ADVERTISEMENT

അന്താരാഷ്‌ട്ര കുരുമുളക്‌ സമൂഹത്തിന്റെ നാല്‌ ദിവസം നീളുന്ന യോഗത്തിന്‌ ശ്രീലങ്കയിൽ തുടക്കം കുറിച്ചു. ഇന്ത്യ അടക്കമുള്ള മുഖ്യ ഉൽപാദന രാജ്യങ്ങളിൽ നിന്നും ഇറക്കുമതി രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ഒത്ത്‌ ചേരുന്ന അവസരത്തിൽ ഉൽപാദനവും വിപണനവും സംബന്ധിച്ച പുതിയ കണക്കുകൾ പുറത്ത്‌ വരും. കയറ്റുമതി രാജ്യങ്ങളിലെ അടുത്ത സീസണിലെ വിളവ്‌ സംബന്ധിച്ച വിവരങ്ങൾക്കായി കാതോർക്കുകയാണ്‌ അമേരിക്കയിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ. 

2025 ൽ കുരുമുളക്‌ വില ഏത്‌ ദിശയിൽ നീങ്ങുമെന്നത്‌ സംബന്ധിച്ച ഏകദേശ ചിത്രം വ്യാഴാഴ്‌ച അവസാനിക്കുന്ന ഒത്ത്‌ ചേരലിൽ വ്യക്തമാകും. ഇന്ത്യയ്‌ക്ക്‌ പുറമേ ഇന്തോനീഷ്യ, മലേഷ്യ, വിയറ്റ്‌നാം, ബ്രസീൽ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കൊളംബോയിൽ നടക്കുന്ന ഐപിസി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്‌. ആഭ്യന്തര അന്വേഷണങ്ങൾ ചുരുങ്ങിയതിനാൽ കുരുമുളക്‌ വില തുടർച്ചയായ നാലാം ദിവസവും കുറഞ്ഞു. വിദേശ മുളക്‌ നാടൻ ചരക്കുമായി കലർത്തി താഴ്‌ന്ന വിലയ്‌ക്ക്‌ വിറ്റഴിക്കാൻ ഒരു വിഭാഗം നടത്തിയ നീക്കം തിരിച്ചടിയായി. അൺ ഗാർബിൾഡ്‌ മുളക്‌ വില കിലോ ഇന്ന്‌ നാല്‌ രൂപ കുറഞ്ഞ്‌ 628 രൂപയിൽ നീങ്ങുമ്പോൾ ഇറക്കുമതി ലോബി 610 രൂപയ്‌ക്ക്‌ വരെ ഉൽപ്പന്നം കേരളത്തിലും കർണാടകത്തിലും വാഗ്‌ദാനം ചെയ്‌തു. 

market-price-18-11

മധ്യകേരളത്തിൽ നാളികേരം സർവകാല റെക്കോർഡ്‌ വിലയിൽ. മൂവാറ്റുപുഴ പണ്ടപ്പിള്ളി വിപണിയിൽ കിലോ 81 രൂപയിൽ നാളികേരത്തിന്റെ ലേലം ഉറപ്പിച്ചു. മുഖ്യ വിപണികളിൽ തേങ്ങ ലഭ്യത ചുരുങ്ങിയതും വെളിച്ചെണ്ണ വില ദക്ഷിണേന്ത്യൻ മാർക്കറ്റുകളിൽ ഉയരുന്നതും കണക്കിലെടുത്താൽ കൊപ്രയാട്ട്‌ മില്ലുകാർ ചരക്കിൽ കൂടുതൽ താൽപര്യം കാണിക്കാൻ ഇടയുണ്ട്‌. ശബരിമല സീസണായതോടെ ചെറുകിട മാർക്കറ്റുകളിൽ പച്ചതേങ്ങയ്‌ക്ക്‌ ഡിമാന്റ് അനുദിനം വർധിക്കുകയാണ്‌.   

ഏലയ്ക്ക ലേലത്തിന്‌ ചരക്ക്‌ വരവ്‌ പെടുന്നനെ കുറഞ്ഞു. ആകെ വന്ന 16,020 കിലോഗ്രാം ചരക്കിൽ 15,601 കിലോ ഏലയ്ക്കയും വാങ്ങലുകാർ മത്സരിച്ച്‌ സംഭരിച്ചു‌. ക്രിസ്‌തുമസ്‌ ആവശ്യങ്ങൾക്കുള്ള ഏലയ്ക്ക ശേഖരിക്കാൻ ആഭ്യന്തര വ്യാപാരികൾ ഉത്സാഹിച്ചു. ന്യൂ ഇയർ ഓർഡറുകൾ മുന്നിൽ കണ്ട്‌ കയറ്റുമതി സമൂഹവും ചരക്ക്‌ സംഭരണം നടത്തുന്നു. വലുപ്പം കൂടിയ ഇനങ്ങൾ കിലോ 3219 രൂപയിലും ശരാശരി ഇനങ്ങൾ ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 2935 രൂപയിലും കൈമാറി. രാജ്യാന്തര റബർ അവധി വിപണികളിൽ ഉൽപ്പന്നത്തിന്‌ നേരിട്ട തളർച്ച കയറ്റുമതി രാജ്യങ്ങളിൽ ഷീറ്റ്‌ വിലയെ സ്വാധീനിച്ചു. ഏഷ്യൻ റബർ മാർക്കറ്റിൽ ചൈനീസ്‌ വ്യവസായികളുടെ സ്വാധീനം കുറഞ്ഞതും മുന്നേറ്റത്തിന്‌ തടസമായി. സംസ്ഥാനത്തെ വിപണികളിൽ റബർ വരവ്‌ കുറവായിരുന്നു, നാലാം ഗ്രേഡ്‌ കിലോ 182 രൂപയിൽ കൊച്ചിയിൽ വ്യാപാരം അവസാനിച്ചു.  

English Summary:

The International Pepper Community meeting sheds light on 2025 pepper price trends. Get insights on pepper, coconut, cardamom, and rubber market dynamics in India and major producing countries.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com