ADVERTISEMENT

എച്ച്എഫ് എന്ന ചുരുക്കപ്പേരിൽ നമ്മൾ വിളിക്കാറുള്ള ഹോൾസ്റ്റൈൻ ഫ്രീഷ്യനും ജേഴ്സിയുമാണ് അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു ഡെയറി ഇനങ്ങൾ അഥവാ ബ്രീഡുകൾ. രണ്ടിനും അവരവരുടേതായ മെച്ചങ്ങളുണ്ടെന്നും നമുക്കറിയാം. യുഎസിലെ മിഷിഗൺ സ്റ്റേറ്റ് സർവകലാശാലയിലെ അനിമൽ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഈ രണ്ടിനങ്ങളിൽ ഏതാണ് കൂടുതൽ ലാഭം നൽകുന്നതെന്നറിയാൻ ഒരു പഠനം നടത്തിയിരിക്കുന്നു. നോർത്ത് സെൻട്രൽ അമേരിക്കയിലെ മൂന്നു ഫാമുകളിൽനിന്ന് ശേഖരിച്ച വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചത്. ഈ ഫാമുകളിലെ സാഹചര്യത്തിൽ ഒരു വർഷം ഒരു ഹോൾസ്റ്റൈൻ പശുവിൽ നിന്ന് ശരാശരി 456 ഡോളർ ലാഭം ജേഴ്സിയേക്കാൾ അധികം ലഭിക്കുന്നതായി ഈ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നു. ജേഴ്സിയെ വളർത്താൻ ചെലവ് കുറവാണെന്ന കണ്ടെത്തലും ഒപ്പമുണ്ട്.

ലാഭമാണല്ലോ പശുവളർത്തലിന്റെ മുഖ്യലക്ഷ്യം. ഉയർന്ന തീറ്റച്ചെലവും പാലിന്റെ വിലയിലെ അസ്ഥിരതയുമാണ് അമേരിക്കയിലെ കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികൾ. ആകെ 90 ലക്ഷം പശുക്കളാണ് അമേരിക്കയിലുള്ളത്. ഇതിൽ 92.3 ശതമാനം ഹോൾസ്റ്റൈനും, 7.9 ശതമാനം ജേഴ്സിയും, 11.8 ശതമാനം സങ്കരയിനവുമാണ്. ഹോൾസ്റ്റൈനാണ് പ്രധാനമായും വളർത്തപ്പെടുന്നതെങ്കിലും ജേഴ്സിയുടെ എണ്ണത്തിൽ വർധനയുള്ളതായി കണക്കുകൾ പറയുന്നു. അതിനാലാണ് ഇത്തരമൊരു താരതമ്യ പഠനത്തിന് സർവകലാശാല മുൻകൈയെടുത്തത്.

Holstein Friesian heifer. Image credit: dropStock/ShutterStock
Holstein Friesian heifer. Image credit: dropStock/ShutterStock

പഠനത്തിനായി തിരഞ്ഞെടുക്കപ്പെട്ട മൂന്നു ഫാമുകൾ ഓരോന്നിലും അഞ്ഞൂറിലധികം പശുക്കളാണ് ഉണ്ടായിരുന്നത്. മൂന്നു ഫാമുകളിലും കൂടിയുള്ള പശുക്കളിൽ 79 ശതമാനം ഹോൾസ്റ്റൈനും 21 ശതമാനം ജേഴ്സിയുമായിരുന്നു. ജേഴ്സിപ്പശുക്കളുടെ ശരാശരി പ്രതിദിന ഉൽപാദനം 27 കിലോഗ്രാമും എച്ച്എഫിന്റേത് 37 കിലോഗ്രാമുമായിരുന്നു. ജേഴ്സിയുടെ പാലിൽ കൊഴുപ്പും പ്രോട്ടീനും യഥാക്രമം 4.92, 3.85 ശതമാനമായിരുന്നപ്പോൾ ഹോൾസ്റ്റൈൻ ഇനത്തിൽ അത് 3.85, 3.17 ശതമാനം എന്ന ക്രമത്തിലായിരുന്നു. കൊഴുപ്പിന്റെയും പ്രോട്ടീന്റെയും അളവിൽ ജേഴ്സിക്ക് മെച്ചമുണ്ടായിരുന്നെങ്കിലും അറ്റാദായം കണക്കാക്കിയപ്പോൾ ഒരു എച്ച്എഫ് പശുവിൽ നിന്ന് ഒരു വർഷം 345 ഡോളർ മുതൽ 601 ഡോളർ വരെ അധികലാഭം ലഭിക്കുന്നു. ഒരു കിലോഗ്രാം പാലെടുത്താൽ കൂടുതൽ കൊഴുപ്പും പ്രോട്ടീനും ജേഴ്സിക്ക് കൂടുതലാണെങ്കിലും ഒരു പശുവിൽ നിന്ന് ഒരു വർഷം കിട്ടുന്ന കണക്കു നോക്കിയപ്പോൾ എച്ച്എഫ് യഥാക്രമം 13, 22 ശതമാനം കൊഴുപ്പും പ്രോട്ടീനും അധികം നൽകുന്നുവെന്നാണ് കണക്ക്. ഹോൾസ്റ്റൈന്റെ പാലുൽപാദനം ജേഴ്സിയേക്കാൾ 23 ശതമാനത്തോളം കൂടുതലാണെന്നതാണ് ഇതിന്റെ കാരണം. 

പാലിന്റെ ഘടകങ്ങളുടെ അധിക ഉൽപാദനമാണ് എച്ച്എഫ് ലാഭകരമാകാനുള്ള മുഖ്യഘടകമെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിൽ പാലിന്റെ അളവിനേക്കാൾ വില നിർണ്ണയത്തിൽ പ്രധാനം പാലിലെ ഘടകങ്ങളുടെ അളവാണെന്നതോർക്കുക. കൊഴുപ്പ്, പ്രോട്ടീൻ, കൊഴുപ്പും ഫാറ്റുമല്ലാത്ത ഖരപദാർഥങ്ങൾ എന്നിവയാണ് വില നിർണ്ണയത്തിൽ മുഖ്യമായ ഘടകങ്ങൾ. 

ഒരു ജേഴ്സി പശുവിനെ പരിപാലിക്കാനുള്ള വാർഷികച്ചെലവ് എച്ച്എഫിനേക്കാൾ 517 മുതൽ 740 ഡോളർ വരെ കുറവാണെന്ന് കണക്കാക്കപ്പെട്ടു. കിടാരികളെ വളർത്തുന്ന ചെലവ് കുറവായിരുന്നെങ്കിലും അവയുടെ ആദ്യ പ്രസവങ്ങൾ വൈകിയതിനാൽ കാര്യമായ മെച്ചമുണ്ടായില്ല. മൊത്തത്തിൽ നോക്കുമ്പോൾ  ജേഴ്സിയെ വളർത്തുമ്പോൾ തീറ്റച്ചെലവു താരതമ്യേന കുറവായിരുന്നെങ്കിലും വരുമാനം കൂടുതൽ ഹോൾസ്റ്റെയിനായിരുന്നു എന്നതിനാൽ ലാഭക്കണക്കിൽ എച്ച്എഫ് മുന്നിലാണെന്ന് പഠനം സംഗ്രഹിക്കുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com