കാലാവസ്ഥ അനുകൂലം, കൃഷിയും വിളവും കൂടി; പത്തിലൊന്നായി ഇടിഞ്ഞ് ഇഞ്ചിവില
Mail This Article
ഒന്നര വർഷം മുൻപ് റെക്കോർഡിലെത്തിയിരുന്ന ഇഞ്ചിയുടെ വില ഇപ്പോൾ പത്തിലൊന്നായി കുറഞ്ഞു. ഇഞ്ചി കൃഷി കൂടുതലുള്ള കർണാടക, ചത്തീസ്ഗഡ്, ഒഡീഷ, ഹിമാചൽപ്രദേശ്, അസം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ചു കൂടുതൽ മഴ ലഭിച്ചത് ഇഞ്ചിക്കൃഷിക്കു ഗുണകരമായി. ഉൽപാദനത്തിൽ ഗണ്യമായി വർധനയുണ്ടായതായി കർഷകർ പറഞ്ഞു. ഇവിടങ്ങളിലെ ല്ലാം പ്രാദേശികമായി കൃഷി വർധിക്കുകയുമുണ്ടായി.
ഈ സംസ്ഥാനങ്ങളിലെല്ലാം മുൻ വർഷങ്ങളിലും കൃഷി ഉണ്ടായിരുന്നെങ്കിലും മഴ ഇല്ലാത്തതിനാൽ ഉൽപാദനം വളരെ കുറവായിരുന്നു. ആ സാഹചര്യത്തിൽ വില ഉയരുകയും ചെയ്തു. ഇത്തവണ നല്ല മഴ ലഭിക്കുകയും ഉൽപാദനം വർധിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ജനുവരിയിൽ ഇഞ്ചി 60 കിലോ ചാക്കിന് 6000 രൂപ ലഭിച്ചപ്പോൾ ഇപ്പോൾ വയനാട്ടിൽ 1400 രൂപ മാത്രമാണ്. കർണാടകയിൽ 1500 വരെ ലഭിക്കുന്നുണ്ട്.
ഇതര സംസ്‌ഥാനങ്ങളിൽ മലയാളികളായിരുന്നു കൂടുതൽ കൃഷിയിറക്കിരുന്നതെങ്കിൽ ഇപ്പോൾ പ്രാദേശികമായും കൃഷി വർധിച്ചിട്ടുണ്ട്. മലയാളികൾക്ക് അവിടങ്ങളിൽ എത്തി കൃഷിയിറക്കുന്നതിന്റെ പകുതിയിൽ കുറഞ്ഞ ചെലവിൽ അവിടത്തുകാർക്കു കൃഷിയിറക്കാമെന്നതിനാലാണിത്. മലയാളികൾക്ക് ഇതര സംസ്ഥാനങ്ങളിൽ കൃഷി നടത്തുമ്പോൾ സ്ഥലത്തിന്റെ പാട്ടം, യാത്രാച്ചെലവ്, തൊഴിലാളികൾക്കു താമസിക്കാനുള്ള ഷെഡ്, കൂലിച്ചെലവ്, വളം എന്നിവയ്ക്കെല്ലാം ചെലവു വർധിക്കുകയാണ്. വിളവെടുപ്പ് നടത്തേണ്ട സമയത്ത് വിലയില്ലാത്തതിനാൽ ഇഞ്ചിക്കു ചൂടിൽനിന്നു രക്ഷ നൽകാനായി ചപ്പുചവറുക ളും മണ്ണുമിട്ടു മൂടിയിടുകയാണു കർഷകരിപ്പോൾ.
ഇഞ്ചി വില കുറഞ്ഞതു കൃഷിക്കാരും തൊഴിലാളികളും ഉൾപ്പെടെ ആയിരക്കണക്കിനു മലയാളികളെയാണു ബാധിക്കുന്നത്. അതുവഴി സംസ്ഥാനത്തേക്കു വരേണ്ടിയിരുന്ന സാമ്പത്തിക സ്രോതസ്സിനെയും. തൊഴിൽ നഷ്ടവും ഉണ്ടാകുന്നുണ്ട്. മലയാളികൾക്ക് ഇന്നത്തെ സാഹചര്യത്തിൽ ഒരേക്കറിൽനിന്നു വിളവെടുത്താൽ 3 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാകുമെന്ന് യുണൈറ്റഡ് ഫാർമേഴ്സ് ആൻഡ് പ്രൊഡ്യൂസേഴ്സ‌് അസോസിയേഷൻ (യുഎഫ്പിഎ) ദേശീയ ചെയർമാൻ സിബി തോമസ് പറഞ്ഞു