ADVERTISEMENT

മികച്ച പാലുൽപാദനം ഉണ്ടാകുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വലിയ വില നൽകി വാങ്ങി പശുക്കൾ പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ല എന്നു പറഞ്ഞ് പരാതിപ്പെടുന്ന കർഷകർ ഏറെയാണ്. എന്നാൽ, നല്ല പാലുൽപാദനമുള്ള പശുക്കളെ സ്വന്തം ഫാമിൽ ജനിപ്പിച്ചെടുക്കണമെന്നു പറയുകയാണ് കോട്ടയം മന്നാനം പീടികവാലിയിൽ പി.ജെ.തോമസ്. ഓരോ കർഷകനും നല്ലൊരു ബ്രീഡറാകണം എന്നാണ് തോമസിന്റെ പക്ഷം. മികച്ച വംശപാരമ്പര്യവും പാലുൽപാദനവുമുള്ള പശുക്കളെ സ്വന്തം ഫാമിൽ വളർത്തിയെടുക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ കർഷകന് ഇനിയുള്ള കാലത്ത് നിലനിൽപ്പുള്ളൂവെന്നും പ്രവാസം അവസാനിപ്പിച്ച് ക്ഷീരമേഖലയിലേക്ക് തിരിഞ്ഞ തോമസ് പറയുന്നു.

പശുക്കൾക്കൊപ്പം തോമസ്
പശുക്കൾക്കൊപ്പം തോമസ്

പ്രവാസത്തിൽനിന്ന് പശുവളർത്തലിലേക്ക്

18 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് അഞ്ചു വർഷം മുൻപ് നാട്ടിലെത്തിയപ്പോഴാണ് പശു പരിപാലനത്തിലേക്ക് തിരിഞ്ഞത്. എല്ലാ തിരക്കുകളും വിട്ട് സ്വസ്ഥമായി ഇരിക്കാം എന്നു കരുതിയാണ് ഒരു പശുവിനെ വാങ്ങിയത്. പിന്നീട് പശുപരിപാലനത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ ശ്രമിച്ചു. തുടർന്ന് നല്ല ഉരുക്കളെ സ്വന്തമായി വളർത്തിയെടുക്കാനുള്ള ആഗ്രഹത്തിൽ ബ്രീഡിങ്ങിലേക്ക് ശ്രദ്ധിച്ചു. ഇതിനിടെ നല്ല കിടാക്കളെ ലഭിക്കുന്നതിനായി ഭ്രൂണമാറ്റ സാങ്കേതികവിദ്യ പരീക്ഷിച്ചെങ്കിലും അത് പരാജയപ്പെട്ടു. തുടർന്ന് ശരീര വലുപ്പം കുറഞ്ഞ മികച്ച പാലുൽപാദനമുള്ള ജഴ്സിപ്പശുക്കളെ പഞ്ചാബിൽനിന്ന് മാന്നാനത്തെത്തിച്ചു. അവയിൽ വേൾഡ് വൈഡ് സെമെൻ (WWS) കമ്പനിയുടെ മികച്ച ജേഴ്സിക്കാളകളുടെ ബീജം ആധാനം ചെയ്ത് ജനിച്ച നല്ല കന്നുകുട്ടികളെ വളർത്തി വലുതാക്കി തൊഴുത്തിലെ സ്വത്താക്കി മാറ്റിയിരിക്കുകയാണ് തോമസിപ്പോൾ. നല്ല കന്നുകുട്ടികളെ ലഭിച്ചതോടെ പശുക്കളെ വിൽക്കുകയും ചെയ്തു. ഇത്തരത്തിൽ ജനിച്ച മൂന്നു പേർ ഉൾപ്പെടെ 7 ഉരുക്കളാണ് ഇന്ന് തോമസിന്റെ തൊഴുത്തിലുള്ളത്. ഒന്നര വയസ് പിന്നിട്ട മൂന്നു ജേഴ്സിക്കുട്ടികളും ചെനയിലാണ്. ഇവരിൽ എബിഎസിന്റെ ഇംപോർട്ടഡ് ജേഴ്സി സെക്സ്ഡ് സെമെൻ ആണ് കുത്തിവച്ചിരിക്കുന്നത്. ഒരാൾ അടുത്ത മാസം പ്രസവിക്കും. വളരെ കുറച്ചു പശുക്കളെ പരിപാലിക്കുക, ഉള്ളവ മികച്ചതാ‌യിരിക്കണം എന്നതാണ് തോമസിന്റെ ആശയം. മാത്രമല്ല മറ്റാരുടെയും സഹായമില്ലാതെ പരിചരിക്കാനും കഴിയണം.

വലുപ്പത്തിലല്ല കാര്യം

ശരീര വലുപ്പം കൂടിയെന്നുകരുതി നല്ല പാലുൽപാദനം ലഭിക്കണമെന്നില്ലെന്നു തോമസ്. വലുപ്പം കൂടുംതോറും പരിപാലനച്ചെലവ് ഉയരും. അതുകൊണ്ടുതന്നെ ശരീരവലുപ്പം അനുസരിച്ചുള്ള പാലുൽപാദനം ലഭിച്ചില്ലെങ്കിൽ നേട്ടമില്ല. എന്നാൽ, ചെറിയ പശുക്കൾക്ക് കുറഞ്ഞ തീറ്റ മതി. അപ്പോൾ ചെലവ് കുറയും. ഒരാൾക്ക് തനിയെ കൈകാര്യം ചെയ്യാവുന്ന വിധത്തിൽ പശുക്കളുടെ എണ്ണം ക്രമീകരിക്കുകയും ചെയ്തിരിക്കുന്നു.

കർഷകൻ ബ്രീഡറാകണം

ഫാമിലെ പാൽ കുറഞ്ഞാൽ പുതിയ പശുവിനെ അന്വേഷിക്കുന്നവരാണ് പല കർഷകരും. വാങ്ങുന്നവയിൽ പലതിനും പിന്നീട് പാൽ ലഭിക്കാത്ത സ്ഥിതിയും. ഫാമിലെ നല്ല പശുക്കളെ തിരഞ്ഞെടുത്ത് അവയിൽനിന്ന് മികച്ച തലമുറയെ വാർത്തെടുക്കാനാണ് ഓരോ കർഷകനും ശ്രദ്ധിക്കേണ്ടത്. അതിനു നല്ല കാളയുടെ ബീജമായിരിക്കണം കുത്തിവയ്‌ക്കേണ്ടത്. നിർഭാഗ്യവശാൽ കിട്ടുന്നതെന്തോ അത് കുത്തിവയ്ക്കുന്ന ബ്രീഡിങ് രീതിയാണ് നമ്മുടേത്. സങ്കരയിനത്തിൽ സങ്കരയിനം വീണ്ടും കുത്തിവയ്ക്കപ്പെടുമ്പോൾ അടുത്ത തലമുറയിൽ കാര്യമായ നേട്ടം കർഷകനു ലഭിക്കില്ല. പാലുൽപാദനം കുറഞ്ഞ പശുക്കളെ വളർത്തി ഇനിയുള്ള കാലത്ത് മുൻപോട്ടു പോകാനും കഴിയില്ല. അതുകൊണ്ടുതന്നെ, നമ്മുടെ കൈവശമുള്ള സങ്കരയിനം പശുക്കളിൽ ശുദ്ധജനുസിൽപ്പെട്ട നല്ല കാളകളുടെ ബീജം കുത്തിവച്ച് ജനിക്കുന്ന കുട്ടിയിൽ അതേ ഇനത്തിലെ മറ്റൊരു കാളയുടെ ബീജം കുത്തിവച്ച് (ഇൻബ്രീഡിങ് ഒഴിവാക്കണം, ഇതു സാധ്യമാകണമെങ്കിൽ റെക്കോർഡ് സൂക്ഷിക്കണം) ഘട്ടം ഘട്ടമായി മാത്രമേ പാലുൽപാദനം ഉയർത്താൻ കഴിയൂ.

കെട്ടിവയ്ക്കാത്ത, കുളിക്കാത്ത പശുക്കൾ

തന്റെ തൊഴുത്തിൽ ജനിച്ചു വളർന്ന പശുക്കുട്ടികളെ തോമസ് കെട്ടിയിടാറില്ല. മാത്രമല്ല പശുക്കളെ കുളിപ്പിക്കുന്ന രീതിയുമില്ല. കുളിപ്പിക്കുന്നതിലൂടെ നമ്മുടെ സമയം നഷ്ടപ്പെടും അധ്വാനം കൂടും. ചാണകം യഥാസമയം തൊഴുത്തിൽനിന്ന് കോരി മാറ്റും. ചാണകമിടുന്ന സ്ഥലത്ത് പശുക്കുട്ടികൾ കിടക്കാറുമില്ല. ആഴ്ചയിൽ ഒരിക്കൽ തൊഴുത്ത് കഴുകും. തൊഴുത്തിലെ ജലോപയോഗം പരിമിതമായതുകൊണ്ടുതന്നെ തൊഴുത്തും പരിസരവും എപ്പോഴും വൃത്തിയായിരിക്കും. 

ഒരുമിച്ച് ബീജാധാനം, പ്രസവം, കറവ

പശുക്കളുടെ പരിപാലനത്തിന്റെ കാര്യത്തിൽ തോമസ് അൽപം വ്യത്യസ്തനാണ്. സെപ്റ്റംബർ മാസത്തോടെയാണ് പശുക്കളിൽ സാധാരണ ബീജാധാനം നടത്തുക. അങ്ങനെ ചെയ്യുമ്പോൾ മാർച്ചിൽ പശുക്കൾ വറ്റു കറവയിലേക്ക് പോകും. വേനൽക്കാലത്ത് പച്ചപ്പുല്ലിന്റെ ലഭ്യത കുറയുന്ന സമയത്ത് പരിപാലനം എളുപ്പമാകും. ജൂൺ–ജൂലൈയോടുകൂടി പ്രസവങ്ങൾ നടക്കുകയും ചെയ്യും. ഒരു ഡെയറി ഫാമിൽനിന്ന്  സ്ഥിരവരുമാനം പ്രതീക്ഷിക്കുമ്പോൾ തന്റെ ഈ രീതി പിൻതുടരാൻ കഴിയില്ല. എന്നാൽ, തന്നെ സംബന്ധിച്ചിടത്തോളം എല്ലാ പശുക്കളും ഒരേ അവസ്ഥയിൽ നിൽക്കുമ്പോൾ പരിപാലനം, തീറ്റ നൽകൽ, കറവ എന്നിവയെല്ലാം എളുപ്പമാണെന്നും തോമസ്.

കന്നുകുട്ടി പരിപാലനം

നല്ല ബീജം മാത്രം കുത്തിവച്ചതുകൊണ്ടുമാത്രമായില്ല ജനിക്കുന്ന കന്നുകുട്ടികളെ നല്ല രീതിയിൽ പരിപാലിക്കുകയും വേണം. ആദ്യത്തെ മൂന്നു മാസം കുട്ടികൾക്കു വേണ്ടത്ര പരിചരണം ലഭിച്ചില്ലെങ്കിൽ അവ മികച്ച വളർച്ചയും ഭാവിയിൽ പാലുൽപാദനവും കാഴ്ചവയ്ക്കില്ല. ജനിച്ചു വീഴുന്ന സ്ഥലവും പിന്നീട് പാർപ്പിക്കുന്ന സ്ഥലവും വൃത്തിയുള്ളതും ഈർപ്പമില്ലാത്തതും ആയിരിക്കണം. അതിനൊപ്പം ഒരു പശുക്കുട്ടി രണ്ടു മാസംകൊണ്ട് 300 ലീറ്റർ പാലെങ്കിലും കുടിച്ചിരിക്കണമെന്നാണ് തോമസിന്റെ അഭിപ്രായം. മാത്രമല്ല അഞ്ചാം ദിവസം മുതൽ കാഫ് സ്റ്റാർട്ടർ നൽകിത്തുടങ്ങും. മികച്ച പരിപാലനമുണ്ടെങ്കിൽ 15 മാസം പ്രായത്തിൽ ജേഴ്സി 250 കിലോയിലെങ്കിലും എത്തിയിരിക്കും. അപ്പോൾ ആദ്യ ബീജാധാനം നടത്താം. രണ്ടാം വയസിൽ ആദ്യ പ്രസവം സാധ്യമാവുകയും ചെയ്യും.

ഫീഡ് മാനേജ്മെന്റ് പ്രധാനം

നാലു തരം തീറ്റകൾ താൻ കൊടുക്കാറുണ്ടെന്ന് തോമസ് പറയുന്നു. ആദ്യത്തെ മൂന്നു മാസം വരെ കാഫ് സ്റ്റാർട്ടർ, അതിനു ശേഷം 10 മാസം വരെ കിടാരികൾക്കുള്ള തീറ്റ, ഇതിനു ശേഷം കിടാരിക്ക് സാന്ദ്രിത തീറ്റ നൽകുന്നത് എട്ടു മാസം ചെനയുള്ളപ്പോഴാണ്. എട്ടാം മാസം കൊടുക്കുക ട്രാൻസിഷൻ ഫീഡാണ്. ഇതിന് ഇടയിൽ നല്ല രീതിയിൽ പച്ചപ്പുല്ല് അല്ലെങ്കിൽ സൈലേജ് മാത്രം കൊടുക്കും. പ്രസവിച്ച് 10 ദിവസത്തിനകം ട്രാൻസിഷൻ ഫീഡ് മാറ്റി പാലുൽപാദനത്തിനുള്ള തീറ്റ നൽകിത്തുടങ്ങും. മേൽപ്പറഞ്ഞ നാലു തരം തീറ്റകളും തോമസ് സ്വന്തമായി തയാറാക്കുന്നു എന്നതാണ് പ്രത്യേകത. 

ആദ്യത്തെ മൂന്നു മാസം കന്നുകുട്ടികൾക്ക് പാലിനൊപ്പം കാഫ് സ്റ്റർട്ടറും ചെറിയ തോതിൽ വൈക്കോലും നൽകും. തുടർന്ന് അഞ്ചു മാസം വരെ പുല്ല്, വൈക്കോൽ, സൈലേജ് എന്നിവ നൽകും. അഞ്ചാം മാസം മുതൽ പ്രസവം അടുക്കുന്നതു വരെ സൈലേജ് മാത്രമാണ് നൽകുക. സൈലേജിന് ലഭ്യതക്കുറവ് വന്നാൽ പുല്ല് അല്ലെങ്കിൽ പൈനാപ്പിൾ ഇല നൽകും.

ഫോൺ: 9496267917 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com