ADVERTISEMENT

കേരളത്തിൽ ഭൂമി പാട്ടത്തിനെടുത്ത് വിപുലമായി കൃഷി നടത്തുന്നവർ നേരിടുന്ന പ്രശ്നങ്ങൾ കർഷകശ്രീ മാസിക ചൂണ്ടിക്കാട്ടിയിരുന്നല്ലോ. കാർഷിക മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും കാഴ്ചപ്പാടുകളുമെല്ലാം കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്ത് പങ്കുവയ്ക്കുന്നു. 

ചോദ്യം 2

ആദായകരമായ തോതിൽ (scaling up) ഉൽപാദനം നടത്താൻ കേരളത്തിലെ കൃഷിയിൽ നിയമപരമായ അവസരങ്ങൾ അടഞ്ഞു കിടക്കുകയല്ലേ? കൂടുതൽ വിസ്തൃതിയിൽ ഉൽപാദനം നടത്തുന്നവർക്ക് പ്രോത്സാഹനം നൽകേണ്ടതല്ലേ? 

തീർച്ചയായും, കൃഷിയുടെ വ്യാപ്തിയും തോതും വിസ്തൃതിയും വർധിക്കുമ്പോൾ വരുമാനവും ലാഭവും വർധിക്കും. നമ്മുടെ ഭൂനിയമങ്ങൾ വൻകിട ഭൂസ്വാമികളെ നിരുൽസാഹപ്പെടുത്തുന്ന രീതിയിലാണ് എഴുതപ്പെട്ടിട്ടുള്ളത്. കാർഷികവൃത്തിയെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന കഴിഞ്ഞ നൂറ്റാണ്ടിലെ കേരള സമൂഹത്തിലെ സാമൂഹിക അസമത്വങ്ങൾ പരിഹരിക്കാൻ ജന്മിത്ത വ്യവസ്ഥിതിയെ തൂത്തെറിയേണ്ടത് ആവശ്യമായിരുന്നു. എന്നാൽ ഇന്ന് ജന്മിത്തം ഇല്ല. കുത്തകകൾ കൃഷി ഭൂമിയെക്കാൾ സ്റ്റോക്ക് മാർക്കറ്റിലും ക്രിപ്റ്റോ കറൻസിയിലും നിക്ഷേപിക്കുന്ന കാലമാണ് ഇന്ന്. അസമത്വത്തിന്റെ സ്വഭാവം തന്നെ മാറി. വൈകാതെ ഭൂനിയമങ്ങൾ കാലത്തിനനുസരിച്ച് പരിഷ്കരിക്കുകയും യഥാർഥത്തിൽ ‘കൃഷി ചെയ്യുന്ന’ കർഷകന് കൂടുതൽ ഭൂമി ലഭ്യമാകുമെന്നുമാണ് പ്രതീക്ഷ.

ആധുനിക കൃഷിയുടെ സ്വഭാവം മാറിയതും വിസ്മരിക്കരുത്‌. ‘മൺസൂണിലെ ചൂതാട്ടം’ എന്ന് ഒരു കാലത്ത് വിശേഷിക്കപ്പെട്ടിരുന്ന ഭാരതത്തിലെ കൃഷി ശാസ്ത്രീയമായി ഏറെ പുരോഗമിച്ചു. കൃഷിയുമായി ബന്ധപ്പെട്ട് പല ബിസിനസ്സുകളും ഉയർന്നു വന്നു. ഏറ്റവും ശാസ്ത്രീയവും ലാഭകരവുമായി കൃഷി ചെയ്യുന്ന ചെറുപ്പക്കാരുടെ സ്റ്റാർട്ടപ്പുകൾക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമിയുടെ പോലും ഉടമസ്ഥാവകാശമില്ല. ‘സ്പെഷലൈസേഷന്റെ’ യുഗത്തിൽ നന്നായി കൃഷി ചെയ്യാൻ ഭൂവുടമയാവേണ്ടതില്ല എന്ന് സാരം. ‘അസറ്റ് ഫ്രീ’ ബിസിനസാണ് എല്ലായിടത്തും. നമ്മൾ കാലത്തിനനുസരിച്ച് മാറി ചിന്തിക്കണം.

നാം മനസിലാക്കേണ്ടത് ഭൂമി സംബന്ധിച്ച്‌ സമാനമായ പല നിയമങ്ങളും നൂലാമാലകളും ഇതരസംസ്ഥാനങ്ങളിലും ഉണ്ട് എന്നതാണ്. കെ.കെ.ജോസഫ് അതൊക്കെ അവിടെ ചാടിക്കടക്കുന്നുണ്ട് എന്നു മാത്രം. നിയമപരമായി തടസങ്ങളുണ്ടെന്ന് വിശ്വസിക്കുന്നതിനെക്കാൾ നിയമപരമായ കടമ്പകൾ കടക്കാനുള്ള മിടുക്ക് എല്ലാവരും  കാണിക്കുന്നില്ല എന്നാണ് എന്റെ ഒരിത്. നിയമങ്ങൾ തടസമായി കണ്ടിരുന്നെങ്കിൽ നൂറുകണക്കിന് ഏക്കറിൽ ലാഭകരമായ പൈനാപ്പിൾ കൃഷി ഇവിടെ നടക്കില്ലല്ലോ. 

തുടരും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com