പച്ചക്കറിയായി സുരസ; ഇന്ത്യയിൽത്തന്നെ വികസിപ്പിച്ച ആദ്യ ഇഞ്ചി ഇനം; ഹെക്ടറിൽ 24.33 ടൺ വിളവ്
Mail This Article
പാചകത്തിന് ഉപയോഗിക്കാവുന്ന പുതിയ ഇഞ്ചിയിനം വികസിപ്പിച്ച് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം. ഹെക്ടറിൽ 24.33 ടൺ വിളവ് സ്ഥിരതയോടെ പ്രതീക്ഷിക്കാവുന്ന പുതിയ ഇഞ്ചി വാണിജ്യക്കൃഷിക്ക് അനുയോജ്യമാണ്.
കോഴിക്കോട് മൂഴിക്കലിലെ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം (ഐഐഎസ്ആർ) കർഷകപങ്കാളിത്തത്തോടെ വികസിപ്പിച്ച പുതിയ ഇനത്തിന് ‘ഐഐഎസ്ആർ സുരസ’ എന്നാണ് പേരു നൽകിയിരിക്കുന്നത്. കഴിക്കുമ്പോൾ കുത്തൽ അനുഭവപ്പെടാത്ത രുചിയുള്ള ഇനമാണ് സുരസ. പച്ചക്കറി ആവശ്യത്തിനുവേണ്ടി ഇന്ത്യയിലെതന്നെ ആദ്യമായി വികസിപ്പിക്കുന്ന ഇഞ്ചി ഇനമാണിത്.
കോടഞ്ചേരിയിലെ കർഷകനായ ജോൺ ജോസഫിന്റെ കയ്യിലുള്ള ഇഞ്ചിയിൽനിന്നാണ് ഗവേഷകർ ഈ ഇഞ്ചിയുടെ ആദ്യഗവേഷണങ്ങൾ തുടങ്ങിയത്. ഇതിൽ നടത്തിയ പരീക്ഷണങ്ങളുടെ ഫലമായാണ് സുരസ വികസിപ്പിച്ചത്. സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലും, കേരളം, നാഗലാൻഡ്, ഒഡിഷ എന്നീ സംസഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലുമായി ആറു വർഷത്തോളം കൃഷി ചെയ്ത് ഉൽപാദനക്ഷമത ഉറപ്പുവരുത്തിയിതിനുശേഷമാണ് സുരസ കർഷകരിലേക്കെത്തുന്നത്. ഈ ഇനം കേരളത്തിൽ കൃഷി ചെയ്യുന്നതിനുള്ള അനുമതി കഴിഞ്ഞ ദിവസം കേരള സംസ്ഥാന വെറൈറ്റൽ റിലീസ് കമ്മിറ്റിയിൽനിന്നു ഗവേഷണ സ്ഥാപനം നേടി.
സാധാരണ ഇഞ്ചി ഇനങ്ങളേക്കാൾ വലുപ്പമേറിയ പ്രകന്ദങ്ങളുള്ള സുരസയുടെ അകം വെള്ള കലർന്ന മഞ്ഞ നിറത്തിലാണ് കാണപ്പെടുക. നാരിന്റെ അംശം കുറവാണ്. 21 ശതമാനം ഉണക്കുവാശിയുണ്ട്. ഗ്രോ ബാഗുകളിൽ കൃഷി ചെയ്യുന്നതിനും അനുയോജ്യം. വലുപ്പമേറിയ പ്രകന്ദങ്ങളായതുകൊണ്ട് വ്യാവസായികാടിസ്ഥാനത്തിൽ മൂല്യവർധന നടത്തുന്നതിന് പുതിയ ഇനം കൂടുതൽ അനുയോജ്യമാവുമെന്ന് സുരസയുടെ മുഖ്യ ഗവേഷകയും സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റുമായ ഡോ. സി.കെ.തങ്കമണി പറഞ്ഞു.
അടുത്ത നടീൽ സീസണായ മേയ്, ജൂൺ മാസത്തോടെ കർഷകർക്ക് ചെറിയ അളവിൽ വിത്ത് ലഭ്യമായി തുടങ്ങും.
സുഗന്ധവിള ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞരായ ഡോ. എൻ.കെ.ലീല, ഡോ. ടി.ഇ.ഷീജ, ഡോ. കെ.എസ്.കൃഷ്ണമൂർത്തി, ഡോ. ഡി.പ്രസാദ്, ഡോ. ഷാരോൺ അരവിന്ദ്, ഡോ. എസ്.മുകേഷ് ശങ്കർ എന്നിവരാണ് ഗവേഷണ സംഘത്തിലുണ്ടായിരുന്നത്.