ADVERTISEMENT

ജനിച്ചു വീഴുന്ന കന്നുകുട്ടികൾക്ക് ശരാശരി 30 കിലോ തൂക്കം ഉണ്ടാവണം. ഈ തൂക്കമുള്ള കുട്ടിക്ക് 4 കിലോ പാൽ ദിവസവും നൽകുകയും വേണം. ദിവസവും നൽകേണ്ട പാൽ രണ്ടു നേരമായി നൽകാം. കറന്നെടുത്ത ഉടനേ ഇളം ചൂടോടെതന്നെ പാൽ നൽകുന്നതാണ് ഉത്തമം. ബോട്ടിൽ അല്ലെങ്കിൽ ബക്കറ്റുകളിൽ പാൽ നിറച്ച് കന്നുകുട്ടികളുടെ തല മുകളിലേക്ക് വരത്തക്ക വിധത്തിൽ വേണം നൽകാൻ. കന്നുകുട്ടികൾ ജനിക്കുമ്പോൾ അവയുടെ ആമാശയം പൂർണ തോതിൽ വികാസം പ്രാപിച്ചിട്ടുണ്ടാവില്ല. അതായത് പശുക്കളുടെ ആമാശയത്തിന്റെ നാല് അറകളിൽ പ്രധാനപ്പെട്ട റൂമൻ അഥവാ പണ്ടം എന്നറിയപ്പെടുന്ന ഭാഗം കന്നുകുട്ടികളിൽ വികാസം പ്രാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കുടിക്കുന്ന പാൽ പണ്ടത്തിൽ കയറാതെ അബോമാസം എന്ന അറയിലേക്ക് നേരിട്ട് എത്തുന്നു. അബോമാസത്തിലേക്കു പാൽ പോകാതെ പൂർണമായും വികാസം പ്രാപിക്കാത്ത പണ്ടത്തിലേക്ക് എത്തുമ്പോഴാണ് കന്നുകുട്ടികളിൽ ദഹനപ്രശ്നങ്ങൾ സംഭവിക്കുന്നത്. ജനിച്ച് പത്തു ദിവസം ആകുമ്പോഴേക്ക് ചെറിയ അളവിൽ കാഫ് സ്റ്റാർട്ടർ തീറ്റയും നൽകിത്തുടങ്ങണം. 

ഫീഡിങ് ബോട്ടിൽ ഉപയോഗിച്ച് പാൽ നൽകുന്നു. ഫോട്ടോ∙ കർഷകശ്രീ
ഫീഡിങ് ബോട്ടിൽ ഉപയോഗിച്ച് പാൽ നൽകുന്നു. ഫോട്ടോ∙ കർഷകശ്രീ

റൂമന്റെ വളർച്ച എത്രത്തോളം വേഗത്തിലാക്കാൻ കഴിയുന്നുവോ അത്രത്തോളം വേഗത്തിൽ പശുക്കുട്ടിയുടെ വളർച്ചയും സാധ്യമാകും. അതുകൊണ്ടുതന്നെ പാലും സാന്ദ്രിത തീറ്റയായ പെല്ലെറ്റും കൂടാതെ ധാരാളം ശുദ്ധജലവും കുടിക്കാൻ കന്നുകുട്ടികൾക്ക് അവസരം നൽകണം. ഇങ്ങനെ കുടിക്കുന്ന വെള്ളം റൂമനിൽ എത്തി അതിന്റെ വികാസത്തിന് വഴിയൊരുക്കുന്നു. ഈ പ്രായത്തിൽ പുല്ലോ വൈക്കോലോ കൊടുക്കേണ്ടതില്ല. 

കന്നുകുട്ടികളെ ഒറ്റയ്ക്ക് പാർപ്പിക്കുന്നതാണ് ശാസ്ത്രീയ കന്നുകുട്ടി പരിപാലനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഒന്ന്. കൂട്ടത്തോടെ വളരുന്ന കുട്ടികൾ പരസ്പരം നക്കുകയും മറ്റൊന്നിന്റെ രോമം അകത്താക്കുകയും ചെയ്യാം. 

ചുരുക്കത്തിൽ

  • 28 ദിവസം വരെ – 4 ലീറ്റർ പാൽ
  • 35 ദിവസം വരെ – 3 ലീറ്റർ പാൽ
  • 42 ദിവസം വരെ – 2 ലീറ്റർ പാൽ
  • 56 ദിവസം വരെ – 1 ലീറ്റർ പാൽ

56 ദിവസം ആകുമ്പോഴേക്ക് പാൽ പൂർണമായും നിർത്താം. അപ്പോൾ സാന്ദ്രിത തീറ്റയ്‌ക്കൊപ്പം പുല്ല് ചെറുതായി അരിഞ്ഞ് നൽകാം. ഈ പ്രായത്തിൽ സ്റ്റാർട്ടറിൽനിന്ന് ഗ്രോവറിലേക്ക് മാറാം. ഒപ്പം യഥേഷ്ടം വെള്ളവും നൽകണം. ഈ പ്രായത്തിൽ ഒരേ വലുപ്പമുള്ള കുട്ടികളെ കൂട്ടമായി വളർത്താം. പക്ഷേ, മൂന്നു കുട്ടികളിൽ കൂടുതൽ ഒരുമിച്ചാവരുത്.

വിശദമായി അറിയാൻ അനിമൽ ന്യുട്രീഷൻ, പ്രത്യുൽപാദനം എന്നീ മേഖലകളിൽ വിദഗ്ധനായ ഡോ. ഏബ്രഹാം മാത്യുവിന്റെ വിഡിയോ ക്ലാസ് കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT