ADVERTISEMENT

ഉണ്ട കൊപ്രയ്‌ക്കും രാജാപുർ കൊപ്രയ്‌ക്കും വീണ്ടും ഉത്തരേന്ത്യൻ അന്വേഷണങ്ങൾ. ദീപാവലിക്കുള്ള വാങ്ങലുകൾ പുരോഗമിച്ചത്‌ ഒരിക്കൽ കൂടി കുതിച്ചു ചാട്ടത്തിന്‌ അവസരം ഒരുക്കുമോയെന്ന്‌ ഉറ്റുനോക്കുകയാണ്‌ വ്യാപാര രംഗം. നവരാത്രി ഡിമാൻഡിൽ വടക്കൻ കേരളത്തിൽ കഴിഞ്ഞ മാസം മികവ്‌ കാണിച്ച കൊപ്ര വീണ്ടും ശ്രദ്ധിക്കപ്പെടുമെന്ന നിഗനമത്തിലാണ്‌ ചരക്ക്‌ സംഭരിച്ചിട്ടുള്ളവർ. നേരത്തെ ഉണ്ടക്കൊപ്ര ക്വിന്റലിന്‌ 17,500 രൂപയായും രാജാപുർ 22,000ലേക്കും കയറിയിരുന്നു. ഭക്ഷ്യ ആവശ്യങ്ങൾക്കുള്ള ഈ കൊപ്രയുടെ ലഭ്യത കുറവായതിനാൽ ഉത്സവ ഡിമാൻഡ് താങ്ങ്‌ പകരാം. അതേസമയം കേരളത്തിലും തമിഴ്‌നാട്ടിലും വെളിച്ചെണ്ണ വില ഇന്നു സ്റ്റെഡിയാണ്‌. 

ദീപാവലി ഡിമാൻഡിന്റെ മികവിലാണ്‌ ഏലക്ക. ഹൈറേഞ്ചിൽ കാലാവസ്ഥ അനുകൂലമായതിനാൽ മികച്ച രണ്ടാം റൗണ്ട്‌ വിളവെടുപ്പാണ്‌ ഉൽപാദകർ കണക്കു കൂട്ടുന്നത്‌. ഇതിനിടെ മലയോര മേഖലയിൽ ഏലത്തോട്ടങ്ങളിൽ വീണ്ടും മൂടുചീയൽ രോഗം റിപ്പോർട്ട്‌ ചെയ്‌തത്‌ കർഷകരിൽ ആശങ്കപരത്തി. ഉൽപാദകമേഖലയിൽ നടന്ന ലേലത്തിനു വന്ന 73,776 കിലോ ചരക്കിൽ 72,794 കിലോയും ആഭ്യന്തര വിദേശ ഡിമാൻഡിൽ വിറ്റഴിഞ്ഞത്‌ വിപണിയുടെ അടിത്തറ ശക്തമാക്കുന്നു. മികച്ചയിനങ്ങൾ കിലോ 2625 രൂപയിലും ശരാശരി ഇനങ്ങൾ 2273 രൂപയിലും കൈമാറി. 

കുരുമുളക്‌ വിപണി നിയന്ത്രണം ഇറക്കുമതി ലോബി കൈപ്പിടിയിൽ ഒതുക്കി. ഡൽഹി, കാൺപുർ, ഗ്വാളിയർ മാർക്കറ്റുകളിൽ വിദേശ ചരക്ക്‌, വില കുറച്ച്‌ വിൽപ്പന നടത്താൻ വ്യവസായികൾ പരസ്‌പരം മത്സരിക്കുന്നു. അടുത്ത മാസം ശൈത്യകാലത്തിനു തുടക്കം കുറിക്കും, അന്തരീക്ഷ താപനില കുറയുന്നത്‌ കുരുമുളകിൽ ജലാംശത്തോത്‌ ഉയർത്തിയാൽ പൂപ്പൽ ബാധയ്‌ക്കുള്ള സാധ്യതകളും അവർ മുന്നിൽ കാണുന്നു. ദീപാവലി വേളയിൽ സ്റ്റോക്ക്‌ വിറ്റഴിക്കുകയാണ്‌ പലരും. തുടർച്ചയായ അഞ്ചാം ദിവസവും കുരുമുളക്‌ വില ക്വിന്റലിന്‌ 300 രൂപ ഇടിഞ്ഞു, വ്യാപാരാന്ത്യം നിരക്ക്‌ 62,900 രൂപയിലാണ്‌. 

നാളികേരം

  • വെളിച്ചെണ്ണ: 19400
  • മില്ലിങ്: 19900
  • കൊപ്ര: 13,000‐13,200

കുരുമുളക്‌

  • ഗാർബിൾഡ്‌: 64,900
  • അൺഗാർബിൾഡ്‌ : 62,900
  • പുതിയ കുരുമുളക്‌ :  61,900

ചുക്ക്

  • മീഡിയം: 30,000
  • ബെസ്റ്റ്: 35,000

അടയ്ക്ക

  • പുതിയത്: 33,000

ജാതിക്ക

  • തൊണ്ടൻ  (കിലോ): 200-270
  • തൊണ്ടില്ലാത്ത്‌: 450 - 525 
  • ജാതിപത്രി ചുവപ്പ്‌‐മഞ്ഞ : 900-1200 
  • ജാതി ഫ്ലവർ ചുവപ്പ്‌: 1300-1600
  • ജാതി ഫ്ലവർ മഞ്ഞ: 1200-1700

റബർ

  • ആർഎസ്‌ എസ്‌ 5 ഗ്രേഡ്‌: 18,500-19,000
  • ആർഎസ്‌ എസ്‌ 4 ഗ്രേഡ്‌: 19,500
  • ഒട്ടുപാൽ: 12,800
  • ലാറ്റക്‌സ്‌: 12,400   
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com