കാടിറങ്ങുന്ന ആനയ്ക്കും പാൽ തരുന്ന പശുവിനും പുല്ലുവേണം; പാവം പശു പുല്ല് തിന്നോട്ടെ
Mail This Article
കാലിത്തീറ്റകൾ ഏല്ലാവിധ പോഷകങ്ങളും അടങ്ങിയവയാണ്. എന്നാൽ, നാരിന്റെ അപര്യാപ്തത കന്നുകാലികളിലെ പാൽ ഉൽപാദനത്തെ സാരമായി ബാധിക്കും. കന്നുകാലികൾക്ക് ദിവസം അവയുടെ ശരീരഭാരത്തിന്റെ 10 ശതമാനം പച്ചപ്പുല്ല് തീറ്റയായി നൽകണം. പുല്ലിൽ 25 മുതൽ 30 ശതമാനം നാരുകൾ അടങ്ങിയിട്ടുണ്ട്, ദഹനത്തിന് നാരുകൾ (ഫൈബർ ) അത്യാവശ്യമാണ്.
കാലാവസ്ഥയ്ക്ക് യോജിച്ച ഒട്ടേറെ ഹൈബ്രിഡ് തീറ്റപ്പുല്ലിനങ്ങൾ കേരളത്തിൽ കൃഷിചെയ്യുന്നുണ്ട്. കാർഷിക സർവകലാശാലയുടെ കീഴിലുള്ള വെള്ളായണി കാർഷിക കോളജിൽ പ്രവർത്തിക്കുന്ന ഓൾ ഇന്ത്യ കോ–ഓർഡിനേറ്റഡ് റിസർച് പ്രോജക്ട് ഓൺ ഫോറേജ് ക്രോപ്സ് ആൻഡ് യൂട്ടിലൈസേഷന്റെ ഗവേഷണഫലമായി പുറത്തിറക്കിയ ഹൈബ്രിഡ് തീറ്റപ്പുല്ല് ഇനങ്ങളാണ് (സങ്കര നേപ്പിയർ) സുഗുണ, സുപ്രിയ, സുസ്ഥിര. ഇവ വർഷം ഹെക്റ്ററിന് 250–300 ടൺ വിളവ് തരുന്നുണ്ട്.
മൂന്നു മുട്ടുകളുള്ള തണ്ടുകളാണ് നടീൽ വസ്തുവായി ഉപയോഗിക്കുന്നത്. നീർവാർച്ചയുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം കൃഷിക്ക് തിരഞ്ഞെടുക്കണം. ഉയർന്ന വാരങ്ങൾ കോരിയാണ് കമ്പുകൾ നടേണ്ടത്. കേരളത്തിലെ സാഹചര്യത്തിൽ പുരയിടങ്ങളിൽ ഇടവിളയായി പുൽകൃഷി ചെയ്യാം. വീട് ഒഴികെ 7 സെന്റ് ഭൂമിയുണ്ടെങ്കിൽ ഒരു പശുവിനെ വളർത്താം എന്നാണ് കണക്ക്. കൃഷിയിടത്തിൽ നീർവാർച്ച നല്ലതെങ്കിലും തീറ്റപ്പുല്ലിനമായ പാരപ്പുല്ല് വെള്ളക്കെട്ട് ഒരു പരിധിവരെ പ്രതിരോധിക്കുന്നതാണ്. ചെടികളും വരികളും തമ്മിൽ 60 സെന്റിമീറ്റർ അകലം ആവശ്യമാണ്. തണ്ടുകൾ അൽപം ചെരിച്ച് നടുന്നത് മഴവെള്ളം ഇറങ്ങി തണ്ടുകൾ കേടുവരാതിരിക്കാൻ സഹായിക്കും.
ഏക്കറിന് 10 ടൺ കാലിവളം അല്ലെങ്കിൽ കംപോസ്റ്റ് കൂടാതെ ഫാക്ടംഫോസോ രാജ്ഫോസോ 100 കിലോഗ്രാം, പൊട്ടാഷ് 30 കിലോഗ്രാം എന്നിവ അടിവളമായി നൽകണം. കായികവളർച്ചയ്ക്ക് നൈട്രജൻ അടങ്ങിയ വളങ്ങളാണ് ആവശ്യം എന്നതുകൊണ്ട് യൂറിയയോ പണച്ചെലവ് കുറഞ്ഞ ബയോഗ്യാസ് സ്ലറിയോ നേർപ്പിച്ച ചാണകമോ ഗോമൂത്രമോ (പത്തിരട്ടി വെള്ളത്തിൽ നേർപ്പിച്ച്) വളമായി ഉപയോഗിക്കാം. ആവശ്യാനുസരണം ജലസേചനം നൽകുകയും വേണം. തീറ്റപ്പുൽ കൃഷിക്ക് പത്രപോഷണം നിർദേശിക്കുന്നുണ്ട്. നല്ലവിളവിന് പഴക്കമില്ലാത്ത ഗോമൂത്രമോ യൂറിയയോ ഉപയോഗിക്കണം.
തീറ്റപ്പുൽ കൃഷി ആരംഭിച്ച് 75–ാം ദിവസം ആദ്യ വിളവെടുപ്പ് നടത്താം. പിന്നീട് ഓരോ 45 ദിവസത്തിലും വിളവെടുക്കാനാകും. ഓരോ വിളവെടുപ്പിനുശേഷവും വളം നൽകണം. അതായത് ഒരു ചെടിയിൽനിന്ന് വർഷം ആറു മുതൽ എട്ടു വരെ തവണ വരെ അഞ്ചു വർഷത്തേക്ക് ആദായം ലഭിക്കും.
കർഷകർക്ക് കാലത്തീറ്റച്ചെലവ് കുറയ്ക്കുന്നതോടൊപ്പം പുല്ല്, നടീൽ വസ്തു (തണ്ട്) വിൽപനയിലൂടെ കാലിവളർത്തൽ ലാഭകരമാക്കാൻ സാധിക്കും. കാര്യമായ പരിപാലനച്ചെലവോ കീടങ്ങളോ, രോഗങ്ങളോ തീറ്റപ്പുൽ കൃഷിയെ ബാധിക്കുന്നില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. ക്ഷീര വികസനവകുപ്പിനു കീഴിൽ കർഷകർക്ക് ഓരോ ക്ഷീര വികസന യൂണിറ്റിലും തീറ്റപ്പുൽ കൃഷി പ്രൊമോട്ടറുടെ സേവനം ലഭ്യമാണ്. ksheerasree.kerala.gov.in പോർട്ടൽ വഴി കർഷകർക്ക് കൃഷിക്ക് അപേക്ഷിക്കാം.
ഭക്ഷ്യശൃംഖലയിലെ ഒഴിവാക്കാനാവാത്ത ഒന്നാണ് പുല്ലുവർഗ്ഗങ്ങൾ. ആന കാട്ടുപോത്ത് തുടങ്ങിയവയ്ക്ക് കൂടാതെ കടുവയ്ക്കും പുലിക്കും ഭക്ഷണമാകുന്ന മാനിനും മുയലിനും പുല്ലുവേണം. വനപുനരുജ്ജീവനത്തിന് പുല്ലുവർഗ്ഗങ്ങൾ ഒഴിവാക്കാവുന്നതല്ല. നീർച്ചാലുകളുടെ അരികുസംരക്ഷിക്കുന്നതിനും വരമ്പുകൾ ബലപ്പെടുത്തുന്നതിനും പുല്ലിനങ്ങൾ ഉപയോഗിക്കാം.
വിലാസം: അസിസ്റ്റന്റ് പ്രഫസർ അഗ്രോണമി, അഗ്രോണമിക് റിസർച് സ്റ്റേഷൻ ചാലക്കുടി (കെഎയു)