറുതല്ലാത്ത ശതമാനം മലയാളി വിദ്യാർഥികൾ വെറ്ററിനറി പഠനത്തിനായി വിദേശ രാജ്യങ്ങളിലേക്കു പോകാറുണ്ട്.  പുറം രാജ്യങ്ങളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ, ഇന്ത്യയിൽ VCI മിനിമം മനദണ്ഡങ്ങൾ പൂർത്തീകരിക്കാൻ സാധിക്കാതെ പോകുന്നവർ, കുറഞ്ഞ ചെലവിലെ വിദ്യാഭ്യാസം തുടങ്ങി പല കാരണങ്ങളാണുള്ളത്. വെറ്ററിനറി ഡോക്ടറാകാൻ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വർധന കാരണം പല ഏജൻസികളും ഇത്തരം അഡ്മിഷൻ പരസ്യങ്ങൾ നൽകുന്നുണ്ട്. പുറം രാജ്യങ്ങളിലെ MBBS പഠനം പോലെ തിരികെ ഇന്ത്യയിലെത്തി പ്രാക്ടീസ് ചെയ്യണമെങ്കിൽ VCI നടത്തുന്ന പരീക്ഷയും പ്രാക്ടിക്കൽ ടെസ്റ്റും പാസ്സ് ആകേണ്ടതുണ്ട്. ഇങ്ങനെ പുറത്തു പോകാനായി ആഗ്രഹിക്കുന്നവർ DVM കോഴ്സ് നൽകുന്ന നല്ല കോളജുകൾ മാത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. അമേരിക്കൻ വെറ്ററിനറി കോളജിയറ്റ്, റോയൽ വെറ്ററിനറി കോളജ് എന്നിവയുടെ അംഗീകാരം ഉള്ളവ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. ഈ കുറിപ്പിൽ ഇന്ത്യയിലെ വെറ്ററിനറി വിദ്യാഭ്യാസത്തെക്കുറിച്ച് മാത്രമാണ് പ്രതിപാദിക്കുന്നത്.             

latex-and-cow-2

അഡ്മിഷൻ മാനദണ്ഡങ്ങൾ (VCI, INDIA)

  • ഹയർ സെക്കൻഡറി പരീക്ഷയിൽ സയൻസ് വിഷയങ്ങളിലും ഇംഗ്ലിഷിലും (English, Physics, Chemistry and Biology) കുറഞ്ഞത്  50% മാർക്കോടെ പാസ്സ് ആയിരിക്കണം. ദളിത് (SC & ST) വിദ്യാർഥികൾക്ക് 47.5% മാർക്ക്.
  • അഡ്മിഷൻ നേടുന്ന വർഷത്തിലെ ഡിസംബർ 31നുള്ളിൽ 17 വയസ്സ് തികയണം. പ്രായപരിധി (UPPER AGE) ലിമിറ്റ് ഇല്ല.

എന്തുകൊണ്ട് അഭിരുചി? 

ഒരു അസാധാരണ കോഴ്സ് ആയതിനാൽ പലപ്പോഴും വിദ്യാർഥികൾ വെറ്ററിനറിക്കു പ്രവേശനം നേടിയ ശേഷമാണ് കോഴ്സിനെക്കുറിച്ച് മനസ്സിലാക്കുന്നത്. മോഡേൺ മെഡിസിനോടുള്ള താൽപര്യം തന്നെയാണ് ഇവിടെയും പരമ പ്രാധാന്യം. മൃഗങ്ങളുമായുള്ള സമ്പർക്കത്തെ ഇഷ്ടപ്പെടാത്തവർക്ക് ഒരുപക്ഷേ വിരസത ഉണ്ടാക്കിയേക്കാം. പക്ഷേ കൂടുതൽ പേരും ജോയിൻ ചെയ്തു കഴിയുമ്പോൾ വെറ്ററിനറിയിലേക്കു താൽപരരാവുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വെറ്ററിനറി ഡോക്ടർമാരുമായി സംസാരിക്കുന്നതും അടുത്തുള്ള മൃഗാശുപത്രിയോ വെറ്ററിനറി കോളജുകളോ സന്ദർശിക്കുന്നതും സ്വയം ഒരു ആത്മ പരിശോധന നടത്താൻ സഹായിക്കും.         

ചികിത്സയ്ക്ക് എത്തിയ ബ്ലൂ ആൻഡ് ഗോൾഡ് മക്കാവിനൊപ്പം ഡോ. റാണി മരിയ തോമസ്
ചികിത്സയ്ക്ക് എത്തിയ ബ്ലൂ ആൻഡ് ഗോൾഡ് മക്കാവിനൊപ്പം ഡോ. റാണി മരിയ തോമസ്

വെറ്ററിനറി കോളജുകൾ തിരഞ്ഞെടുക്കുമ്പോൾ

കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും ഒട്ടുമിക്ക സർക്കാർ കോളജുകളും മികച്ച അക്കാദമിക് നിലവാരം പുലർത്തുന്നവയാണ്. കേരള വെറ്ററിനറി & ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മണ്ണുത്തി വെറ്ററിനറി കോളജും പൂക്കോട് വെറ്ററിനറി കോളജുമാണ് കേരളത്തിലെ രണ്ടു വെറ്ററിനറി കോളജുകൾ. ഉന്നത ഗുണ നിലവാരവും, ഭൗതിക സാഹചര്യങ്ങളും ഇവിടെ ലഭ്യമാണ്. തമിഴ്നാട് വെറ്ററിനറി യൂണിവേഴ്സിറ്റിയാണ് രാജ്യത്തെ ആദ്യത്തേതും ഏറ്റവും വലിയതുമായ വെറ്ററിനറി യൂണിവേഴ്സിറ്റി. ഉത്തർപ്രദേശ് ബറൈലിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്യൂട്ട് (ICAR-IVRI) ആണ് ഇന്ത്യയിലെ വെറ്ററിനറി ഗവേഷണ പഠനങ്ങൾക്കായുള്ള പ്രധാന നാഷനൽ ഇൻസ്റ്റിറ്യൂട്ട്. അവിടെയും ഇപ്പോൾ BVSc&AH ബിരുദ കോഴ്സ് നടത്തുന്നുണ്ട്. ഓരോ സ്ഥലങ്ങളുടെയും കന്നുകാലി അല്ലെങ്കിൽ അരുമ മൃഗങ്ങളുടെ എണ്ണം അനുസരിച്ച് ആശുപത്രികളിലെ കേസ് എണ്ണത്തിൽ വ്യത്യാസങ്ങളുണ്ടാകാം.

പ്രൈവറ്റ് വെറ്ററിനറി കോളജുകളിൽ അഡ്മിഷൻ നേടാനാഗ്രഹിക്കുന്നുണ്ടെങ്കിൽ അവയുടെ വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ (VCI) അംഗീകാരം ഉറപ്പ് വരുത്തേണ്ടതുണ്ട്. കഴിഞ്ഞ വർഷത്തെ VCIയുടെ കണക്ക് അനുസരിച്ച് നാല് പ്രൈവറ്റ് കോളജുകൾക്ക് മാത്രമാണ് അംഗീകാരം ഉണ്ടായിരുന്നതെന്ന് മുകളിൽ സൂചിപ്പിച്ചിരുന്നല്ലോ. താൽകാലിക അംഗീകാരം മറ്റു ചില കോളജുകൾക്കു കൂടി ലഭിച്ചിരുന്നുവെങ്കിലും അവയുടെ ഇപ്പോഴത്തെ അംഗീകാരം ഈ വർഷത്തെ VCI അഡ്മിഷൻ നോട്ടിഫിക്കേഷൻ വന്ന ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ. അതിനാൽ VCI വെബ്സൈറ്റിലെ അംഗീകൃത വെറ്ററിനറി കോളജുകളുടെ ലിസ്റ്റ് പരിശോധിച്ച ശേഷം മാത്രം അഡ്മിഷൻ എടുക്കുക.

വെറ്ററിനറി കൗൺസിൽ

ഇന്ത്യയിൽ വെറ്ററിനറി ഡോക്ടർ ആയി സേവനം നടത്താൻ വെറ്ററിനറി ബിരുദത്തോടൊപ്പം വെറ്ററിനറി കൗൺസിൽ റജിസ്ട്രഷേൻ നിർബന്ധമാണ്.   

വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം ഇല്ലാത്ത കോളജുകളിൽനിന്നും പഠിച്ചിറങ്ങുന്നവരുടെ ബിരുദത്തിന് അംഗീകാരം ഉണ്ടാകില്ല. തന്മൂലം റജിസ്ട്രഷേൻ ചെയ്യാൻ സാധിക്കുകയുമില്ല.    

ഉപരിപഠന സാധ്യതകൾ

ഇന്ത്യയിലെ വെറ്ററിനറി ബിരുദാനാന്തര ബിരുദം മാസ്റ്റർ ഓഫ് വെറ്ററിനറി സയൻസസ് (MVSc) എന്ന് അറിയപ്പെടുന്നു. ക്ലിനിക്കൽ വിഷയങ്ങളായ സർജറി, ക്ലിനിക്കൽ മെഡിസിൻ, ഗൈനക്കോളജി, മറ്റ് പാരാ ക്ലിനിക്കൽ വിഷയങ്ങളായ പത്തോളജി, അനാട്ടമി, പൊതുജന ആരോഗ്യം തുടങ്ങി പതിനെട്ടോളം ബിരുദാനന്തര ബിരുദ മേഖലകളാണ് നിലവിൽ ഇന്ത്യയിലുള്ളത്. ഇവയിലെല്ലാം തന്നെ PHD പ്രോഗ്രാമുകളുമുണ്ട്. ഇതുകൂടാതെ വെറ്ററിനറി ഫോറെൻസിക് മെഡിസിൻ, എൻഡോസ്കോപി തുടങ്ങിയ വിവിധ പിജി ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്. വിദേശ രാജ്യങ്ങളിൽ ഉപരിപഠന സാധ്യതകൾ നിരവധിയാണ്. ഇന്ത്യയിൽ നിന്നും എത്തുന്ന വെറ്ററിനറി ബിരുദധാരികളെ വിദേശ യൂണിവേഴ്സിറ്റികൾ വളരെയധികം താൽപര്യത്തോടു കൂടിയാണ് സ്വീകരിക്കുന്നത്. ട്രോപ്പിക്കൽ ഡിസീസുകളിലെ ഇന്ത്യൻ ഡോക്ടർമാരുടെ പ്രാവീണ്യം ആണ് ഇതിനൊരു പ്രധാന കാരണം. കൂടാതെ അർബുദ ഗവേഷണം, വാക്സീൻ റിസർച്ച് തുടങ്ങിയ മേഖലകളിലും ഉപരിപാഠനം നടത്തി മെഡിക്കൽ രംഗത്തേക്ക് പ്രവേശിക്കുന്നവരും ഏറെ. MBA പോലുള്ള മാനേജ്മെന്റ് കോഴ്സുകളിലും, മാസ്സ് മീഡിയ കമ്യൂണിക്കേഷൻ തുടങ്ങിയ ഉപരി പഠനങ്ങൾ എടുത്തുകൊണ്ടു വെറ്ററിനറി മേഖലയിൽ സ്വയം നവ മാറ്റങ്ങൾ കൊണ്ടുവരാനാകും എന്നു പലരും തെളിയിച്ചിട്ടുണ്ട്.                     

ജോലി സാധ്യതകൾ

  • സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ 

സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിലെ വെറ്ററിനറി സർജൻ, കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ്, മിൽമ, കേന്ദ്ര സർക്കാർ (DAHD, NDDB, ICAR etc.) സ്ഥാപനങ്ങളിലെ വെറ്ററിനറി സർജൻ, മാനേജർ തസ്തികകൾ. NABARD, ഗ്രാമീൺ ബാങ്ക് പോലുള്ള നാഷനൽ ബാങ്കുകളിൽ അസിസ്റ്റന്റ് മാനേജർ. 

Alamadhi-Semen-Station-atlas-and-thor

ഉപരി പഠനത്തിനു ശേഷം വെറ്ററിനറി കോളജുകളിൽ അധ്യാപകർ, ഗവേഷകർ തുടങ്ങിയ പരമ്പരാഗത തൊഴിലവസരങ്ങൾക്ക് പുറമെ നിരവധി സാധ്യതകളാണ് വെറ്ററിനറി ബിരുദ ധാരികൾക്ക് നിലവിലുള്ളത്. 

  • പ്രൈവറ്റ് വെറ്ററിനറി ഹോപസിറ്റലുകൾ 

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഇന്ത്യയിൽ ഒട്ടേറെ പ്രൈവറ്റ് വെറ്ററിനറി ഹോസ്പിറ്റലുകളാണ് തുടങ്ങിയട്ടുള്ളത്. പ്രധാന നഗരങ്ങളായ ഡൽഹി, ബെംഗളൂരു, ചെന്നൈ, കൊച്ചി, കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളിൽ മൾട്ടി സ്പെഷൽറ്റി ആശുപത്രികൾ അരുമ മൃഗങ്ങൾക്കായുണ്ട്. TATA പോലുള്ള MNC കമ്പനികളും വെറ്ററിനറി ആശുപത്രി ബിസിനസ്സ് തുടങ്ങി കഴിഞ്ഞു. ഉയർന്ന ശമ്പളമാണ് ഇവിടെ വെറ്ററിനറി ഡോക്ടർമാർക്കുള്ളത്. 

അരുമ മൃഗങ്ങളോടുള്ള കമ്പത്തോടൊപ്പം എക്സോടിക് ജീവികളായ പാമ്പുകൾ, മീനുകൾ, ആമ, ചെറിയ കുരങ്ങുകൾ തുടങ്ങി ലക്ഷങ്ങൾ വിലയുള്ള കിളികളും തത്തകളും ഇന്നു കേരളത്തിൽ തന്നെയുണ്ട്. അവയെ മാത്രം ചികിത്സിക്കുന്ന ആശുപത്രികളും കേരളത്തിലുണ്ട്.        

  • ഇൻഡസ്ട്രി മേഖല 

ഇന്ത്യയുടെ gdpയുടെ നല്ല ഒരു പങ്ക് സംഭാവന ചെയ്യുന്നത് പൗൽട്രി, ഡെയറി, മാംസോൽപാദന മേഖലയാണ്.  മുട്ട, ഇറച്ചി, പാൽ തുടങ്ങി തുകൽ വ്യവസായം പോലുള്ള വൻകിട ഉൽപാദകമേഖലയിലെല്ലാം ഒട്ടേറെ തൊഴിലവസരങ്ങൾ വെറ്ററിനറി ബിരുദധാരികൾക്കുണ്ട്. കോഴിത്തീറ്റ, കാലിത്തീറ്റ ഉൽപാദന മേഖലയിൽ ജോലി ചെയ്യുന്ന അനിമൽ ന്യൂട്രീഷൻ സ്പെഷലിസ്റ്റുകൾ, കോഴികളിലെ ബ്രീഡിങ് ജനിതക റിസർച്ച് തുടങ്ങിയ മേഖലയിലെ വെറ്ററിനറി ഡോക്ടർമാർക്ക് കോടികളുടെ സാലറി പാക്കേജ് ആണുള്ളത്. 

  • സംരംഭകത്വം (Entrepreneurship) 

അഞ്ചര വർഷത്തെ വെറ്ററിനറി വിദ്യാഭ്യാസത്തിൽ ലൈവ്സ്റ്റോക് എക്കണോമിക്സ്, ബിസിനസ് മാനേജ്മെന്റ് തുടങ്ങിയവയിലും നല്ല ഒരു പരിശീലനം ഇവർക്ക് ലഭിക്കും. അതിനാൽ സ്വയം വെറ്ററിനറി ആശുപത്രികൾ, വെറ്ററിനറി ലാബുകൾ, ഫാമുകൾ, കലിത്തീറ്റ ഉൽപാദനം, പ്രോജക്റ്റ് കൺസൽട്ടൻസി തുടങ്ങി നിരവധി മൃഗസംരക്ഷണ മേഖലകളിൽ വിജയകരമായി ബിസിനസ് രംഗത്ത് തിളങ്ങുന്ന അനേകം വെറ്ററിനറി ഡോക്ടർമാർ കേരളത്തിൽ തന്നെയുണ്ട്.  

  • അഡ്മിനിസ്ട്രേഷൻ 

ഐഎഎസ്, കെഎഎസ് പോലുള്ള അഡ്മിനിസ്ട്രേഷൻ മേഖലകൾ തിരഞ്ഞെടുത്തു മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന അനേകം വെറ്ററിനറി ഡോക്ടർമാർ ഇന്ത്യയിലുണ്ട്.

  • വിദേശത്തെ തൊഴിലവസരങ്ങൾ      

ഇതുകൂടാതെ വിദേശ രാജ്യങ്ങളിലും വെറ്ററിനറി ഡോക്ടർമാരുടെ സാധ്യതകൾ ഏറെയാണ്. തൊട്ടടുത്തുള്ള ഗൾഫ് രാജ്യങ്ങൾ തുടങ്ങി ഓസ്ട്രേലിയ, ന്യൂസിലൻഡ്, യൂറോപ്പ്യൻ രാജ്യങ്ങൾ, അമേരിക്ക എന്നിവിടങ്ങളിലെല്ലാം മലയാളികൾ വെറ്ററിനറി ഡോക്ടർമാരായും അധ്യാപകരായും ഗവേഷകരായുമൊക്കെ ജോലി ചെയ്യുന്നു. പുതിയ സമീപനമായ ഏകാരോഗ്യം വെറ്ററിനറി മേഖലയ്ക്ക് നൽകാൻ പോകുന്ന തൊഴിലവസരണങ്ങളും ഏറെ. 

വിലാസം

ഡോ. എസ്.ബി.നാരായണൻ BVSc & AH, MVSc.,
വെറ്ററിനറി ഡോക്ടർ 
(ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ മുൻ ജോയിന്റ് സെക്രട്ടറി)
ഫോൺ: 8110982981
ഇ–മെയിൽ: narayanan.sb@gmail.com    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com