ലഭിച്ചത് ഒരു ടണ്ണോളം ഉണക്കക്കുരുമുളക്; റബറിനൊപ്പം കുരുമുളകു പരീക്ഷിച്ച് യുവകർഷകൻ
Mail This Article
‘വിലയിടിഞ്ഞതോടെ റബർകൃഷിയിൽ നേട്ടം ഗണ്യമായി കുറഞ്ഞു. എങ്കിലും നിത്യം ആദായം നൽകുന്ന വിളകൾ റബർപോലെ വേറെയില്ല. അതുകൊണ്ടു റബർ പൂർണമായി ഒഴിവാക്കാതെ, റബറിനു യോജിച്ച ഇടവിളകളെക്കുറിച്ചു ചിന്തിച്ചു. കുരുമുളകിലെത്തുന്നത് അങ്ങനെ. ടാപ്പ് ചെയ്യുന്ന മരത്തിൽ വളരുന്ന, 4 വർഷം പ്രായമായ കുരുമുളകുചെടിയിൽനിന്ന് ഇപ്പോൾ ശരാശരി ഒരു കിലോ ഉണക്ക കുരുമുളകു ലഭിക്കുന്നുണ്ട്. ഇന്നത്തെ വിപണിവില വച്ച് ആണ്ടിൽ ശരാശരി 630 രൂപയുടെ കുരുമുളക്. വർഷം 100 ടാപ്പിങ് നടത്തുന്ന ഒരു റബറിൽനിന്നുള്ള ആകെ വരുമാനവും ഇത്ര തന്നെ. ഫലത്തിൽ, റബർത്തോട്ടത്തിലെ വരുമാനം ഇരട്ടിയാക്കുന്നു ഇടവിളയായ കുരുമുളക്’. റബറിൽ പടർന്നു കയറി സമൃദ്ധമായി കായ്ക്കുന്ന കുരുമുളകുവള്ളികൾ ചൂണ്ടി സുദീപ് പറയുന്നു.
മികച്ച വിളവിലെത്തിയവ മുതൽ ഈ വർഷം നട്ടതുൾപ്പെടെ ഏകദേശം 1,700 കുരുമുളകുചെടികളുണ്ട് ഇരിട്ടി കേളകം വെള്ളൂന്നിയിലെ എം.എസ്.സുദീപിന്റെ തോട്ടത്തിൽ. ഒട്ടേറെ ചെടികൾ ഇനിയും വിളവിലെത്താനുണ്ടെങ്കിലും കഴിഞ്ഞ വർഷം ഈ തോട്ടത്തിൽനിന്ന് ഒരു ടണ്ണിനടുത്ത് ഉണക്ക കുരുമുളക് ലഭിച്ചെന്നു സുദീപ്. ഈ വർഷം വില കുതിച്ചു കയറിയതു കൂടുതൽ നേട്ടമായി.
ജോലിക്കൊപ്പം കൃഷി
പേര്യയിൽ ഹെൽത്ത് സർവീസില്‍ ഉദ്യോഗസ്ഥനായ സുദീപ് ജോലി കിട്ടിയിട്ടും കൃഷിതാൽപര്യം വിട്ടില്ല. ഒഴിവുസമയങ്ങളിലും അവധി ദിവസങ്ങളിലും കൃഷിയിടത്തിലെത്തും. 6 ഏക്കറിൽ ഒന്നരയേക്കർ റബർ സ്ലോട്ടർ ടാപ്പിങ്ങിലെത്തിയപ്പോഴാണ് കുരുമുളകു പരീക്ഷിക്കുന്നത്. പന്നിയൂർ കുരുമുളകു ഗവേഷണകേന്ദ്രത്തിൽനിന്നു ലഭിച്ച അറിവുകളുടെ കൂടി അടിസ്ഥാനത്തിൽ കൃഷി തുടങ്ങി. 8 വർഷം മുൻപ് 250 മരങ്ങളിൽ പന്നിയൂർ–1 ഇനം പരീക്ഷിച്ചു. എന്നാൽ, റബറിന്റെ ചോല(shade)യിൽ പന്നിയൂർ 1 ന്റെ വളര്‍ച്ചയും വിളവും മികച്ചതല്ലെന്നു കണ്ടു. സ്ലോട്ടർ ടാപ്പിങ് കഴിഞ്ഞതോടെ റബർമരങ്ങളുടെ തലക്കം മുറിച്ച് ചോല നീക്കി. ആവർത്തനക്കൃഷി ഒഴിവാക്കി റബർത്തോട്ടം കൊടിത്തോട്ടമാക്കി. ഒപ്പം റബറിനിടയിൽ കൂടുതൽ താങ്ങുകാലുകൾ നട്ട് കരിമുണ്ട, പന്നിയൂർ എന്നിവ ഉൾപ്പെടെ കൂടുതൽ കുരുമുളകിനങ്ങൾ പരീക്ഷണാർഥം കൃഷിയിറക്കി.
വെട്ടു മുടങ്ങാതെ
നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ, ആവർത്തനക്കൃഷി ചെയ്ത ബാക്കി സ്ഥലത്ത്, വെട്ടു തുടങ്ങി 4 വർഷമായ മരങ്ങളിൽ 400 എണ്ണത്തിൽ പന്നിയൂർ 5, പന്നിയൂർ 2, നാടൻ ഇനമായ ‘ഹൈറേഞ്ച്’ എന്നിവ ഘട്ടം ഘട്ടമായി കൃഷി ചെയ്തു. മൂന്നിനവും ചോലയിൽ നന്നായി വളരുകയും ഉൽപാദനം നൽകുകയും ചെയ്തു. രോഗപ്രതിരോധശേഷിയിൽ ഏറ്റവും മുന്നില്‍ ‘ഹൈറേഞ്ച്’ ആണെന്നു ബോധ്യപ്പെട്ടെന്നും സുദീപ്.
ടാപ്പ് ചെയ്യുന്ന തോട്ടത്തിൽ, റബറിന്റെ ചുവട്ടിൽനിന്ന് രണ്ടര അടി മാറ്റി ഒരടി ആഴത്തിൽ കുഴിയെടുത്താണ് കുരുമുളകുകൃഷി. ഇവിടെനിന്ന് റബറിന്റെ ആറടി പൊക്കത്തിലേക്ക് ചെറിയൊരു ശീമക്കൊന്ന താങ്ങു കാലായി നൽകി വള്ളി പടർത്തുന്നു. മരത്തിന്റെ ചുവടും വെട്ടുപട്ടയുമെല്ലാം സ്വതന്ത്രമായി നിൽക്കുന്നതിനാൽ ടാപ്പിങ്, റെയിൻ ഗാർഡിങ് എന്നിവയ്ക്കൊന്നും തടസ്സമില്ല. കുരുമുളകിനു നൽകുന്ന വളത്തിലൊരു പങ്ക് റബർ വലിച്ചെടുക്കാമെന്നതിനാൽ കുരുമുളകിനു കൂടുതൽ തവണ വളം നൽകി പോരായ്മ നികത്തുന്നു.
റബറിനെ ഉപേക്ഷിക്കാതെ അധിക വരുമാനത്തിനു പറ്റിയ ഇടവിള കുരുമുളകു തന്നെയെന്നു സുദീപ്. എന്നാൽ, ഒരോത്തിടത്തും യോജിച്ച ഇനം കണ്ടെത്താന്‍ ഏറെ ക്ഷമയും ശ്രമവും വേണം. തൊഴിലാളി ക്ഷാമമുള്ള ഇടങ്ങളിൽ വിളവെടുപ്പും പ്രയാസമാകും. കുരുമുളകിന്റെ രോഗബാധയാണ് മറ്റൊരു പ്രശ്നം. മീലിബഗ്, ഇലപ്പേൻ, തണ്ടഴുകൽ, സാവധാന വാട്ടം എന്നിവ തന്റെ തോട്ടത്തിലും ഭീഷണിയാണെന്നു സുദീപ്. നിത്യവും തോട്ടത്തിലെത്തുന്നതിനാൽ തുടക്കത്തിൽത്തന്നെ എല്ലാം കണ്ടെത്തി പ്രതിരോധിക്കാൻ കഴിയുന്നു. രോഗസാധ്യത നേരത്തേ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുക കുരുമുളകുകൃഷിയിൽ ഏറ്റവും പ്രധാനമെന്നും സുദീപ്.
മത്സരമൊഴിവാക്കാം
റബറിനിടയിൽ കുരുമുളകുചെടി കടുത്ത മത്സരം നേരിടും എന്നതാണ് ഇടവിളയാക്കുമ്പോള്‍ പ്രധാന പോരായ്മയെന്ന് അമ്പലവയൽ കേരള കാർഷിക സർവകലാശാല പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം ഡീനും അസോഷ്യേറ്റ് ഡയറക്ടറുമായ ഡോ. യാമിനിവർമ. ചുറ്റുപാടും വേരുകൾ പടർത്തി വളവും വെള്ളവുമെല്ലാം വേഗത്തിൽ വലിച്ചെടുക്കുന്ന റബറിന്റെ വേരുപടലത്തോട് അടുപ്പിച്ച് കുരുമുളകുചെടി നടുമ്പോൾ ഈ മത്സരം ദോഷം ചെയ്യും. വടക്കൻ ജില്ലകളിൽ ചില കർഷകർ രണ്ടു മരങ്ങൾക്കു നടുവിൽ ശീമക്കൊന്ന നട്ട് ക്രമേണ റബറിലേക്കു പടർത്തി കുരുമുളകുകൃഷി നടത്തുന്നുണ്ട്. ഇത് റബറിന്റെ അധിനിവേശം കുറയ്ക്കും. റബറിന്റെ ചുവട്ടിൽനിന്ന് അൽപം മാറിയും നനയും വളവും ആവശ്യത്തിനു നൽകിയും കുരുമുളക് ഇടവിളയാക്കുന്നതാണു നല്ലത്. ഇരുപതു വർഷത്തോളം മികച്ച വിളവു നൽകുന്നവയാണ് പന്നിയൂർ ഇനങ്ങൾ. ആവർത്തനക്കൃഷിക്കായി റബർത്തോട്ടം വെട്ടി നീക്കുമ്പോള്‍ കുരുമുളകുകൃഷിയും അവസാനിപ്പിക്കേണ്ടിവരും എന്ന പോരായ്മയും കാണണം.
തുറസ്സായ സ്ഥലങ്ങളിലേക്കാണ് പന്നിയൂർ 1 ഇനം നിർദേശിക്കപ്പെട്ടിരിക്കുന്നത്. തണലിലും ഈയിനം നല്ല ഉൽപാദനം നൽകും. എന്നാല്‍, പന്നിയൂർ 5 തണലിൽ മികച്ച വിളവു നൽകുന്ന ഇനമാണ്. റബറിന് ഇടവിളയാക്കുമ്പോൾ ഓരോ പ്രദേശത്തെയും മണ്ണിനും ഭൂപ്രകൃതിക്കും യോജിച്ച ഇനം കണ്ടെത്താനും ശ്രദ്ധിക്കണം.
ഫോൺ: 9447853554 (സുദീപ്)