ഡ്രാഗൺഫ്രൂട്ട് കൃഷി: കർഷകരുടെ 20 സംശയങ്ങളും വിദഗ്ധരുടെ മറുപടികളും
Mail This Article
1. ഡ്രാഗൺഫ്രൂട്ടിനു നന ആവശ്യമുണ്ടോ?
കള്ളിമുൾച്ചെടിയുടെ വർഗത്തിൽ പെടുന്നതിനാൽ മറ്റു വിളകളെ അപേക്ഷിച്ച് ഡ്രാഗൺ ഫ്രൂട്ടിന് വളരെ കുറച്ച് വെള്ളം മാത്രമേ ആവശ്യമുള്ളൂ. നന നൽകിയില്ലെങ്കിലും ഡ്രാഗൺ ഫ്രൂട്ട് നിലനിൽക്കും. എന്നാൽ വേണ്ടത്ര നനയുണ്ടെങ്കിലേ ഡ്രാഗൺ ശരിയായി വളരുകയുള്ളൂ. വിശേഷിച്ച് തുടക്കകാലത്ത് വേനലിലെങ്കിലും നന വേണ്ടിവരും. വലിയ തോതിലല്ലെങ്കിലും തുള്ളിനനയിലൂടെ വെള്ളം നൽകുന്നത് വളർച്ച മെച്ചപ്പെടുത്താൻ ഉചിതമാണ്. വലുതായ ശേഷവും വേനൽക്കാലത്തെ നന തുടരുന്നതാണ് ഉത്തമം. എങ്കിലേ ശരിയായ വളർച്ച ഉറപ്പാക്കാനാകൂ.
2. ചെടിച്ചുവട്ടിൽ വെള്ളം കെട്ടിയാൽ ഉടൻ നശിക്കുമോ? എത്ര ദിവസം വരെ വെള്ളം കെട്ടിനിൽക്കാം?
നല്ല നീർവാർച്ചയുള്ള സ്ഥലത്താവണം തൈ നടേണ്ടത്‍. ചെടിയുടെ ചുവട്ടിൽ വെള്ളക്കെട്ട് ഉണ്ടാകാതെ നോക്കണം. വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുണ്ടെങ്കിൽ ചുവട് ഉയർത്തിയശേഷമാവണം നടേണ്ടത്.
3. ചുവടുകൾ തമ്മിൽ എത്ര അകലം വേണം? കയറ്റിവിടാനുള്ള തൂണിന് എത്ര അടി ഉയരം വേണം?
ഉഷ്ണമേഖലാപ്രദേശമായ നമ്മുടെ സംസ്ഥാനത്ത് ഡ്രാഗൺ ഫ്രൂട്ട് നന്നായി വളരും. അതിനാൽ തൂണുകൾ തമ്മിൽ കുറഞ്ഞത് 3 മീറ്റർ അകലം നൽകാം. ഇടയകലം 11 അടി x 8 അടിയായി ക്രമീകരിച്ചാൽ ഏക്കറിൽ ഏകദേശം 490 ചെടി നടാം. തൂണിന് 7 അടി ഉയരം നൽകണം ഇതിൽ 1.5–2 അടിയോളം മണ്ണിനടിയിലും ബാക്കി മുകളിലുമായിരിക്കും.
4. നട്ട് എത്ര ദിവസം കഴിഞ്ഞാണ് പൂവിടുന്നത്? ഡ്രാഗൺ ഫ്രൂട്ടിൽ പരാഗണരീതി എങ്ങനെ? പൂവിട്ടശേഷം പഴമാകുന്നതിന് എത്രദിവസം വേണം?
സീസണനുസരിച്ചാണ് പൊതുവെ പൂവിടുന്നത്. സാധാരണഗതിയിൽ മേയ് മുതൽ നവംബർ വരെയാണ് പൂവിടൽകാലം. മികച്ച പരിപാലനമുണ്ടെങ്കിൽ ഫെബ്രുവരിയിൽ നട്ടതുപോലും അതേ വർഷം സീസണില്‍ പൂവിടുന്ന തായി കാണാം. ഉപയോഗിക്കുന്ന നടീൽവസ്തുവിന്റെ വലുപ്പവും പ്രായവും അനുസരിച്ച് പൂവിടല്‍ സമയത്തിനും വ്യത്യാസം കാണുന്നു. നല്ല മൂപ്പെത്തിയ തണ്ടുകൾ ഉപയോഗിച്ച് ഉല്‍പാദിപ്പിച്ചതും രണ്ടടി വളർന്നതുമായ തൈകൾ നടുമ്പോൾ 6–8 മാസത്തിനുള്ളിൽ പൂവിടുന്നതായി കണ്ടിട്ടുണ്ട്. പൂ വിരിഞ്ഞാൽ 30–35 ദിവസത്തിനകം വിളവെടുക്കാം.
5. നടുന്നതിനു യോജിച്ച കാലം ഏതാണ്? മഴക്കാലത്തു നടാമോ? - സി.കെ.ദാസ്, പീടികച്ചിറ, കോട്ടയം.
ഡ്രാഗൺചെടി നടാന്‍ ഏറ്റവും നല്ല കാലം ഒക്ടോബർ– നവംബർ മാസങ്ങള്‍. പൂവിടലും വിളവെടുപ്പും പൂർത്തിയാകുന്ന ഇക്കാലത്ത് പ്രൂണിങ് നടത്തുമ്പോൾ മുറിച്ചു മാറ്റുന്ന തണ്ടുകൾ നേരിട്ടു നട്ടാൽ മതി. വേനലിൽ നനച്ചു നന്നായി പരിപാലിച്ചാൽ അടുത്ത സീസണിൽതന്നെ കായ്ക്കാം. മണ്ണിൽ വേണ്ടത്ര ഈർപ്പമുണ്ടെങ്കിൽ മറ്റു മാസങ്ങളിലും നടാം. എന്നാൽ ശക്തമായ മഴക്കാലം ഒഴിവാക്കുന്നത് നന്ന്.
6. എന്റെ ഡ്രാഗൺ ചെടി ഒരു വർഷമായിട്ടും താങ്ങുകാലിലേക്ക് കയറുന്നില്ല. ജിഐ പൈപ്പാണ് ഇട്ടിരിക്കുന്നത്. നല്ല സൂര്യപ്രകാശമുള്ളിടത്താണ് നട്ടിരിക്കുന്നതും. പക്ഷേ വളർച്ച കുറവാണ്. പരിഹാരമെന്ത്? - എ.ജി.ഏബ്രാഹം, കരുനാഗപ്പള്ളി
തീരെ ചെറിയ തണ്ട് നടുമ്പോഴാണ് ഒരു വർഷത്തിനു ശേഷവും താങ്ങുകാലിലേക്കു കയറാതെ വരുന്നത്. ചെറിയ കട്ടിങ്ങിൽനിന്നു മുളച്ചുവരുന്ന തൈകൾ വളർന്നു കയറാൻ കാലതാമസം വരാം. ഒരു മീറ്ററെങ്കിലും നീളമുള്ള തണ്ടുകൾ നട്ടാൽ കരുത്തോടെ വളരും. പടർത്തുന്നതിനു കല്ല്, തൂണുകൾ ,കോൺക്രീറ്റ് തൂണുകൾ, മരക്കാലുകൾ, ജിഐ പൈപ്പ് എന്നിവയൊക്കെ ഉപയോഗിക്കാറുണ്ടെങ്കിലും 5 x 4 ഇഞ്ച് കനവും 7 അടി നീളവുമുള്ള കോൺ ക്രീറ്റ് തൂണുകളാണ് കേരളത്തിൽ ഏറ്റവും യോജ്യമായി കാണുന്നത്. ജിഐ പൈപ്പ് കാലുകൾ വേനലില്‍ നന്നായി ചൂടാവുകയും ചെടികൾ അതിൽ ശരിയായി പടർന്നു കയറാതിരിക്കുകയും ചെയ്യുന്നതായി കണ്ടിട്ടുണ്ട്. കോൺക്രീറ്റ് കാലുകളുടെ പരുക്കൻ പ്രതലമാണ് ഡ്രാഗൺ പിടിച്ചു കയറാൻ ഉത്തമം. കാലുകൾ രണ്ടടി ആഴത്തിൽ കുഴിച്ചിട്ടാല്‍ മറിഞ്ഞു പോകാതിരിക്കും. ഏതു തരം കാലുകൾ ഉപയോഗിച്ചാലും പ്രധാന വള്ളികളെ കാലിലേക്ക് ചേർത്ത് കെട്ടി ഉറപ്പിക്കണം
7. എന്റെ ചെടികളില്‍ ചില കായ്കൾ വളരെ ചെറുതാണ്. പഴുക്കുമ്പോൾ പുറത്ത് കറുത്ത പാടുകൾ കാണുന്നു. പരിഹാരമെന്താണ്? - അനിൽകുമാർ.വി, പൗർണമി, കടയ്ക്കൽ, കൊല്ലം
ചെടിയിൽ വേണ്ടതിലേറെ പൂക്കളുണ്ടെങ്കിലാണ് കായ്കൾ ചെറുതാവുന്നത്. ചെടിയുടെ ആരോഗ്യമനുസരിച്ചു മാത്രമേ പൂക്കൾ നിർത്താവൂ. അമിതമായുള്ള പൂക്കൾ മുറിച്ചുകളയുകയാണ് പരിഹാരം. മൊട്ടു വരുമ്പോൾതന്നെ മുറിച്ചു മാറ്റുക. പൂക്കളുടെ എണ്ണം കുറയുന്നതോടെ കായ്കൾ വലുതാകും. ശരിയായ പോഷണവും കായ്കള്‍ വലുപ്പം വയ്ക്കാന്‍ ആവശ്യമാണ്.
8. ഡ്രാഗൺ ഫ്രൂട്ടിനു യോജിച്ച വളപ്രയോഗം എങ്ങനെ? - ഹമീദ് വഴിക്കടവ്, മഞ്ചേരി
നല്ല രീതിയിൽ ജൈവവളം ആവശ്യമുള്ള സസ്യമാണ് ഡ്രാഗൺ. ഏറ്റവും നല്ലത് കോഴിവളമാണ്. കൂടാതെ, ചാണകവും ആട്ടിൻകാഷ്ഠവും നൽകാം. അധികപോഷണമായി എൻപികെ രാസവളങ്ങളും നൽകണം. വളർച്ചക്കാലത്ത് നൈട്രജനും പൂവിടൽ സമയത്ത് പൊട്ടാഷുമാണ് നൽകേണ്ടത്. വേരുകൾ ആഴത്തിലേക്ക് പോകാതെ മേൽമണ്ണിൽ ഏകദേശം 10 സെന്റി മീറ്റർ ആഴത്തിൽ മാത്രം വളരുന്ന വിളയാണിത്. ജൈവവളങ്ങളോടും രാസവളങ്ങളോടും നന്നായി പ്രതികരിക്കും പൂർണമായും ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചും രാസവള പ്രയോഗത്തോടു കൂടിയും കൃഷി ചെയ്യാം. ജൈവ വളങ്ങൾ മാത്രം ഉപയോഗിച്ച കൃഷി ചെയ്യുമ്പോൾ നന്നായി അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടി, കോഴിവളം എന്നിവ തുല്യ അളവിൽ ഇളക്കിച്ചേർത്ത മിശ്രിതത്തിൽ കിലോയ്ക്ക് 250 ഗ്രാം എല്ലുപൊടി, 500 ഗ്രാം വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് ഇളക്കി തയാറാക്കിയ വളക്കൂട്ട് ചെടി ഒന്നിന് 7 കിലോ കണക്കിൽ വർഷത്തിൽ 4പ്രാവശ്യം 3 മാസ ഇടവേളയിൽ ചേർക്കണം.
സമ്മിശ്ര വളപ്രയോഗം മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ വേണം. പൂർണ ഉല്‍പാദനത്തിൽ എത്തിയ ചെടികൾക്ക് താങ്ങുകാൽ ഒന്നിന് വർഷത്തിൽ ഏകദേശം 900 ഗ്രാം യൂറിയ, രണ്ട് കിലോ റോക്ക് ഫോസ്ഫേറ്റ്, 500 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ 10 മുതൽ 15 കിലോ ജൈവവളത്തോടൊപ്പം 4 തവണയായി നല്‍കാം. ഇതു ചെടിയുടെ വളർച്ചഘട്ടങ്ങൾക്ക് അനുസരണം നൽകുന്നതു നന്ന്. കാത്സ്യം, മഗ്നീഷ്യം, സൾഫർ എന്നിവയും മറ്റു സൂക്ഷ്മ മൂലകങ്ങളും നൽകുന്നത് രോഗപ്രതിരോധശേഷിക്കും ഉയർന്ന ഉൽപാദനത്തിനും സഹായിക്കും.
9. ഡ്രാഗൺ ഫ്രൂട്ടിന്റെ ചുവടുചീയലിന് എന്താണ് പരിഹാരം. ഏതെല്ലാം മരുന്നുകൾ ഉപയോഗിക്കാം? - റെനിൻ ജോർജ്
മഴ കൂടുതലുള്ള കാലത്ത് ചെടിക്കു ചുവടുചീയൽ കാണാറുണ്ട്. ചുവടുഭാഗത്ത് സിഒസി(കോപ്പർ ഓക്സി ക്ലോറൈഡ്) ഒഴിച്ചു കൊടുക്കുന്നതും ബോർഡോമിശ്രിതം പ്രയോഗിക്കുന്നതും കൊള്ളാം. കാർബൻഡാസിം– മാങ്കോസെബ് മിശ്രിതവും സാഫും ഫലപ്രദം.
10. മഞ്ഞ ഡ്രാഗൺ ഇനങ്ങളിൽ മികച്ചവ ഏതാണ്? ഈയിനം വിളവെടുക്കാൻ കൂടുതൽ സമയം വേണോ, കൃഷിരീതിയിൽ വ്യത്യാസമുണ്ടോ. പഴത്തിനു മധുരം കൂടുതലുണ്ടോ? - രാജേഷ്, അലൻ ഗാർഡൻ, മാന്തുരുത്തി
മഞ്ഞ ഇനങ്ങൾക്കു മധുരം കൂടും. വിലയും കൂടും. പക്ഷേ പൂവിടാനും പൂവിട്ട ശേഷം കായ്കൾ പാകമാകാനും കൂടുതൽ കാലം വേണ്ടിവരും. രോഗസാധ്യതയും കൂടുതലാണ്. നമ്മുടെ കാലാവസ്ഥയ്ക്ക് അത്ര യോജിച്ചതായി കാണുന്നില്ല. ഉൽപാദനക്ഷമത കുറവുമാണ്. വിപണിയിൽ വലിയ വില ലഭിച്ചില്ലെങ്കിൽ ആദായകരമാവില്ല. ഇക്കാരണങ്ങളാൽ മഞ്ഞ ഇനങ്ങൾ ഇന്ത്യയില്‍, വിശേഷിച്ച് കേരളത്തിനു യോജ്യമല്ല. ഇസ്രയേൽ, ഇക്വഡോർ, ഓറഞ്ച് ഇനങ്ങൾക്കും സമാന പ്രശ്നങ്ങളുണ്ട്. വാണിജ്യക്കൃഷിക്ക് ഇവ ഒഴിവാക്കുകയാവും ഭേദം.
11. ഡ്രാഗൺ ഫ്രൂട്ട് പ്രൂൺ ചെയ്യേണ്ടത് എങ്ങനെ? - ശാന്തമ്മ വർഗീസ്
ഡ്രാഗൺഫ്രൂട്ട് ശരിയായി പ്രൂൺ ചെയ്യണം. ശാഖകളുടെ വളർച്ച ക്രമീകരിക്കുക, പുതിയ ശാഖകളുടെ വളർച്ച പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പ്രൂണിങ്ങിന്റെ ഉദ്ദേശം. പ്രധാന വള്ളി താങ്ങുകാലിനു മുകളിൽ എത്തുന്നതു വരെ ഉണ്ടാകുന്ന എല്ലാ ഉപ ശാഖകളും മുറിച്ചു മാറ്റണം. മുകളിൽ എത്തിക്കഴിയുമ്പോൾ പ്രധാന വള്ളിയുടെ അഗ്രം മുറിച്ചുനീക്കി ഉപ ശാഖകളുടെ വളർച്ച പ്രോത്സാഹിപ്പിക്കണം. എല്ലാ വർഷവും ഒക്ടോബർ–നവംബർ മാസങ്ങളിൽ വിളവെടുപ്പിനുശേഷം അടിഭാഗത്തുള്ള മൂത്ത ശാഖകൾ മുറിച്ചു നീക്കുന്നത് പുതിയ ശാഖകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കും. പൂവിട്ട ശാഖകളിൽ അമിതമായുള്ളവയും മുറിച്ചുനീക്കണം. അടുത്ത വർഷം കൂടുതൽ കായ്കളുണ്ടാവാൻ ഇതു വഴിയൊരുക്കും.
12. എന്റെ പുരയിടത്തിൽ 750 മൂട് ഡ്രാഗൺ(ചുവപ്പ് ) തൈകൾ വാർക്കത്തൂണിനോടു ചേർത്ത് ഒരു ചുവട്ടിൽ 4 തൈ വീതം നട്ടിരിക്കുന്നു. ചാണകം, കോഴിക്കാഷ്ഠം എന്നിവ ചേർത്താണ് നട്ടത്. ഇക്കഴിഞ്ഞ സീസണിൽ 50 കിലോ പഴം കിട്ടി. മധുരമേറിയതെങ്കിലും പരമാവധി 350 ഗ്രാം മാത്രമായിരുന്നു തൂക്കം. ഇവയുടെ വലുപ്പം വർധിക്കാൻ എന്തു വളമാണ് നൽകേണ്ടത്. വളമിട്ടതിനു ശേഷം മീതേ മണ്ണിടേണ്ടതുണ്ടോ? - എൻ വി വർഗീസ്, തോട്ടപ്പുഴശേരി, മരാമൺ, പത്തനംതിട്ട
ഡ്രാഗൺ ഫ്രൂട്ട് പഴങ്ങൾക്ക് ശരാശരി 350 ഗ്രാമും പരമാവധി 700–750 ഗ്രാമും തൂക്കം ലഭിക്കേണ്ടതാണ്. ശരിയായ വളപ്രയോഗമുണ്ടെങ്കിൽ ഇതു സാധ്യമാകേണ്ടതാണ്. കായ്കളുടെ എണ്ണവും അമിതാമാകാതെ ക്രമീകരിക്കേണ്ടതുണ്ട്. വേണ്ടത്ര വളർച്ചയെത്തിയ ചെടികളാണെങ്കിൽ വലിയ കായ്കൾ പ്രതീക്ഷിക്കാം. കേരളത്തിലെ കാലാവസ്ഥയിൽ മഴ കൂടുതലുള്ളപ്പോള്‍ കായ് വലുപ്പം കുറയുന്നതായി കാണുന്നു. എങ്കിലും പൊതുവെ മൊട്ടുകളുടെ എണ്ണം ക്രമീകരിക്കുന്നതിലൂടെയും ശരിയായ വളപ്രയോഗത്തിലൂടെയും വലിയ കായ്കൾ ഉറപ്പാക്കാനാവും.
13. അരയടി നീളമുള്ള ഡ്രാഗൺ തണ്ടുകളാണ് ഞാൻ നട്ടത്. എന്നാൽ ഒരു വർഷത്തിനുശേഷവും അവ ഏതാനും ഇഞ്ച് മാത്രമാണ് വളർന്നത്. നീളം കുറഞ്ഞ തണ്ടുകൾ നടാൻ യോജ്യമല്ലെന്നുണ്ടോ?
ഡ്രാഗൺഫ്രൂട്ടിന്റെ നീളം കുറഞ്ഞ തണ്ടുകൾ ഒരിക്കലും നടരുത്. കുറഞ്ഞത് രണ്ടടി മുതൽ നാലടി വരെ നീളമുള്ള തണ്ടുകൾ നട്ടാൽ അവ പെട്ടെന്നു വളർന്ന് വലുതാവുകയും അടുത്ത സീസണിൽ ഫലം നൽകിത്തുടങ്ങുകയും ചെയ്യും.
14. ഡ്രാഗൺ ഫ്രൂട്ടിന്റെ വാണിജ്യസാധ്യതകൾ എത്രമാത്രം? ഉൽപാദനം വർധിക്കുന്നതിനുസരിച്ച് ഉപഭോഗം വർധിക്കാനിടയുണ്ടോ? ആഗോളവിപണി, മൂല്യവർധന സാധ്യതകൾ വിശദമാക്കാമോ? - ദേവസ്യ ജോസഫ്, അരുവിത്തുറ, കോട്ടയം
ഡ്രാഗൺ ഫ്രൂട്ടിനു വലിയ വാണിജ്യസാധ്യതകളാണുള്ളത്. വിശേഷിച്ച് ഇന്ത്യയിൽ. ഉപഭോഗം ഏറെ വർധിച്ചിട്ടുണ്ട്. ഇപ്പോഴും വിപണിയിലെത്തുന്നതില്‍ 90 ശതമാനവും ഇറക്കുമതിയാണ്. ഉൽപാദനം വർധിപ്പിച്ചേ മതിയാവൂ. എന്നാൽ എക്കാലവും വലിയ വില പ്രതീക്ഷിക്കരുത്. ശരാശരി 50–100 രൂപയാവും വരുംകാലങ്ങളിൽ വില. ഈ സാ ഹചര്യത്തില്‍ ഉൽപാദനക്ഷമത കൂട്ടണം. ഏക്കറിന് 20–25 ടൺവരെ ഉൽപാദനക്ഷമത കർണാടകത്തിലും തെലുങ്കാനയിലുമൊക്കെയുണ്ട്. ആ തലത്തിലേക്ക് ഉയരാൻ കഴിയണം. കേരളംപോലെ മഴ കൂടുതലുള്ളിടങ്ങളിൽ ഉൽപാദനക്ഷമത കുറവായാണ് കാണുന്നത്.
15. ഡ്രാഗൺ കോൺക്രീറ്റ് പന്തലിൽ പടർത്തുന്നത് ഉചിതമായിരിക്കുമോ? - ബിജുമോൻ കെ.പി., മണ്ണാർക്കാട്
അത്ര ഉചിതമാവുമെന്നു തോന്നുന്നില്ല. കോൺക്രീറ്റ് കാലിനു മീതെ കോൺക്രീറ്റ് ക്രൗൺ ഇട്ടു വളർത്തിയാൽ വേണ്ടത്ര സൂര്യപ്രകാശവും പരിചരിക്കാനുള്ള സൗകര്യവും ഉറപ്പാക്കാം.
16. ഡ്രാഗൺഫ്രൂട്ടിൽ സങ്കര ഇനങ്ങൾക്കു സാധ്യതയുണ്ടോ? - തോമസുകുട്ടി, ഇലക്കാട്ടിൽ,ചാലക്കുടി
ഡ്രാഗൺഫ്രൂട്ടിൽ ഒട്ടേറെ സങ്കരയിനങ്ങളുണ്ട്. എങ്കിലും ഇതിനകം സ്വീകാര്യത നേടി യോഗ്യത തെളിയിച്ചവയ്ക്കാവും വിപണിയില്‍ പ്രിയം.
17. എന്റെ ഡ്രാഗൺ ഫ്രൂട്ട്ചെടിയിൽ ഉറുമ്പുശല്യമുണ്ട്. ഇതിനു പരിഹാരമെന്ത്? - നാരായണൻ, പറമ്പത്ത് പതിയാരക്കര
സാധാരണ ഉറുമ്പുനിയന്ത്രണ മാർഗങ്ങൾ മതിയാവും.
18. ഡ്രാഗൺ ഫ്രൂട്ട് നല്ലയിനം തൈകള്‍ എവിടെ ലഭിക്കും? പൊതുവെ എന്തു വിലയുണ്ട്? - പൗലോസ് മാസ്റ്റർ, മേലൂർ
മികച്ച കർഷകരിൽനിന്നു വാങ്ങുന്നതാകും ഉചിതം. കൂടത്തൈകൾ വാങ്ങുന്നതിനു പകരം 2–4 അടി നീളമുള്ള കട്ടിങ്സ് എടുത്ത് നടാൻ നോക്കുക. മുറിച്ച തണ്ടുകൾ 1–2 ആഴ്ച കുത്തിനിർത്തി വാടിയ ശേഷം നടുന്നതാവും നന്ന്.
19. ഡ്രാഗൺ ചെടികളിൽ നിന്നു തൈ ഉൽപാദിപ്പിക്കുന്നതെങ്ങനെ?
കായ്കളുണ്ടായ തണ്ടാണ് നടീൽവസ്തുവായി എടുക്കേണ്ടത്.
20. ഞങ്ങളുടെ വീട്ടിലെ ഡ്രാഗൺഫ്രൂട്ട് ചെടിയിൽ നിറയെ പൂക്കളുണ്ട്. ഒരു കായ പോലും പിടിക്കുന്നില്ല. എന്താവും കാരണം?
ഏതിനം ഡ്രാഗൺഫ്രൂട്ടാണെന്നു വ്യക്തമല്ല. പൊതുവേ സ്വപരാഗണത്തിലൂടെ കായ്കൾ പിടിക്കുന്ന സസ്യമാണ് ഡ്രാഗൺ. എന്നാൽ ചിലയിനങ്ങളിൽ സ്വപരാഗണം നടക്കുന്നില്ലെന്നു കണ്ടിട്ടുണ്ട്. നമ്മുടെ നാട്ടിൽ കൂടുതലായി വളർത്തുന്ന അമേരിക്കൻ ബ്യൂട്ടിപോലുള്ള ഇനങ്ങൾക്ക് ഈ പ്രശ്നമില്ല. അത്തരം ഇനങ്ങൾ ഉപയോഗിക്കുകയാവും നന്ന്. പ്രൂണിങ്ങിനും കായ്പിടിത്തത്തിൽ പ്രാധാന്യമുണ്ട്. പ്രൂണിങ് ശാസ്ത്രീയമാകുകയും വേണം.
തയാറാക്കിയത്
ഡോ. പി.രാജേന്ദ്രൻ, സായ് അഗ്രോ ഇന്നവേഷൻസ്, വയനാട് (മുൻ അസോഷ്യേറ്റ് ഡയറക്ടർ ഓഫ് റിസർച്ച്, കേരള കാർഷിക സർവകലാശാല).
ഡോ. റിൻസി കെ. ഏബ്രഹാം, സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് (ഹോർട്ടി കൾച്ചർ), കൃഷിവിജ്ഞാനകേന്ദ്രം, പത്തനംതിട്ട.
ജോമി മാത്യു, മാനേജിങ് ഡയറക്ടർ, ഫ്രൂട്ട്സ് വാലി ഫാർമർ പ്രൊഡ്യൂസർ കമ്പനി, തൊടുപുഴ