ADVERTISEMENT

വീട്ടുമുറ്റത്ത് പത്തു മൂടു കപ്പ നട്ടാൽ വിളവെടുക്കാറാകുമ്പോൾ ബുദ്ധിമുട്ടുന്നവരാണ് പലരും. ഉറച്ച മണ്ണിൽ ആഴത്തിൽ വളരുന്ന കപ്പക്കിഴങ്ങുകൾ പുറത്തേക്കെടുക്കുക അത്ര എളുപ്പമല്ല. പരമ്പരാഗ രീതിയിലാണെങ്കിൽ തണ്ടു വെട്ടി ചുവടിളക്കി ഉയർത്തിയെടുക്കുകയായിരുന്നെങ്കിൽ ഇന്ന് അതിന് ആരോഗ്യമുള്ളവർ നന്നേ കുറവ്. അതുകൊണ്ടുതന്നെ വിവിധ ടപ്പിയൊക്ക പ്ലക്കറുകൾ കർഷകർ തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അത്തരത്തിലൊരു ടപ്പിയൊക്ക പ്ലക്കർ പരിചയപ്പെടുത്തുകയാണ് കോട്ടയം ജില്ലയിലെ ഞീഴൂർ സ്വദേശികളായ ഏബ്രഹാം തടത്തിലും സാബുവും. കൃഷിവകുപ്പിൽനിന്ന് ജോയിന്റ് ഡയറക്ടറായി വിരമിച്ചശേഷം കൃഷിയും പൊതുപ്രവർത്തനവുമൊക്കെയായി മുൻപോട്ടു പോകുന്നതിനിടെയാണ് ഏബ്രഹാമിന് കപ്പ വിളവെടുക്കുന്ന ഉപകരണം എന്നതിനെക്കുറിച്ചൊരു ആശയം മനസിലുദിച്ചത്.

ടെലിസ്കോപിക് ടപ്പിയൊക്ക പ്ലക്കർ ഉപയോഗിച്ച് കപ്പ വിളവെടുക്കുന്നു
ടെലിസ്കോപിക് ടപ്പിയൊക്ക പ്ലക്കർ ഉപയോഗിച്ച് കപ്പ വിളവെടുക്കുന്നു

കാർഷിക മേഖലയിൽനിന്നും പലരും വിട്ടുപോയത് അധ്വാനത്തിനൊത്തുള്ള വരുമാനം ലഭിക്കുന്നില്ല എന്നതുകൊണ്ടുതന്നെ. അതേസമയം, ഈ മേഖലയിലേക്ക് യുവാക്കളുടെ കടന്നുവരവും കുറവ്. അതുകൊണ്ടുതന്നെ പരമ്പരാഗത വിളയായ കപ്പ കൃഷി ചെയ്യുന്നവർക്ക് അനായാസം വിളവെടുക്കാൻ സാധിക്കുന്ന വിധത്തിലുള്ള ഒരു ഉപകരണമായിരുന്നു മനസിൽ. ഏതു പ്രായക്കാർക്കും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ടെലിസ്കോപിക് ടപ്പിയൊക്ക പ്ലക്കർ അങ്ങനെ പിറവിയെടുത്തു. ഏബ്രഹാം തടത്തിലിന്റെ സുഹൃത്തായ സാബുവാണ് കേവലം 5 കിലോയിൽ താഴെ മാത്രം തൂക്കമുള്ള ഈ കപ്പവിളവെടുപ്പ് ഉപകരണം നിർമിച്ചത്.

കപ്പയുടെ ചുവടിന്റെ ബലം അനുസരിച്ച് ഉപകരണത്തിന്റെ നീളം വർധിപ്പിക്കാം എന്നതാണ് പ്രധാന സവിശേഷത. അതുകൊണ്ടുതന്നെ ഏതു പ്രായക്കാർക്കും അനായാസം വിളവെടുക്കാൻ സാധിക്കും. ഇക്കാര്യം 82 വയസുള്ള ഏബ്രഹാം സാർ തന്നെ കപ്പ പിഴുത് കാണിച്ചുതരികയും ചെയ്തു. 

tapioca-plucker-3

പ്രവർത്തനം ലളിതം

ഏകദേശം 3 അടി നീളമുള്ള ചതുര പൈപ്പിനുള്ളിൽ അത്രതന്നെ വലുപ്പമുള്ള മറ്റൊരു പൈപ്പ് കൂടി ഉറപ്പിച്ചിരിക്കുന്നതിനാൽ ടെലിസ്കോപിക് രീതിയിൽ ഉപയോഗിക്കാം. ഇതിൽ ഉറപ്പിച്ചിരിക്കുന്ന ഹുക്കിലേക്ക് കപ്പയുടെ ചുവട്ടിൽ കെട്ടിയ കയർ കോർത്താണ് കപ്പ ഉയർത്തുക. 1000 രൂപയ്ക്ക് ഇത് കർഷകർക്ക് വിൽക്കാറുണ്ടെന്ന് സാബു പറഞ്ഞു. 

ഫോൺ: 9656150803 (ഏബ്രഹാം തടത്തിൽ), 9446140721 (സാബു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com