3000 പശുക്കൾ, ഫാം ടു ഹോം വിതരണം, ‘പശുക്കളുടെ അഭിമാനം’; അംബാനി കുടുംബം പാൽ വാങ്ങുന്ന ഫാമിലെ പ്രത്യേകതകൾ
Mail This Article
പാലിന്റെ പോഷകഗുണങ്ങളേക്കുറിച്ച് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. അതുകൊണ്ടുതന്നെ പാൽ വിപണിക്കും ഡെയറി വ്യവസായത്തിനും വലിയ സാധ്യതയുണ്ട്. പാലിന്റെ ഗുണനിലവാരത്തിനു പ്രാധാന്യം നൽകുന്ന ഫാമുകൾ തിരഞ്ഞു പോകാൻ ഉപഭോക്താക്കൾക്കും താൽപര്യം. ഏതായാലും പറഞ്ഞുവരുന്നത് പൂനയിലെ ഒരു ഡെയറി ഫാമിനെക്കുറിച്ചാണ്. 3000 ഹോൾസ്റ്റീൻ ഫ്രീഷ്യൻ പശുക്കളുള്ള എല്ലാ ആധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുള്ള, ഒരേ സമയം 50 പശുക്കളുടെ കറവ സാധ്യമാക്കുന്ന മിൽക്കിങ് പാർലറുള്ള ഡെയറി ഫാം – ഭാഗ്യലക്ഷ്മി ഹൈ ടെക് ഡെയറി ഫാം.
ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനി കുടുംബം ഉപയോഗിക്കുന്നത് ഈ ഡെയറി ഫാമിൽനിന്നുള്ള പാലാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ലോകത്തിൽ ഏറ്റവും കൂടുതൽ പാലുൽപ്പാദിപ്പിക്കുന്ന പശുവിനമായ ഹൊൾസ്റ്റീൻ ഫ്രീഷ്യൻ (എച്ച്എഫ്) പശുക്കൾ ഉൽപാദിപ്പിക്കുന്ന പാലാണ് അംബാനി കുടുംബം ഉപയോഗിക്കുന്നത്.
സന്തോഷമുള്ള പശുക്കളിൽനിന്ന് നല്ല പാൽ
35 എക്കറിൽ പരന്നു കിടക്കുന്ന ഭാഗ്യലക്ഷ്മി ഡെയറിയിൽ അത്യുൽപാദനശേഷിയുള്ള 3000 എച്ച്എഫ് പശുക്കളുണ്ട്. സന്തോഷമുള്ള പശുക്കളിൽനിന്നാണ് നല്ല പാൽ ലഭിക്കുക എന്നാണ് കമ്പനിയുടെ വിശ്വാസം. അതുകൊണ്ടുതന്നെ മികച്ച സൗകര്യത്തിലാണ് ഈ പശുക്കളെ പരിപാലിക്കുന്നത്. പശുക്കളുടെ സന്തോഷത്തിനു പ്രാധാന്യം നൽകി വലിയ ഷെഡ്ഡുകളിൽ ഫ്രീ റേഞ്ച് രീതിയിലാണ് പാർപ്പിച്ചിരിക്കുന്നത്. തീറ്റ നൽകുന്നത് ടിഎംആർ രീതിയിൽ. റിവേഴ്സ് ഓസ്മോസിസ് വഴി ശുദ്ധീകരിച്ച ജലം എപ്പോഴും ലഭ്യം. ഓരോ പശുവിന്റെയും ആരോഗ്യമുൾപ്പെടെയുള്ള കാര്യങ്ങൾ നിരന്തരം നിരീക്ഷിക്കാൻ സംവിധാനവുമുണ്ട്. അതുപോലെ വൃത്തിക്കും പ്രാധാന്യമേറെ.
മനുഷ്യകരസ്പർശമില്ലാതെ പൂർണമായും യന്ത്രസഹായത്തോടെയാണ് കറവ. ഒരേ സമയം 50 പശുക്കളുടെ കറവ നടത്താൻ കഴിയുന്ന റോട്ടറി മിൽക്കിങ് പാർലറാണ് ഇവിടെയുള്ളത്. കറവയ്ക്കൊപ്പം തന്നെ ശീതീകരണ സംവിധാനത്തിലെത്തുന്ന പാൽ 4 ഡിഗ്രി സെൽഷ്യസ് താപനിലയിലേക്ക് എത്തിക്കുന്നു. കറവയ്ക്കു ശേഷം 8–10 മണിക്കൂറിനുള്ളിൽ പാൽ ഉപഭോക്താക്കളുടെ പക്കൽ എത്തുന്നു എന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ഭാരം കുറഞ്ഞ, ആകർഷകമായ രൂപത്തിലുള്ള, കൃത്രിമം സാധ്യമാക്കാൻ കഴിയാത്ത വിധത്തിലുള്ള പെറ്റ് ബോട്ടിലുകളിലാണ് പാൽ വിതരണം. ചുരുക്കിപ്പറഞ്ഞാൽ സിംഗിൾ ഒറിജിൻ ഫ്രഷ് മിൽക്ക് ഉപഭോക്താക്കൾക്ക് ലഭിക്കുന്നു.
സിംഗിൾ ഒറിജിൻ
ഒരു സ്ഥലത്തുനിന്നുള്ള പാൽ മാത്രം വിൽക്കുന്ന ആശയമാണ് ഭാഗ്യലക്ഷ്മിയുടെ സ്വന്തം ബ്രാൻഡ് ആയ പ്രൈഡ് ഓഫ് കൗസ് മുൻപോട്ടു വയ്ക്കുന്നത്. സാധാരണ പല കമ്പനികളും സ്ഥാപനങ്ങളും പല കർഷകരിൽനിന്നും പാൽ സംരംഭരിച്ച് കൂട്ടിക്കലർത്തിയാണ് വിൽപന നടത്തുക. എന്നാൽ, ഒരു ഫാമിൽ മാത്രം ഉൽപാദിപ്പിച്ച് വിൽക്കുന്നതിനാൽ പാലിന്റെ സ്ഥിരതയും ഗുണമേന്മയും ഉയർന്നതായിരിക്കും. ഈ ആശയമാണ് പ്രൈഡ് ഓഫ് കൗസിന്റെ വളർച്ചയ്ക്ക് ചുക്കാൻ പിടിച്ചത്. അതിനൊപ്പം തന്നെ ‘പ്രീമിയം ഫ്രഷ് മിൽക്ക്’ ഫാമിൽനിന്ന് വീട്ടിലേക്ക് എന്ന രീതിയിലാണ് വിതരണം.