ADVERTISEMENT

‘തെങ്ങിന് ഇടവിളയായി ജാതിക്കൃഷി ചെയ്യുന്നതില്‍ പുതുമയില്ല. എന്നാൽ, പാലക്കാടന്‍ മേഖലയില്‍ ഇത് പുതിയ വിജയക്കൂട്ടാണ്. പാലക്കാട് ജില്ലയുടെ തമിഴ്നാട് അതിർത്തിപ്രദേശങ്ങളിൽ പൊതുവേ തെങ്ങ് തനിവിളയായിരുന്നു. എന്നാൽ, ഇന്ന് എരുത്തേൻപതി, കൊഴിഞ്ഞാമ്പാറ തുടങ്ങി പൊള്ളാച്ചിയോടു ചേർന്നു കിടക്കുന്നിടങ്ങളിലെല്ലാം തെങ്ങിന് ഇടവിളയായി ജാതിക്കൃഷി അതിവേഗം വ്യാപിക്കുകയാണ്. വൈകാതെ കോയമ്പത്തൂർ, പൊള്ളാച്ചി പ്രദേശങ്ങളില്‍ ഒട്ടേറെ ജാതിത്തോട്ടങ്ങൾ വിളവിലെത്തും. വിലയിടിവും രോഗ–കീടബാധയും നേരിടുന്ന തെങ്ങുകൃഷിക്ക് രക്ഷയാകുകയാണ് ജാതി’, പാലക്കാട് എരുത്തേൻപതി പഞ്ചായത്തിൽ തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള വണ്ണാമടയിലെ പി.രഘുനാഥൻ പറയുന്നു.

മുന്‍പ് ഇടനാട്ടിലായിരുന്നു ജാതിക്കൃഷിയത്രയും. പിന്നീട് മലനാടൻ മേഖലകളിലേക്കും വ്യാപിച്ചു. എന്നാൽ കടുത്ത ചൂടും ജലക്ഷാമവുമായതിനാൽ പാലക്കാടിന്റെ തമിഴ് അതിർത്തി മേഖലയിലുള്ളവർ ജാതിയെക്കുറിച്ച് ചിന്തിച്ചേയില്ല. പക്ഷേ, തമിഴ്നാട് ചിന്തിച്ചു. ജലക്ഷാമ പ്രദേശങ്ങളിലെല്ലാം നനസൗകര്യമൊരുക്കി. തുള്ളിനനയ്ക്കു വൻപ്രചാരവും പിന്തുണയും നൽകി. ഇന്ന് പൊള്ളാച്ചിയിലും പരിസരങ്ങളിലും ജാതിക്കൃഷിമുന്നറ്റമാണ്. കുരുമുളകിലും കൊക്കേയിലും കൂടി കൈവച്ച് കേരളത്തോടു മത്സരിക്കാൻ തുനിയുകയാണ് തമിഴ്നാട്.

കമുകുരോഗങ്ങൾക്ക് വെളുത്തുള്ളി ജൂസ്

‘‘മിക്സിയിൽ അരച്ച്, പിഴിഞ്ഞെടുത്ത 25 മി.ലീ. വെളുത്തുള്ളി ജൂസും 50 മി.ലീ. വേപ്പെണ്ണയും 15 ലീറ്റർ വെള്ളത്തിൽ കലർത്തി സ്പ്രേയർ ഉപയോഗിച്ച് കമുകിൽ തളിക്കുക.’’

അതിർത്തിക്കപ്പുറത്തെ മാറ്റം കണ്ടാണ് താനും പരീക്ഷണത്തിനു സന്നദ്ധനായതെന്ന് രഘുനാഥൻ. 7 കൊല്ലം മുൻപ് ഇടവിളയായി 100 ജാതി വച്ചു. ഈ വർഷം 4 ലക്ഷം രൂപയാണ് അതിൽനിന്നു വരുമാനം. 400 മരങ്ങൾ വിളവിലേക്കെത്തുന്നു. തേങ്ങയ്ക്ക് ഒന്നിന് 10 രൂപ മാത്രമാണ് ഇപ്പോൾ വില. എങ്കിലും രഘുനാഥനു വേവലാതിയില്ല. പൊള്ളാച്ചിയിലെ കോട്ടൂർ മാർക്കറ്റിൽ  ജാതിക്കുരുവിനു ലഭിച്ചത് കിലോയ്ക്ക് 460 രൂപയാണ്. പത്രിക്ക് 2,500 രൂപയും. ഇടനിലക്കാരില്ലാതെ നേരിട്ടു കച്ചവടക്കാർ വാങ്ങുന്നതുകൊണ്ട് ചൂഷണവുമില്ല. വളരുന്തോറും ജാതിക്കു വരുമാനം വർധിക്കുകയും ചെയ്യും.

rakhunath-palakkad-web

ഒന്നാന്തരം കൂട്ടുകെട്ട്  

ചിറ്റൂർ കോളജിൽനിന്ന് ബോട്ടണിയിൽ നേടിയ ബിരുദവുമായാണ് രഘുനാഥൻ കാൽ നൂറ്റാണ്ടു മുൻപ് പാരമ്പര്യകൃഷി ഏറ്റെടുത്തത്. അന്നൊന്നും തെങ്ങിന് ഇടവിളയെന്നു ചിന്തിച്ചിട്ടേയില്ല. എന്നാൽ, അക്കാലത്തുതന്നെ ജൈവകൃഷിയിലേക്കു തിരിഞ്ഞു. രാസവളത്തിനു വില കൂടുന്നതാണ് അതിനു കാരണമായത്. അന്നത്തെക്കാൾ എത്രയോ മടങ്ങാണ് ഇന്നു രാസവളവില. അക്കണക്കില്‍ ജൈവകൃഷിക്കു നേട്ടം വലുതെന്ന് രഘുനാഥൻ. കാലിവളം നൽകിയും പുതയിട്ടും ജൈവാംശം നിറഞ്ഞ മണ്ണിൽ ജാതി നന്നായി വളരുകയും വിളയുകയും ചെയ്തു. എത്ര കൊടിയ വേനലിലും രഘുനാഥിന്റെ തോട്ടത്തിലെ മണ്ണിലുണ്ട് മണ്ണിരകളും ഈർപ്പവും. തെങ്ങിന്റെ മടലും ചൂട്ടുമെല്ലാം തടത്തിനു ചുറ്റും വരമ്പുപോലെ കൂട്ടി മുകളിൽ മണ്ണിട്ട് ദ്രവിക്കാൻ വിടുന്നു. 2 മാസംകൊണ്ട് ഈ ജൈവാവശിഷ്ടങ്ങൾ നന്നായി പൊടിഞ്ഞ് തെങ്ങിനും ജാതിക്കുമെല്ലാം വളമാകും. 

രണ്ടിടത്തായി 20 ഏക്കറിലാണ് രഘുനാഥന്റെ തെങ്ങുകൃഷി. അതിൽ 10 ഏക്കറില്‍ ഇടവിളയായി ജാതി. 1300ന് അടുത്ത് തെങ്ങുകൾ. അതിലൊരു പങ്ക് 60 വർഷം പ്രായമെത്തിയവ. എല്ലാറ്റിനും മികച്ച ഉൽപാദനം. സംസ്ഥാന കൃഷിവകുപ്പിന്റെ 2022ലെ കേരകേസരി പുരസ്കാര ജേതാവു കൂടിയാണ് രഘുനാഥൻ. എല്ലാവരും ഹൈബ്രിഡ് തെങ്ങിന് പിന്നാലെ പോയപ്പോൾ രഘുനാഥൻ സ്വന്തം തോട്ടത്തിലെ നാടൻതെങ്ങുകളുടെ വിത്തെടുത്ത് തൈകളാക്കിയാണ് കൃഷി വിപുലീകരിച്ചത്. ഹൈബ്രിഡ് ഇനങ്ങൾ വച്ച തോട്ടങ്ങൾ പലതും രോഗ–കീടബാധ നേരിടുമ്പോൾ നാടൻതെങ്ങിനെ അതൊന്നും ഏശുന്നില്ലെന്ന് രഘുനാഥൻ. തെങ്ങൊന്നിന് ആണ്ടിൽ 140 തേങ്ങയാണ് ശരാശരി വിളവ്. പുതുതായി വച്ച തെങ്ങുകൾക്ക് 10–12 വർഷം പ്രായമെത്തിയപ്പോഴായിരുന്നു ആദ്യ ഘട്ട ജാതിക്കൃഷി. അതുകൊണ്ടു ജാതിക്ക് സൂര്യപ്രകാശ ലഭ്യതയും തണലും ഉറപ്പാക്കാനായി. 

വലിയ വിലയ്ക്കു ജാതിയുടെ ബഡ് തൈകൾ വാങ്ങാനും തുനിഞ്ഞില്ല. നാടൻ തൈകൾ വാങ്ങി നട്ടു വളർത്തി മികച്ച ഇനത്തിന്റെ കമ്പ് ശേഖരിച്ച് ഫീൽഡ് ബഡിങ് നടത്തി. ഇങ്ങനെ വളർത്തിയെടുത്ത മരങ്ങളെല്ലാംതന്നെ കുരുവിന്റെയും പത്രിയുടെയും കാര്യത്തിൽ മികച്ച ഗുണനിലവാരം പുലർത്തുന്നുണ്ട്. തെങ്ങിനും ജാതിക്കും കൂട്ടായി സമീപകാലത്ത് കമുകും നട്ടു. കമുക് താങ്ങുമരമാക്കി കുരുമുളകുകൃഷിയാണ് അടുത്ത ലക്ഷ്യം. വെള്ളത്തിനായി ഇത്ര കാലവും കുഴൽക്കിണറായിരുന്നു ആശ്രയമെങ്കിൽ ഇന്ന് പാലക്കാട്  ജില്ലയിൽ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി നടപ്പാക്കിയ സാമൂഹിക സൂഷ്മ ജലസേചന പദ്ധതി പ്രകാരം ആളിയാർ വെള്ളം സമൃദ്ധം. ജാതി ഉൾപ്പെടെയുള്ള ഇടവിളക്കൃഷിക്ക് ഇവിടെ ആവേശം പകർന്നത് ഈ പദ്ധതിയാണെന്നും രഘുനാഥൻ.

rakhunath-palakkad-2
ഫാമിലെ മലിനജലം ശേഖരിക്കാൻ പ്രത്യേക കുളം

ജൈവവളം അളവില്ലാതെ

സംസ്ഥാനത്ത് പശു–പന്നി ഫാമുകൾ പലതും പരിസരമലിനീകരണത്തിന്റെ പേരിൽ പഴി കേൾക്കുമ്പോൾ ഇക്കാര്യത്തിലും വിജയക്കൂട്ട് ഒരുക്കുന്നു രഘുനാഥൻ. ഈ കൃഷിയിടത്തോടു ചേർന്നാണ് അയൽക്കാരന്റെ 100 പശുക്കളുള്ള ഫാം. ഇവിടത്തെ ചാണകവും മൂത്രവും തൊഴുത്തു കഴുകുന്ന വെള്ളവുമെല്ലാം എത്തുന്നത് രഘുനാഥന്റെ കൃഷിയിടത്തിലെ വലിയ കുളത്തിൽ. 2 ലക്ഷം രൂപ മുടക്കിലാണ് ഈ സൗകര്യമൊരുക്കിയത്. ഫാമുടമയ്ക്ക് മാലിന്യമെന്ന തലവേദന ഒഴിവായി. രഘുനാഥന് ആവശ്യത്തിനു ജൈവ വളവും ലഭ്യമായി.

ഫോൺ: 9846944310

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com